ADVERTISEMENT

പ്രചാരണത്തിൽ വിഷയദാരിദ്ര്യമില്ല. പക്ഷേ, എല്ലാറ്റിനും മീതെ വികസനവും സാധാരണക്കാരുടെ പ്രശ്നങ്ങളുമാണു മാവേലിക്കരയിൽ ഉയർന്നു കേൾക്കുന്നത്. രാഷ്ട്രീയമായ വിവാദങ്ങൾ സാധാരണ വോട്ടർമാർ കാര്യമായി ചർച്ച ചെയ്യുന്നില്ലെന്നു പറയാം. മൂന്നു ജില്ലകളിലായി പടർന്നിരിക്കുന്ന മണ്ഡലം ഭൂപ്രകൃതിയിൽ മുതൽ വൈവിധ്യങ്ങളുടേതാണ്. ഏറ്റുമുട്ടുന്നവരിൽ സീനിയറും കന്നിക്കാരനുമുണ്ട്.സംസ്ഥാനത്തെ ഏറ്റവും മുതിർന്ന എംപിയാണു കൊടിക്കുന്നിൽ സുരേഷ് (യുഡിഎഫ്). എൽഡിഎഫിന്റെ സി.എ.അരുൺ കുമാറിന്റെ ആദ്യമത്സരം. ബൈജു കലാശാലയ്ക്ക് (എൻഡിഎ) രണ്ടാം മത്സരം. യുഡിഎഫിനു വേണ്ടി നിയമസഭയിലേക്കും ഇപ്പോൾ ലോക്സഭയിലേക്കും. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായാണു മാവേലിക്കരയെ തിരഞ്ഞെടുപ്പു വിശകലന വിദഗ്ധർ എണ്ണുന്നത്. പതിറ്റാണ്ടുകളായി മണ്ഡലവുമായുള്ള ബന്ധമാണു കൊടിക്കുന്നിലിന്റെ ആത്മവിശ്വാസത്തിന് ആധാരം. പതിവുമുഖം കണ്ടു മടുത്തവർ മാറ്റത്തിനായി വോട്ട് ചെയ്യുമെന്ന് എൽഡിഎഫ് പ്രതീക്ഷ. കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികൾ മാത്രം പറഞ്ഞാലും വോട്ട് കൂടുമെന്ന് എൻഡിഎ.

‘കേരളം മാറിമാറി ഭരിച്ച രണ്ടു മുന്നണിയോടുമുള്ള അതൃപ്തി പ്രകടമാണ്. കുന്നിക്കോട്ട് എൽഡിഎഫ് സ്വാധീന മേഖലയിലെ സ്വീകരണത്തിൽ വലിയ തിരക്കായിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന എംപി വേണ്ട, ഭരണപക്ഷത്തിരുന്നു വികസനം കൊണ്ടുവരുന്ന എംപി മതി എന്നാണു ജനങ്ങളുടെ നിലപാട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ട് കൂടും.’

മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ  സുരേഷിന് കൊട്ടാരക്കര മണ്ഡലത്തിൽ നൽകിയ സ്വീകരണം.
മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന് കൊട്ടാരക്കര മണ്ഡലത്തിൽ നൽകിയ സ്വീകരണം.

പലതരം തരംഗങ്ങൾ
ഭരണവിരുദ്ധ വികാരമുണ്ടോ എന്നു ചോദിച്ചാൽ ഉണ്ടെന്നു തറപ്പിച്ചു പറയുക യുഡിഎഫാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ഒരുപോലെ ജനരോഷമുണ്ടെന്നാണ് അവകാശവാദം. എൽ‍ഡിഎഫ് കാണുന്നതു കേന്ദ്രവിരുദ്ധ വികാരം മാത്രം. സംസ്ഥാന ഭരണത്തിനെതിരെ അങ്ങനെയൊരു തരംഗമില്ല. എൻഡിഎയ്ക്കു സംസ്ഥാന വിരുദ്ധ വികാരം മാത്രമേ പറയാനുള്ളൂ.

മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺ 
കുമാറിന് ചങ്ങനാശേരിയിൽ നൽകിയ സ്വീകരണം.
മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺ കുമാറിന് ചങ്ങനാശേരിയിൽ നൽകിയ സ്വീകരണം.

‘ഭരണവിരുദ്ധ വികാരമെന്നു പറയപ്പെടുന്നെങ്കിലും ജനങ്ങൾക്കിടയിൽ അങ്ങനെയൊന്നില്ല. കഴിഞ്ഞ തവണ കിട്ടാത്ത കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ബി) വോട്ട് കൂടിയാകുമ്പോൾ കഴിഞ്ഞ തവണ യുഡിഎഫിനു ലഭിച്ച ഭൂരിപക്ഷം മറികടക്കും. നിയമസഭ തിരഞ്ഞെടുപ്പു ഫലം അടിസ്ഥാനമാക്കിയാൽ 50,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.’

