ADVERTISEMENT

ആലപ്പുഴ
എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് കരുനാഗപ്പള്ളി മണ്ഡലത്തിൽ പര്യടനം നടത്തി. ക്ലാപ്പന വാതല്ലൂരിൽ നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. അഴീക്കൽ പൊഴിക്കരയിൽ സമാപിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലും കരുനാഗപ്പള്ളി മണ്ഡലത്തിലാണു പര്യടനം നടത്തിയത്. രാവിലെ ഓച്ചിറ ടൗണിൽ നിന്നാരംഭിച്ച പര്യടനം മാമി ജംക്‌ഷനിൽ സമാപിച്ചു.

ആലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന് കരുനാഗപ്പള്ളി പാലമൂട്ടിൽ നൽകിയ സ്വീകരണം
ആലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന് കരുനാഗപ്പള്ളി പാലമൂട്ടിൽ നൽകിയ സ്വീകരണം

ആദിനാട് വച്ചു തൊഴിലുറപ്പ് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി.എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ കൃഷ്ണപുരം പഞ്ചായത്തിൽ ഗൃഹസന്ദർശനം നടത്തി. കായംകുളം മണ്ഡലത്തിലെ അരുവന്നൂർകുറ്റി, ചെട്ടികുളങ്ങര, കരിപ്പുഴ, മലയമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി.


മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി എ അരുൺ 
കുമാറിന് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണം.
മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി എ അരുൺ കുമാറിന് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണം.

മാവേലിക്കര
എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാർ കൊട്ടാരക്കര മണ്ഡലത്തിൽ പര്യടനം നടത്തി. കരിപ്രയിൽ സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. വലിയവീട്ടിൽ സമാപിച്ചു. എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല കൊട്ടാരക്കര മണ്ഡലത്തിലെ നെടുവത്തൂരിൽ പര്യടനം നടത്തി. കുളക്കടയിൽ പര്യടനം  ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. പര്യടനം മങ്ങാട്ടുപൊയ്കയിൽ സമാപിച്ചു.

എമർജൻസി പാലം
മാവേലിക്കര ലോക്സഭാമണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ‍ സുരേഷ് കുട്ടനാട്ടിലെ മണപ്ര പാലത്തിലൂടെ വോട്ടു ചോദിച്ചു കടന്നുപോകുന്നു. ആംബുലൻസുകൾക്കു പോകുവാനായി നിർമ്മിച്ച ഇത്തരം ഒറ്റവരി പാലങ്ങൾ കുട്ടനാട്ടിൽഏറെയുണ്ട് 			                       ∙ചിത്രം: അരുൺശ്രീധർ /മനോരമ
എമർജൻസി പാലം മാവേലിക്കര ലോക്സഭാമണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ‍ സുരേഷ് കുട്ടനാട്ടിലെ മണപ്ര പാലത്തിലൂടെ വോട്ടു ചോദിച്ചു കടന്നുപോകുന്നു. ആംബുലൻസുകൾക്കു പോകുവാനായി നിർമ്മിച്ച ഇത്തരം ഒറ്റവരി പാലങ്ങൾ കുട്ടനാട്ടിൽഏറെയുണ്ട് ∙ചിത്രം: അരുൺശ്രീധർ /മനോരമ

ദേശീയ നേതാക്കളെത്തുന്നു ആലപ്പുഴ താരപ്രഭയിൽ
ആലപ്പുഴ∙ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്കു കടക്കുന്നതോടെ ദേശീയ നേതാക്കൾ ആലപ്പുഴയിലെത്തുന്നു. യുഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി 22ന് രാഹുൽ ഗാന്ധി എത്തുമ്പോൾ, എൽഡിഎഫിനു വേണ്ടി 20 ന് സീതാറാം യച്ചൂരിയും എൻഡിഎയ്ക്ക് വേണ്ടി 23ന് അമിത്ഷായും ആണ് ആലപ്പുഴയിലെത്തുന്നത്. 22ന് വൈകിട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിൽ കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. അന്ന് ഉച്ചയ്ക്ക് മൂന്നിന് മാവേലിക്കര മണ്ഡലത്തിലെ കുന്നത്തൂരിൽ നടക്കുന്ന റോഡ് ഷോയിലും രാഹുൽ പങ്കെടുക്കും.

