ADVERTISEMENT

ഇന്ത്യയിൽ നിന്നും ഏറ്റവും വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള സാഹിത്യങ്ങളിലൊന്നാണ് പഞ്ചതന്ത്രം കഥകൾ. 550 എഡിയിൽതന്നെ പേർഷ്യൻ ഭാഷയിലേക്ക് പഞ്ചതന്ത്രം വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ജാതക കഥകളുമായി രീതിയിലും ഘടനയിലും സാമ്യം പുലർത്തുന്ന പഞ്ചതന്ത്രം കഥയുടെ ഉദ്ഭവം സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളിലുണ്ട്. ഒരു രാജാവിന്‌റെ നാല് ആൺമക്കളെ മിടുക്കൻമാരാക്കാനായി നിയോഗിക്കപ്പെട്ട വിഷ്ണുശർമനാണ് കഥകളുടെ ഉപജ്ഞാതാവ് എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഐതിഹ്യം. അഞ്ച് വാള്യങ്ങളായി 84 കഥകളാണ് പഞ്ചതന്ത്രത്തിലുള്ളത്. ആദിമ ഇന്ത്യയിൽ നിന്നു ലോകസാഹിത്യത്തിലേക്കു നൽകപ്പെട്ട ഒരു രത്‌നമാണ് പഞ്ചതന്ത്രം എന്നു ചില  വിദഗ്ധർ അഭിപ്രായപ്പെടുന്നു.പഞ്ചതന്ത്രത്തിലെ പല കഥകളും നമുക്ക് ചിരപരിചിതമാണ്. കഥയ മമയുടെ ഈ എപ്പിസോഡിൽ ഒരു പഞ്ചതന്ത്രം കഥ കേൾക്കാം. 

ഒരിക്കൽ ആദിത്യൻ എന്നൊരു ചെറുപ്പക്കാരൻ ഒരു കൊടുംവനത്തിലൂടെ പോകുകയായിരുന്നു. ഇടതൂർന്നു വൃക്ഷങ്ങൾ നിന്ന ആ കാട്ടിലെ പാതയിലൂടെയാണ് ആദിത്യന്റെ സഞ്ചാരം. അങ്ങനെ മുന്നോട്ടു പോയ ആദിത്യന് നല്ല ദാഹം അനുഭവപ്പെട്ടു. ഭാഗ്യമെത്ര പെട്ടെന്നാണ് മുന്നിൽവരുന്നത്. ആദിത്യൻ കാട്ടിൽ ഒരു കിണർ കണ്ടു. എന്നാലൽപം വെള്ളം കുടിച്ചുകളയാം എന്നു വിചാരിച്ച് ആദിത്യൻ കിണറിനരികിലെത്തി. പെട്ടെന്നയാൾ ഞെട്ടിപ്പോയി. ഒരു മനുഷ്യനും ഒരു കടുവയും ഒരു പാമ്പും കിണറ്റിൽ വീണു കിടക്കുന്നു. എല്ലാവരും തങ്ങളെ രക്ഷിക്കേണമേയെന്ന് ആദിത്യനോട് അപേക്ഷിച്ചു. അയാൾ പതറി നിന്നു. മനുഷ്യനെ രക്ഷിക്കുന്നതിനു കുഴപ്പമില്ല. എന്നാൽ കടുവയെയും പാമ്പിനെയും രക്ഷിച്ചാൽ അവർ തന്നെ ഉപദ്രവിക്കുമോ.

aditya-forest-adventure-panchatantra-story3
Image Credit: This image was generated using Midjourney

ഉപദ്രവിക്കില്ലെന്ന് അവർ പറഞ്ഞതു കേട്ട് രക്ഷിക്കാൻ ആദിത്യൻ തീരുമാനിച്ചു. അവൻ ഒരു നീളമുള്ള കയർ കിണറിലേക്ക് ഇട്ടു കൊടുത്തു. ആദ്യമായി പുറത്തുവന്നത് കടുവയാണ്. കാട്ടിലാണു തന്റെ വീടെന്നും ഇനി കാടുവഴി പോകുമ്പോൾ തന്റെ വീട്ടിൽ വരണമെന്നും പറഞ്ഞ് കടുവ പോയി. അടുത്തതായി എത്തിയത് പാമ്പായിരുന്നു. നന്ദിയുണ്ടെന്നും എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ തന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞ് പാമ്പും പോയി. അടുത്തതായി മനുഷ്യനെയാണ് പുറത്തെത്തിച്ചത്. താനൊരു സ്വർണപ്പണിക്കാരനാണെന്ന് ആദിത്യനോട് പറഞ്ഞ അയാൾ, നഗരത്തിലെത്തുമ്പോൾ തന്നെ കാണണമെന്നു പറഞ്ഞു നടന്നു നീങ്ങി. പിന്നീടൊരിക്കൽ കാടുവഴി പോയപ്പോൾ ആദിത്യൻ കടുവയുടെ ഗുഹ സന്ദർശിച്ചു. തന്റെ പഴയ രക്ഷകനെ കണ്ട് കടുവ സന്തോഷിക്കുകയും കാട്ടുപഴങ്ങളും മറ്റും നൽകി സത്കരിക്കുകയും ചെയ്തു. തിരിച്ചുപോകാനൊരുങ്ങുമ്പോൾ കടുവ കുറച്ച് സ്വർണാഭരണങ്ങൾ ആദിത്യനു നൽകി. അതുമായി ആദിത്യൻ നഗരത്തിലെത്തി. താൻ രക്ഷിച്ച സ്വർണപ്പണിക്കാരനെ കാണാനായിരുന്നു ആ വരവ്. നടന്നു ക്ഷീണിച്ചുവന്ന ആദിത്യനെ സ്വർണപ്പണിക്കാരൻ പഴച്ചാർ നൽകി സ്വീകരിച്ചു.

