ADVERTISEMENT

ആലപ്പുഴ∙ സഹോദരിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചുമൂടിയ പ്രതി കുഴിമാടത്തിനു മുകളിൽ വരാന്ത പണിയാനും പദ്ധതിയിട്ടിരുന്നുവെന്നു പൊലീസ്. കെട്ടിടനിർമാണത്തൊഴിലാളിയായ പ്രതി ബെന്നി വീടിന്റെ പിൻവശത്താണു സഹോദരി റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ടത്.

രണ്ടു ദിവസം മുൻപ് ഇയാൾ വീടിന്റ മുൻവശത്തെ തിണ്ണ പൊളിച്ചുപണിയാൻ ആരംഭിച്ചു. ഇതിനൊപ്പം പിന്നിൽ കുഴിമാടത്തിനു മുകളിലായി വരാന്ത പണിയാനായിരുന്നു പദ്ധതിയെന്നു പൊലീസ് പറയുന്നു.ആഴത്തിൽ കുഴിയെടുത്ത് മൃതദേഹത്തിനു മുകളിൽ മണ്ണിട്ട ശേഷം ഹോളോബ്രിക്സും ചുടുകട്ടയും നിരത്തി ശേഷം വീണ്ടും മണ്ണിട്ടു മൂടുകയായിരുന്നു. വായു കടക്കാത്ത രീതിയിൽ കട്ട അടുക്കിയതു കൊണ്ടാണു ദുർഗന്ധം പുറത്തേക്കു വരാത്തതെന്നു പൊലീസ് പറയുന്നു. നോർത്ത് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്ഐ സെബാസ്റ്റ്യൻ പി.ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ആലപ്പുഴ പൂങ്കാവിൽ സഹോദരി റോസമ്മയയെ കൊലപ്പെടുത്തിയ ബെന്നി. ചിത്രം: മനോരമ
ആലപ്പുഴ പൂങ്കാവിൽ സഹോദരി റോസമ്മയയെ കൊലപ്പെടുത്തിയ ബെന്നി. ചിത്രം: മനോരമ

ചുറ്റിക കൊണ്ട്  തലയ്ക്കടിച്ചു; ഒരു രാത്രി  കട്ടിലിനടിയിൽ വച്ചു
ആലപ്പുഴ∙ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു രാത്രി മുഴുവൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചതായി പ്രതി വി.വി.ബെന്നി പൊലീസിനു മൊഴി നൽകി. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചായിരുന്നു കൊലപാതകം. പൊലീസ് പറയുന്നത് ഇങ്ങനെ: 18ന് ഉച്ചയ്ക്കു ശേഷമാണ് ബെന്നിയുടെ വീട്ടിൽ വച്ചു റോസമ്മയുമായി തർക്കമുണ്ടാകുന്നത്. 61–ാം വയസ്സിൽ റോസമ്മ പുനർവിവാഹിതയാകുന്നത് ബെന്നി ചോദ്യം ചെയ്തു. തർക്കത്തിനിടെ ബെന്നിയുടെ മരിച്ചു പോയ ഭാര്യയെക്കുറിച്ചു റോസമ്മ അപവാദം പറഞ്ഞെന്നു ബെന്നി പറയുന്നു.

ഇതിൽ പ്രകോപിതനായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. നിലത്തുവീണ റോസമ്മ മരിച്ചു. മുറിയിലെ രക്തമെല്ലാം കഴുകിക്കളഞ്ഞപ്പോഴേക്കും സന്ധ്യയായി. ബെന്നിയുടെ മകൻ രാത്രി ജോലി കഴിഞ്ഞു വരുമെന്നതിനാൽ മൃതദേഹം കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു. പിറ്റേന്നു രാവിലെ ആറിന് മകൻ പുറത്തുപോയ ഉടൻ വീടിനു പിന്നിൽ കുഴിയെടുത്തു മൃതദേഹം മൂടി.

റോസമ്മയുടെ സ്വർണം കാണാനില്ല
കൊലപ്പെട്ട റോസമ്മയുടെ സ്വർണത്തെക്കുറിച്ചും അന്വേഷണം. റോസമ്മ ഒരു സ്വർണമാലയും 4 വളകളും ധരിക്കാറുണ്ടായിരുന്നെന്നു ഇളയ മരുമകൾ പറയുന്നു. ഈയിടെ പുതിയൊരു മാല കൂടി വാങ്ങി. എന്നാൽ മൃതദേഹത്തിൽ നിന്നു ആഭരണമൊന്നും കണ്ടെത്തിയിട്ടില്ല. സ്വർണം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു റോസമ്മയും പ്രതി ബെന്നിയും തമ്മിൽ തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. ഈ കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com