ആലപ്പുഴ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് കായംകുളത്ത് നൽകിയ സ്വീകരണം
ആലപ്പുഴ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് കായംകുളത്ത് നൽകിയ സ്വീകരണം

തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നാളെ കായംകുളത്ത് റോഡ് ഷോയിൽ കെ.സി വേണുഗോപാലിന് വേണ്ടി വോട്ട് അഭ്യർഥിക്കും. വൈകിട്ട് നാലിന് കായംകുളത്ത് നിന്നാരംഭിച്ച് 5ന് കരുനാഗപ്പള്ളിയിലാണു റോഡ് ഷോ സമാപിക്കുന്നത്. കർണാടക മുൻ അഭ്യന്തര മന്ത്രിയും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവുമായ കെ.ജെ. ജോർജും ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജനും യുഡിഎഫിനു വേണ്ടി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനത്തിനെത്തും. എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനു വേണ്ടി ആലപ്പുഴ മണ്ഡലത്തിൽ 23ന് എത്തുന്ന അമിത് ഷായുടെ വേദിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.


മാവേലിക്കര മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബൈജു കലാശാലയ്ക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണം.
മാവേലിക്കര മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബൈജു കലാശാലയ്ക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണം.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി 20ന് രാവിലെ 9.30ന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ ഇടതു സ്ഥാനാർഥി എ.എം.ആരിഫിന്റെ പ്രചാരണ യോഗത്തിൽ പങ്കെടുക്കും.  ഇന്ന് മൂന്നിന് കായംകുളം കരീലക്കുളങ്ങര ജംക്‌ഷനിലും വൈകിട്ട് 5ന് തൈക്കാട്ടുശേരി പിഎസ് കവലയിലും ആണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രസംഗിക്കുന്നത്. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഇന്ന് പകൽ മൂന്നിന് കപ്പക്കട എസ്എൻഡിപി ഗ്രൗണ്ടിലും വൈകിട്ട് 5ന് താമരക്കുളത്തും പ്രസംഗിക്കും

ശോഭാ സുരേന്ദ്രനെതിരായ  മാനനഷ്ടക്കേസ്: മൊഴി  നൽകി ‌ബാബുപ്രസാദ് 
ആലപ്പുഴ∙ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഒന്നാം സാക്ഷിയായ ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദിന്റെ മൊഴി, കോടതി രേഖപ്പെടുത്തി. ഇന്നലെ ആലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ എത്തിയാണ് ബാബു പ്രസാദ് മൊഴി നൽകിയത്. അസൗകര്യങ്ങൾ മൂലം കേസിൽ രണ്ടാം സാക്ഷിയായ കെപിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് ജനറൽ കൺവീനറുമായ എ.എ.ഷുക്കൂർ  ഇന്നലെ കോടതിയിൽ ഹാജരായില്ല. 

രാജസ്ഥാനിലെ മന്ത്രിയുമായി ചേർന്ന് കെ.സി വേണുഗോപാൽ ബിനാമി ഇടപാടുകൾ നടത്തിയെന്നാണ് ശോഭ സുരേന്ദ്രൻ ആരോപിച്ചത്.  തുടർന്ന് മാത്യു കുഴൽനാടൻ വഴി കെ.സി ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസ് 30ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലും ശോഭക്കെതിരെ കെ.സി പരാതി നൽകിയിരുന്നു.

മുളക്കുഴയിൽ നടന്ന യുഡിഎഫ് കുടുംബസംഗമം ഡോ.മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു.
മുളക്കുഴയിൽ നടന്ന യുഡിഎഫ് കുടുംബസംഗമം ഡോ.മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു.

വീട്ടിൽ നിന്ന് വോട്ട് തുടങ്ങി 
ആലപ്പുഴ∙ മുതിർന്ന പൗരൻമാരും ഭിന്നശേഷി വോട്ടർമാരും വീട്ടിൽ‍ തന്നെ വോട്ടു ചെയ്യുന്ന നടപടി ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ തുടങ്ങി. ബിഎൽഒ വഴി നേരത്തേ അപേക്ഷ സമർപ്പിച്ച് അനുമതി ലഭിച്ചവർക്കാണു അവസരം. പോളിങ്  ഉദ്യോഗസ്ഥർ വീട്ടിലെത്തി   85 വയസ്സിനു മുകളിലുള്ള പൗരൻമാർക്കും ഭിന്നശേഷി വോട്ടർമാർക്കും വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കും.
  ഇന്നലെ  ആലിശ്ശേരി ലത്തേരിപറമ്പിൽ എം. അബ്ദുൽ റഹീമിന്റെ വീട്ടിലെത്തിയ പോളിങ്  ഉദ്യോഗസ്ഥർക്കൊപ്പം കലക്ടർ അലക്സ് വർഗീസുമുണ്ടായിരുന്നു. 

