ചിലെയിൽ സ്ഥിതി ചെയ്യുന്ന വല്യപ്പൂപ്പൻ മരം! അയ്യായിരത്തിലേറെ വർഷം പഴക്കം
Mail This Article
ചിലെ എന്ന രാജ്യത്തെ പറ്റി കേട്ടിട്ടുണ്ടോ കൂട്ടുകാരെ.? ഫുട്ബോൾ കളിയിലെ വമ്പൻമാരായ അർജന്റീനയും ബ്രസീലുമൊക്കെ സ്ഥിതി ചെയ്യുന്ന തെക്കേ അമേരിക്ക ഭൂഖണ്ഡത്തിലാണ് ചിലെയും സ്ഥിതി ചെയ്യുന്നത്. നീണ്ട ഒരു മുളകുപോലെ തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗത്താണ് ചിലെ സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും തെക്കുഭാഗത്തുള്ള രാജ്യമെന്നു പേരുള്ള ചിലെയിൽ ഭൗമശാസ്ത്രപരമായി സവിശേഷതകളുള്ള നിരവധി സ്ഥലങ്ങളുണ്ട്. പാറ്റഗോണിയൻ മരുഭൂമിയും ആൻഡിസ് പർവതനിരകളുമൊക്കെ ഇവിടെ ഉൾപ്പെടും. ഇപ്പോൾ ചിലെയിൽ വലിയ കാട്ടുതീ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് കൂട്ടുകാർ വാർത്തകളിൽ വായിച്ചിരുന്നോ?
ലോകത്തിലെ ഏറ്റവും പ്രായമുള്ള മരം ചിലെയിൽ സ്ഥിതി ചെയ്യുന്ന ഒരു കോണിഫർ മരമാണെന്ന് ഇടയ്ക്ക് ശാസ്ത്രജ്ഞർ അവകാശവാദം ഉന്നയിച്ചിരുന്നു. 5484 വർഷം ഇതിനു പഴക്കമുണ്ടെന്നും നിലവിൽ ഏറ്റവും പഴക്കമുള്ള മരമെന്ന് അറിയപ്പെടുന്ന മരത്തേക്കാളും 600 വർഷം ഇതിനു പ്രായം കൂടുതലാണെന്നും ഗവേഷകർ അന്നു പറഞ്ഞു. പാറ്റഗോണിയൻ സൈപ്രസ് വിഭാഗത്തിൽപെട്ടതാണ് ഈ മരം. കംപ്യൂട്ടേഷനൽ മാർഗങ്ങൾ ഉപയോഗിച്ചാണു കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്.
ഭൂമിയിലെ തന്നെ ഏറ്റവും വലിയ മരങ്ങളായ സെക്വോയ മരങ്ങളുടെയും റെഡ്‌വുഡ് മരങ്ങളുടെയും കുടുംബത്തിൽ പെട്ട മരമാണ് പാറ്റഗോണിയൻ സൈപ്രസ്. എന്നാൽ, വളരെ പതിയെ വളരുന്ന ഇവ 45 മീറ്റർ വരെയൊക്കെയേ പൊക്കം വയ്ക്കാറുള്ളൂ. എന്നാൽ ചിലെയിലെ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും മൂലം ഈ അപ്പൂപ്പൻ മരം ഭീഷണിയിലാണ്. അക്രമണാത്മകമായ രീതിയിൽ വളരുന്ന പൈൻ, യൂക്കാലിപ്റ്റസ് മരങ്ങളും ഈ മരത്തിന്റെ നിലനിൽപിനു ഭീഷണിയാണ്. ഇവ പെട്ടെന്നു വെള്ളം വലിച്ചെടുക്കുന്നതിനാലാണ് ഇത്.1973 മുതൽ 2011 വരെയുള്ള കാലയളവിൽ എട്ടുലക്ഷം ഹെക്ടറോളം വനം ചിലെയിൽ നശിച്ചു. 70000 മരങ്ങൾ ഇക്കൂട്ടത്തിൽ നഷ്ടപ്പെട്ടെന്നാണു രാജ്യത്തെ ഔദ്യോഗിക കണക്ക് പറയുന്നത്.
ലോകത്തിൽ ഏറ്റവും പ്രായമുള്ള മരമായി കൂട്ടിയിരിക്കുന്നത് 4853 വർഷം പഴക്കമുള്ള മെതുസെലാ എന്ന മരത്തെയാണ്. യുഎസിലെ കിഴക്കൻ കലിഫോർണിയയിലുള്ള വൈറ്റ് മൗണ്ടൻസ് മേഖലയിലെ മെതുസെല ഗ്രോവ് എന്ന മരക്കൂട്ടത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ മരത്തിന്റെ കൃത്യമായ ലൊക്കേഷൻ യുഎസ് വനംവകുപ്പ് പുറത്തുവിടാറില്ല. മരത്തെ തിരിച്ചറിയുന്ന സൂചികകളോ ബോർഡുകളോ വയ്ക്കാറുമില്ല. ആരെങ്കിലും ഇതിനു നാശം വരുത്തുമെന്ന് പേടിച്ചാണിത്.