ADVERTISEMENT

എടത്വ ∙ അമ്പലപ്പുഴ –തിരുവല്ല സംസ്ഥാന പാതയിലെ  കുഴികളിൽ നിന്നും മോചനം ലഭിക്കാതെ യാത്രക്കാർ വിഷമിക്കുന്നു. കുഴിയിൽ വീണ് കയ്യും കാലും ഒടിയുന്നവരുടെ എണ്ണം നാൾക്കുനാൾ  കൂടിവരികയാണ്. എടത്വ ജംക്‌ഷൻ മുതൽ തലവടി നീരേറ്റുപുറം വരെ പത്തിലേറെ സ്ഥലങ്ങളിലാണ് കുഴികൾ. എടത്വ കളങ്ങര ഷൂ മാർട്ടിനു മുൻവശത്തെ കുഴിയിൽ ഒരാഴ്ചകൊണ്ടു മാത്രം 11 പേരാണ് വീണത്.  

കാറുകൾ കുഴിയിൽ വീണ് നിയന്ത്രണം തെറ്റി എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളിൽ തട്ടുന്നു. ഗതാഗതക്കുരുക്കിനും വഴക്കിനും ഇടയാവുന്നു. മാസങ്ങൾക്കു മുൻപ് പൈപ്പ് പൊട്ടിയുണ്ടായ കുഴിയാണിത്. ആഴ്ചകൾക്കു ശേഷം കുഴി താൽക്കാലികമായി മൂടി. ഇപ്പോൾ വീണ്ടും പൈപ്പ് പൊട്ടി വെള്ളം പോകുകയും കുഴി വലുതാകുകയും ചെയ്തു.

തലവടി പഞ്ചായത്ത് ജംക്‌ഷനു പടിഞ്ഞാറു മാറി എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിനു മുൻവശം പൈപ്പ് പൊട്ടിയുണ്ടായ കുഴി കോൺക്രീറ്റ് ചെയ്തെന്നു വരുത്തി മടങ്ങിയതാണ്. അവിടം വീണ്ടും കുഴിയായി. 4 മാസമായി നിത്യവും അപകടം ഉണ്ടായിട്ടും പൊതുമരാമത്തു വകുപ്പ് തിരിഞ്ഞു നോക്കുന്നില്ല. ഒട്ടേറെ കാറുകളുടെ ടയറുകളാണു പൊട്ടിയത്. കഴിഞ്ഞ ദിവസം  സ്കൂട്ടറിൽ വന്ന അമ്മയ്ക്കും മകൾക്കും കുഴിയിൽ വീണ് ഗുരുതര പരുക്കേറ്റു.

നീരേറ്റുപുറം പാലത്തിന്റെ തെക്കേക്കരയിൽ റോഡിന്റെ നടുഭാഗത്തു കൂടി പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയാണ്. പാലത്തിന്റെ ഇറക്കത്തിൽ തന്നെയാണ് ഇത്. ഇവിടെ നിന്നും യൂ ടേൺ എടുത്ത് വേണം കിടങ്ങറ റോഡിലേക്ക് തിരിയാൻ. വാഹനം തെന്നി അപകടത്തിൽ പെടുകയാണ്. തലവടി വില്ലേജ് ഓഫിസിനു സമീപം പനമൂട്ടിൽ പാലത്തിന്റെ സ്ലാബുകൾ സന്ധിക്കുന്ന 3 ഭാഗങ്ങളിൽ കുഴിയായി. കാൽ ഉള്ളിൽ വീഴുന്ന വിധത്തിലുള്ള കുഴിയാണിത്. ഇരുവശങ്ങളിൽ നിന്നും കയറ്റം കയറി വരുന്ന വാഹനങ്ങൾ കുഴി ഉണ്ടെന്നറിയാതെ അതിൽ വീഴുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com