വീട്ടിൽ വോട്ടിങ് സൗകര്യമൊരുക്കാൻ 101 ഉദ്യോഗസ്ഥ സംഘങ്ങൾ ജില്ലയിൽ രൂപീകരിച്ചട്ടുണ്ട്.  മൈക്രോ ഒബ്‌സർവർ, സ്‌പെഷൽ പോളിങ്  ഉദ്യോഗസ്ഥൻ, സിവിൽ പ‌ൊലീസ് ഓഫിസർ, ക്യാമറാമാൻ എന്നിവരാണു സംഘത്തിലുള്ളത്.  ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ടറുടെ രേഖകൾ പരിശോധിച്ച ശേഷം രഹസ്യമായി വോട്ടു ചെയ്യാൻ താൽക്കാലിക പോളിങ് ബൂത്ത് ഒരുക്കും. പേപ്പർ ബാലറ്റിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം സീൽ ചെയ്ത കവറിലാക്കി സ്വീകരിക്കും. 

കെ.സി.യുടെ  വിജയത്തിന് മെഗാഷോ ഇന്നുമുതൽ
ആലപ്പുഴ∙ കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ചലച്ചിത്ര നടൻ രവീന്ദ്രനും സംവിധായകൻ ആലപ്പി അഷറഫും ചേർന്നൊരുക്കുന്ന മെഗാഷോ ഇന്നു മുതൽ 22 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ഹാസ്യ‌താരം രാജ സാഹിബിന്റെ നേതൃത്വത്തിൽ സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങൾ ഉൾക്കൊള്ളിച്ച് സ്കിറ്റുകൾ, നാടകം എന്നിവയാണ് മെഗാഷോയിൽ അവതരിപ്പിക്കുന്നത്. ഇന്നു രാവിലെ 9ന് അരൂർ പള്ളിക്ക് സമീപം ആദ്യ മെഗാഷോ കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. നെടുമുടി ഹരികുമാർ, എ.കബീർ, കിഷോർ കുമാർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകും. വൈകിട്ട് 6ന് ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ടിൽ മെഗാഷോ അരങ്ങേറും. 

എൽഡിഎഫ്  വിജയം അനിവാര്യം:  പിഡിപി
പുന്നപ്ര∙ രാജ്യത്ത് വർഗീയ ഫാഷിസം ഉയർത്തുന്ന ഭീഷണിയെ നേരിടാൻ ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയം അനിവാര്യമാണെന്നും അതിലേക്ക് മതനിരപേക്ഷ മനസ്സുകൾ യോജിക്കണമെന്നും പിഡിപി വൈസ് ചെയർമാൻ മുട്ടം നാസർ. പിഡിപി ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സിനോജ് താമരക്കുളം അധ്യക്ഷത വഹിച്ചു. 

കെഡിപി ജയഭേരി രാഷ്ട്രീയ  കലാ ജാഥ
ആലപ്പുഴ∙ മാണി സി.കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) സംഘടിപ്പിക്കുന്ന ജയഭേരി രാഷ്ട്രീയ കലാ ജാഥയുടെ ആലപ്പുഴയിലെ പ്രചാരണം ആരംഭിച്ചു. സി.ആർ. മഹേഷ് എംഎൽഎ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. 12ന് ആരംഭിച്ച യാത്ര ആലപ്പുഴ അടക്കമുള്ള 20  പാർലമെന്റ് മണ്ഡലങ്ങളിലൂടെയും പ്രചാരണം നടത്തി 24ന് അവസാനിക്കും.

വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് 19ന് 
ആലപ്പുഴ∙ കുട്ടനാട് മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് 19ന് രാവിലെ 7.30ന് ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മോക്ക് പോളിങ്ങും നടക്കും. കൗണ്ടറുകളിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സ്ഥാനാർഥികളുടെ പ്രതിനിധികൾ എആർഒയിൽ നിന്നു പാസുകൾ കൈപ്പറ്റണമെന്ന് ലോക്സഭാ മണ്ഡലം ഉപവരണാധികാരി അറിയിച്ചു.