aditya-forest-adventure-panchatantra-story2
Image Credit: This image was generated using Midjourney

ആദിത്യൻ അയാളെ സ്വർണാഭരണങ്ങൾ കാട്ടി, ഇത് ഉരുക്കി സ്വർണനാണയങ്ങളാക്കി തരണമെന്ന് അഭ്യർഥിച്ചു. സ്വർണപ്പണിക്കാരൻ അതു വാങ്ങി. അയാൾ ഞെട്ടിപ്പോയി. അയാൾ തന്നെ പണിത ആഭരണങ്ങളായിരുന്നു അത്. രാജാവിന്‌റെ സഹോദരനായാണ് അതു പണിതത്. ഈ രാജസഹോദരനെ കാട്ടിൽ കാണാതായിട്ട് കുറെക്കാലമായിരുന്നു. അദ്ദേഹത്തെപ്പറ്റി വിവരങ്ങൾ തരുന്നവർക്ക് രാജാവ് വൻ തുക പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സ്വർണപ്പണിക്കാരന്റെ ഉള്ളിൽ ആർത്തി മൂത്തു. ആദിത്യനെ കാട്ടിക്കൊടുത്താൽ ആ പാരിതോഷികം തനിക്കു കിട്ടുമെന്ന് അയാൾ ചിന്തിച്ചു. ആദിത്യനെ അവിടെയിരുത്തിയിട്ട് സ്വർണപ്പണിക്കാരൻ കൊട്ടാരത്തിലേക്കു കുതിച്ചു. അവിടെ രാജാവിനെക്കണ്ട്, അദ്ദേഹത്തിന്റെറെ സഹോദരനെ കാട്ടിൽ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നയാളെ തനിക്കു കിട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. രാജാവ് സൈന്യത്തെ അയാളോടൊപ്പം വിട്ടു. അവർ വീട്ടിലെത്തി സ്വർണാഭരണങ്ങൾ പരിശോധിച്ച് രാജസഹോദരന്റേതെന്ന് ഉറപ്പാക്കി. ആദിത്യനെ അവർ പിടികൂടി കൊണ്ടുപോയി. ആദിത്യൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കാതിരുന്ന രാജാവ് അവനെ ജയിലിലടച്ചു.

രക്ഷപ്പെടാൻ ഒരു വഴിയുമില്ല. അന്നേരമാണ് ആദിത്യൻ പാമ്പ് തനിക്കു തന്ന വാഗ്ദാനത്തെക്കുറിച്ച് ഓർത്തത്. അയാൾ പാമ്പിന്റെ പേര് ഉറക്കെവിളിച്ചു. പാമ്പ് തടവറയിലേക്ക് ഇഴഞ്ഞുചെന്നു. ആദിത്യനെ രക്ഷിക്കാൻ പാമ്പ് ഒരു വഴി കണ്ടെത്തി. പാമ്പ് റാണിയുടെ മുറിയിൽ കയറി റാണിയെ കടിച്ചു. വിഷം കയറി റാണി കിടപ്പിലായി. എന്തെല്ലാം ചെയ്തിട്ടും മാർഗമില്ല. റാണിയെ രക്ഷിക്കുന്നവർക്ക് ഇഷ്ടമുള്ള സമ്മാനങ്ങൾ നൽകുമെന്നു രാജാവ് പ്രഖ്യാപിച്ചു. പലരും ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ ആദിത്യൻ രാജാവിനെ ചെന്നു കണ്ട് തനിക്കൊരു അവസരം നൽകാൻ പറഞ്ഞു. രാജാവ് അതു സമ്മതിച്ചു.

ആദിത്യൻ റാണിയുടെ മുറിയിൽ കയറി. അവിടെ ഒളിച്ചിരിക്കുകയായിരുന്ന പാമ്പിനെ വിളിച്ചു വിഷം ഇറക്കിപ്പിച്ചു. ഇതോടെ റാണി തളർച്ച മാറി എഴുന്നേറ്റു. സന്തുഷ്ടനായ രാജാവ് എന്താണ് ആദിത്യനു വേണ്ടതെന്നു ചോദിച്ചു. തനിക്കു പറയാനുള്ളതു കേൾക്കണമെന്ന് ആദിത്യൻ പറഞ്ഞു. പിന്നീട് ആദിത്യൻ എല്ലാ സംഭവങ്ങളും പറഞ്ഞു. തനിക്കു കാട്ടിൽ നിന്ന് എങ്ങനെയാണ് സ്വർണാഭരണങ്ങൾ കിട്ടിയതെന്നും അവൻ രാജാവിനോട് പറഞ്ഞു. വിവരങ്ങൾ മനസ്സിലാക്കിയ രാജാവ് ആദിത്യനെ സ്വതന്ത്രനാക്കി. സ്വർണാഭരണങ്ങളും മറ്റു സമ്മാനങ്ങളും നൽകി യാത്രയാക്കുകയും ചെയ്തു. രണ്ടു സന്ദേശങ്ങളാണ് ഈ കഥ നൽകുന്നത്. ഏതവസ്ഥയായാലും മിത്രങ്ങൾ ഉള്ളത് നല്ലതു തന്നെയെന്നതാണ് ആദ്യ സന്ദേശം. എന്നാൽ നമുക്കു ലഭിക്കുന്ന കൂട്ടുകാർ എല്ലാവരും തന്നെ നമ്മുടെ കൂട്ടുകാരല്ലെന്നതാണ് രണ്ടാമത്തെ സന്ദേശം.

English Summary:

Jungle Treasures and Betrayal: A Panchatantra Tale of Adventure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com