ADVERTISEMENT

ചോദ്യം : എന്റെ മകൻ പത്താം ക്ലാസിലാണു പഠിക്കുന്നത്. ഒരുപാട് വിഷയങ്ങൾ പഠിക്കാനുണ്ട്. സമയം തികയുന്നില്ല എന്ന പരാതി ആണ്. കളിക്കാനും ഉറങ്ങാനും ഒന്നും സമയം ഇല്ല എന്നാണ് അവൻ പറയുന്നത്. എങ്ങനെയാണ് സമയം ശരിയായി ഉപയോഗിക്കേണ്ടത്?

ഉത്തരം : ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന, പ്രത്യേകിച്ച് 10,11,12 ക്ലാസുകളിൽ പഠിക്കുന്ന, ഒരുപാട് കുട്ടികളുടെ പരാതിയാണ് സമയം തികയുന്നില്ല എന്നത്. ഒരുപാട് വിഷയങ്ങൾ പഠിക്കാനുണ്ട്. ഒരുപാട് പ്രധാനപ്പെട്ട പരീക്ഷകൾ. പഠിക്കുന്ന വിഷയങ്ങളിൽ പലതും പിന്നീട് എത്രത്തോളം ആവശ്യമുള്ളതാണ് എന്ന കാര്യത്തിൽ സംശയമുണ്ട്. പക്ഷേ, പത്താം ക്ലാസ് പരീക്ഷ, പ്ലസ് ടു പരീക്ഷ, ഒക്കെ കുട്ടികളുടെ ജീവിതത്തിന്റെ ഗതി നിശ്ചയിക്കുന്നതാണ് എന്നതുകൊണ്ട് നല്ല മാര്‍ക്കോടെ പാസാകുക എന്നത് പ്രധാനമാണ്. കൗമാര പ്രായത്തിലുള്ള കുട്ടികൾ ഒരു ദിവസം 7–8 മണിക്കൂർ ഉറങ്ങണം. ഒരു മണിക്കൂർ എങ്കിലും ശരീരത്തിന് വ്യായാമം നൽകുന്ന കളികളിൽ ഏർപ്പെടണം. ഇവ പഠിത്തം പോലെ തന്നെ പ്രധാനമാണ്. ഇവ ഉൾക്കൊള്ളിച്ചുകൊണ്ട് സമയം ഉപയോഗിക്കുന്നതിന് ഒരു പ്ലാൻ ഉണ്ടാക്കുകയാണു വേണ്ടത്. അനാവശ്യങ്ങൾക്കു ചെലവഴിക്കുന്ന സമയം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഭക്ഷണം കഴിക്കുന്ന സമയം, പഠിക്കുന്ന സമയം, ഉറങ്ങുന്ന സമയം എന്നിവയൊക്കെ ഏകദേശം പ്ലാൻ ചെയ്ത് അതനുസരിച്ച് ചെയ്യുക. അതുപോലെ ടിവി കാണുന്നതിനും പത്രം വായിക്കുന്ന തിനും ഏകദേശ സമയം നിശ്ചയിക്കുക. പട്ടാളച്ചിട്ടയിൽ എല്ലാം ചെയ്യുക എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, ഒരു ദിവസത്തെ സമയം എങ്ങനെ ചെലവഴിക്കുന്നു എന്ന ഒരു ധാരണ ഉണ്ടാക്കുകയാണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്. പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്കു കൂടുതൽ സമയം മാറ്റിവയ്ക്കുക. പഠിക്കുന്ന സമയത്ത് മുഴുവൻ ശ്രദ്ധയും പഠിത്തത്തിൽ കേന്ദ്രീകരിക്കുക. അത് സമയം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാന്‍ സഹായിക്കും. എത്ര സമയം ചെലവഴിക്കുന്നു എന്നതുപോലെ പ്രധാനമാണ്, എങ്ങനെ ചെലവഴിക്കുന്നു എന്നത്. ഇത്തരത്തിൽ ഒരു സമയ പ്ലാൻ ഉണ്ടാക്കുന്നതിന് രക്ഷിതാക്കള്‍ കുട്ടികളെ സഹായിക്കണം
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)

English Summary:

Smart Time Management for High School Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com