യോഗം നാളെ
ആലപ്പുഴ∙ മുതിർന്ന പൗരൻമാരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുമായി ബന്ധപ്പെട്ടു ജില്ലയിലെ വയോജന, ഭിന്നശേഷി സംഘടനാ പ്രതിനിധികളുടെ യോഗം നാളെ  രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.  0477 225 3870

നൂറ്റിയൊന്നാം വയസ്സിൽ 
വോട്ടു ചെയ്തു
ചെങ്ങന്നൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 101–ാം വയസ്സിൽ വോട്ടു ചെയ്തു പാണ്ടനാട് കോമച്ചാടത്ത് കെ.സി. സരോജനിയമ്മ.  85 കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് രേഖപ്പെടുത്താമെന്ന ചട്ടപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്പെഷൽ ഓഫിസർ പാണ്ടനാട്ടിലെ വീട്ടിലെത്തിയാണ് വോട്ട് ചെയ്യിച്ചത്. അയ്യപ്പസേവാ സമാജം ആലപ്പുഴ ജില്ലാ പ്രസിഡന്റായ പാണ്ടനാട് രാധാകൃഷ്ണന്റെ അമ്മയാണ്. പുല്ലങ്ങടിയിലെ സ്വീകരണ യോഗത്തിൽ ഏഴുവയസ്സുകാരൻ ടോബി അലക്സ് സമ്മാനിച്ച പൂച്ചെണ്ടിൽ നിന്ന് ഒരു റോസാപ്പൂവിതൾ നുള്ളിയെടുത്തു കൊടിക്കുന്നിൽ സുരേഷ് ചിരിച്ചു; ‘ഇത് നാച്വറലാണല്ലോ, ഇപ്പോ എല്ലായിടത്തും പ്ലാസ്റ്റിക്കാണ്’.

കൊടിക്കുന്നിലിന്റെ പ്രചാരണവും അങ്ങനെതന്നെ: തനി നാച്വറൽ. മനസ്സിലുള്ളതു മുഖത്തു വായിക്കാം, മൈക്കിലൂടെ കേൾക്കാം.  15 വർഷം മാവേലിക്കരയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങൾ അക്കമിട്ട് ഓർമിപ്പിക്കും, 10 വർഷം രാജ്യത്തു കോൺഗ്രസ് ഭരണമില്ലാതിരുന്നതു മൂലമുള്ള പ്രശ്നങ്ങൾ വിവരിക്കും. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ മാവേലിക്കരയ്ക്കു ലഭിക്കാൻ പോകുന്ന നേട്ടങ്ങൾ നിരത്തും.

∙ കുട്ടനാട് മണ്ഡലത്തിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലായിരുന്നു മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ ഇന്നലത്തെ പര്യടനം. രാമങ്കരി കോടതിയിലെ പ്രതിക്കൂട്ടിൽ നിന്നു തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയത് ഓർമിപ്പിച്ചാണു തുടക്കം. കർഷകർക്കു നെല്ലിന്റെ സംഭരണവില ലഭിക്കാത്തതിൽ പ്രതിഷേധിച്ചു താലൂക്ക്തല അദാലത്ത് വേദിയിലേക്കു കറുപ്പുടുത്തു നടത്തിയ പ്രതിഷേധമാണു കേസിന് ഇടയാക്കിയത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു ജാമ്യമെടുത്തത്. 

ആ സമരത്തിനിടെ പൊലീസ് തല്ലിച്ചതച്ചതും സംഭരണവില വിഷയത്തിൽ 48 മണിക്കൂർ ഉപവാസമിരുന്നതും സെക്രട്ടേറിയറ്റിനു മുന്നിൽ തിരുവോണത്തിനു പട്ടിണി സമരം നടത്തിയതുമെല്ലാം പ്രസംഗത്തിൽ കടന്നുവരും. ‘ഇവിടെ ഏതെല്ലാം സർക്കാരുകൾ ഭരിച്ചിട്ടുണ്ട്. ഇതു പോലെ കർഷകർ ദുരിതത്തിലായ മറ്റൊരു കാലമുണ്ടോ?  കുട്ടനാട്ടിലെ നെല്ലുസംഭരണം പ്രതിസന്ധിയിലാക്കിയത് എൽഡിഎഫ് സർക്കാരാണ്. കേന്ദ്ര സർക്കാർ കുത്തക മുതലാളിമാർക്കു വേണ്ടി 3 കാർഷിക കരിനിയമങ്ങൾ പാസാക്കി. കർഷകരുടെ രോഷം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കണം’–പൂപ്പള്ളിയിലും കോയിക്കാടുമെല്ലാം സ്ഥാനാർഥിയുടെ പ്രസംഗത്തിൽ കർഷകരുടെ കണ്ണീരു കലരുന്നു. 

∙ ചമ്പക്കുളം ബസിലിക്ക ജം‌ക്‌ഷനിൽ സ്ഥാനാർഥിയെത്തുമ്പോൾ ഡിസിസി അംഗം വി.കെ. സേവ്യർ പ്രസംഗിക്കുന്നു–‘‘ദരിദ്രമായ സാഹചര്യങ്ങളിലൂടെ വളർന്നു വന്നയാളാണാണു നമ്മുടെ സ്ഥാനാർഥി, പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ട’. പാർലമെന്റ് അംഗമാണെങ്കിലും ഒരു പഞ്ചായത്ത് അംഗത്തെപ്പോലെ  ഈ മണ്ഡലത്തിൽ താനുണ്ടായിരുന്നെന്നു കൊടിക്കുന്നിൽ അതിന് അടിവരയിടുന്നു. ‘3 ജില്ലകളിലായി പരന്നുകിടക്കുന്ന മാവേലിക്കര മണ്ഡലത്തിൽ എല്ലായിടത്തും ഓടിയെത്തുക ക്ലേശകരമാണ്. എന്നിട്ടും നാട്ടിലെ എല്ലാ കാര്യങ്ങളിലും എന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നെ കണ്ടിട്ടില്ലെന്നു നിങ്ങൾക്ക് ആർക്കെങ്കിലും പറയാൻ കഴിയുമോ’;  സ്വീകരണത്തിനു നന്ദി പറഞ്ഞ് അടുത്ത പോയിന്റിലേക്ക്.

∙ 15 വർഷത്തെ വികസന നേട്ടത്തിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത പ്രചാരണ വാഹനമാണ് ആദ്യമെത്തുക. പൈലറ്റ് ജീപ്പിനു പിന്നാലെ തുറന്ന വാഹനത്തിൽ സ്ഥാനാർഥി.  ‘ഏതു ജോലിക്കുള്ള ഇന്റർവ്യൂ ആയാലും ആദ്യം ചോദിക്കുന്നത് എക്സ്പീരിയൻസാണ്. ജനങ്ങൾക്കു വേണ്ടത് അനുഭവസമ്പത്തുള്ള ജനപ്രതിനിധിയെയാണ്’– സ്ഥാനാർഥിയുടെ ചെറുപ്പം മുൻനിർത്തിയുള്ള എതിർപക്ഷത്തിന്റെ പ്രചാരണത്തിനു കൊടിക്കുന്നിലിന്റെ മറുപടി.  2009 ലെ തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെടുത്തിയത് 28 വയസ്സുകാരനെ ആണെന്നും ഓർമിപ്പിക്കുന്നു. പ്രസംഗത്തിൽ പക്ഷേ എതിർ സ്ഥാനാർഥിയെക്കുറിച്ചു പരാമർശമില്ല.

നെൽക്കർഷകരുടെ പ്രശ്നം പറയുമ്പോൾ ഇത്ര മാത്രം പറയും: ‘കൃഷി വകുപ്പ് ഭരിക്കുന്നത് ഏതു പാർട്ടി? സിപിഐ. സിവിൽ സപ്ലൈസ് വകുപ്പ് ഭരിക്കുന്നതാരാ? സിപിഐ. ഇവിടെ മത്സരിക്കുന്നത് ഏതു പാർട്ടിയാ? സിപിഐ. മന്ത്രിമാരുടെ നിരുത്തരവാദിത്ത നിലപാടു മൂലമാണ് കർഷകർ കണ്ണീരു കുടിക്കുന്നത്’രാവിലെ പുളിക്കക്കാവിൽ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്ത പര്യടനം  കിഴക്കേ മിത്രക്കരിയിൽ സമാപിക്കുമ്പോഴേക്കും പാതിരാവായി.

കൊടിക്കുന്നിലിന് വേണ്ടി ഡോ.മറിയ ഉമ്മൻചാണ്ടി
ചെങ്ങന്നൂർ ∙ ഈ ലോക്സഭ തിരഞ്ഞെടുപ്പ് വളരെ നിർണായകമായതിനാൽ സ്ത്രീകളുടെ ശക്തമായ പ്രവർത്തനം കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിനു വേണ്ടി ഉണ്ടാകണമെന്ന് ഡോ. മറിയ ഉമ്മൻചാണ്ടി പറഞ്ഞു. മുളക്കുഴയിൽ നടന്ന യുഡിഎഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബൂത്ത് പ്രസിഡന്റ് എം.ഡി.സാജു അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എബി കുര്യാക്കോസ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുജാ ജോൺ, നരേന്ദ്രൻ, അനിൽ കൊച്ചുകളീക്കൽ, സജി കുമാർ, തോമസ് ഏബ്രഹാം, എം.ബി.ബിന്ദു എന്നിവർ പ്രസംഗിച്ചു.

എൻഡിഎ ആലാ പഞ്ചായത്ത് കുടുംബസംഗമം
ചെങ്ങന്നൂർ ∙ പ്രധാനമന്ത്രി മുൻകൈയെടുത്ത് നടപ്പാക്കിയ നൂറുകണക്കിനു പദ്ധതികളിൽ അഞ്ചെണ്ണമെങ്കിലും കേരളത്തിലെ എല്ലാ വീടുകളിലെയും അംഗങ്ങൾക്കും എത്തിയിട്ടുണ്ടെന്നും അഴിമതി രഹിത സത്‌ഭരണം തൊട്ടറിഞ്ഞ കേരള ജനത ഇക്കുറി നരേന്ദ്രമോദിക്കൊപ്പം നിലകൊള്ളുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എൻഡിഎ ആലാ പഞ്ചായത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ നൽകിയ ഉറപ്പുപോലെയല്ല, മോദിയുടെ ഗ്യാരന്റി. 

പറഞ്ഞിട്ടുള്ളത് നടപ്പാക്കി കാണിക്കുന്നതാണു മോദിയുടെ ശൈലിയെന്നും സുരേന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയശ്രീ സതീഷ് അധ്യക്ഷയായി. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ജില്ലാ സെക്രട്ടറി ഗീത അനിൽ, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, അജി ആർ.നായർ, കൃഷ്ണകുമാർ, കലാ രമേശ്, പി.ജി.മഹേഷ്, കെ.കെ.അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.

മുതിർന്ന പൗരൻമാരുടെ വോട്ട്, ചെങ്ങന്നൂരിൽ 16 സ്ക്വാഡുകൾ
ചെങ്ങന്നൂർ ∙ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിന്റെ പരിധിയിൽപ്പെട്ട ബൂത്തുകളിലെ 85 വയസ്സ് കഴിഞ്ഞവരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും വീടുകളിലെത്തി വോട്ട് രേഖപ്പെടുത്താൻ തുടങ്ങി. ചെങ്ങന്നൂരിൽ ഇതിനായി 16 സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഉപവരണാധികാരി കൂടിയായ ആർഡിഒ ജി. നിർമൽ കുമാറിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ റവന്യു ഡിവിഷനൽ ഓഫിസ് കേന്ദ്രീകരിച്ചാണ് സ്ക്വാഡുകളുടെ പ്രവർത്തനം. പോളിങ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ബിഎൽഒ, മൈക്രോ ഒബ്സർവർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് ടീമിലുള്ളത്. മുൻകൂട്ടി അപേക്ഷിച്ചിട്ടുള്ള വോട്ടർമാരുടെ വീട്ടിൽ ബന്ധപ്പെട്ട ടീം നേരിട്ട് എത്തി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കും.

ഏരിയ കൺവൻഷൻ
മാന്നാർ ∙ ബിജെപി മാന്നാർ പഞ്ചായത്ത് കിഴക്കൻ ഏരിയ കൺവൻഷൻ മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കിഴക്കൻ ഏരിയ പ്രസിഡന്റ് സജീഷ് തേക്കേടം അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജ പത്മകുമാർ, ശിവകുമാർ, രാജഗോപാൽ, ഉദയകുമാർ, പാർവതി രാജീവ്, രാജീവ് ശ്രീരാധേയം, സതീഷ് കുമാർ, ആര്യദേവ്, അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com