വികസനം
കൊടിക്കുന്നിൽ സുരേഷ് (യുഡിഎഫ്) എംപിയായ ശേഷം മണ്ഡലത്തിൽ വികസനമൊന്നും നടന്നില്ലെന്നാണ് എൽഡിഎഫ് പ്രധാനമായും വോട്ടർമാരോടു പറയുന്നത്. എടുത്തു പറയാൻ പദ്ധതികളൊന്നുമില്ലെന്നും കേന്ദ്രത്തിൽനിന്ന് ഒന്നും വന്നില്ലെന്നും കൂട്ടിച്ചേർക്കുന്നു. പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ പോലും വികസനമില്ല. ശബരിമലയുടെ പേരിൽ ചെങ്ങന്നൂരിന് അൽപം പ്രാധാന്യം കിട്ടുന്നെന്നു മാത്രം. റെയിൽവെ പോലുള്ള രംഗങ്ങളിൽ ഉണ്ടായ നേട്ടങ്ങൾകൊണ്ടു തന്നെയാണു കൊടിക്കുന്നിലിന്റെ മറുപടി. ഒട്ടേറെ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിപ്പിച്ചതും ശബരിമല പാതയ്ക്കു വേണ്ടി നടത്തിയ ഇടപെടലും വിവരിക്കുന്നുണ്ട്. പത്തനാപുരം റബർ പാർ‍ക്കുമുണ്ട് യുഡിഎഫ് പറയുന്ന നേട്ടങ്ങളുടെ പട്ടികയിൽ. എംപിയെ കാണാനില്ലെന്ന എൽഡിഎഫിന്റെ ആരോപണത്തിനുള്ള മറുപടി, പഞ്ചായത്തംഗത്തെപ്പോലെ എപ്പോഴും കൂടെയുള്ളയാളാണു കൊടിക്കുന്നിൽ എന്നാണ്.

 

‘മുൻ തിരഞ്ഞെടുപ്പിനെക്കാൾ അനുകൂലമായ സാഹചര്യമുണ്ട്. എല്ലാ സ്വീകരണത്തിലും വലിയ ആൾക്കൂട്ടം. സ്ത്രീകൾ കൂടുതലെത്തുന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ട് കൂടും. വികസനവും ദേശീയ രാഷ്ട്രീയവും ചർച്ചയാകുന്നു. മതനിരപേക്ഷ സർക്കാർ വരണമെന്നാണു ജനങ്ങൾക്ക്. എംപിയെന്ന നിലയിൽ മണ്ഡലത്തിൽ സ്ഥിരമായി ഉണ്ടായിരുന്നതും ജനങ്ങൾക്കൊപ്പം നിന്നതും വോട്ടിൽ പ്രതിഫലിക്കും.’

 

മാവേലിക്കര മണ്ഡലം ബിജെപി സ്ഥാനാർഥി ബൈജു കലാശാലയ്ക്ക് മാടപ്പള്ളിയിൽ നൽകിയ സ്വീകരണം.
മാവേലിക്കര മണ്ഡലം ബിജെപി സ്ഥാനാർഥി ബൈജു കലാശാലയ്ക്ക് മാടപ്പള്ളിയിൽ നൽകിയ സ്വീകരണം.

കുന്നോളം കുട്ടനാട്
കുട്ടനാട് ഉൾപ്പെട്ട മണ്ഡലമാണ്. നെൽക്കർഷകരുടെ പ്രശ്നങ്ങൾ തീർച്ചയായും തിരഞ്ഞെടുപ്പു വിഷയമാണ്. വിത മുതൽ സംഭരണം വരെയുള്ള ഘട്ടങ്ങളിൽ കർഷകർ ഇത്രമേൽ ദുരിതം അനുഭവിച്ച കാലമുണ്ടായിട്ടുണ്ടോ എന്നു യുഡിഎഫ് ചോദിക്കുന്നു. കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾ ഭരിക്കുന്ന സിപിഐയുടെ സ്ഥാനാർഥിയാണു മറുവശത്ത് എന്നതിനാൽ കർഷകരുടെ വിഷയങ്ങൾ പരമാവധി ചർച്ചയാക്കാൻ യുഡിഎഫ് ശ്രമിച്ചിട്ടുണ്ട്. നെൽക്കൃഷിയിൽ എല്ലാം നന്നായി നടക്കുന്നുണ്ടെന്ന ആത്മവിശ്വാസമുണ്ട് എൽഡിഎഫിന്. വലിയ പ്രശ്നങ്ങളില്ലാതെയാണ് ഒരു സീസൺ കഴിയുന്നതെന്നു നേതാക്കൾ അവകാശപ്പെടുന്നു. എന്നാൽ, കർഷകരുടെ ആത്മഹത്യ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നുണ്ട് യുഡിഎഫ്. നെല്ലിന്റെ വില നൽകുന്ന പിആർഎസ് വായ്പാ രീതി അവസാനിപ്പിച്ചു പുതിയ രീതി കൊണ്ടുവരുമെന്ന സർക്കാർ പ്രഖ്യാപനം നടക്കാത്തതും മില്ലുകളുടെ ഇടനിലക്കാരുടെ ചൂഷണവും വിത്തും വളവും കൊയ്ത്തുയന്ത്രത്തിന്റെ വാടകയുമൊക്കെ കർഷകരെ അലട്ടുന്നു.

പുകയുന്ന  കശുവണ്ടി രംഗം
മണ്ഡലത്തിൽ കൊല്ലം ജില്ലയുടെ ഭാഗമായ കിഴക്കൻ മേഖലയിൽ കശുവണ്ടി വ്യവസായത്തിലെ പ്രശ്നങ്ങളും ചർച്ചയാണ്. പൊതുമേഖലയിലെ ഫാക്ടറികൾ അടുത്തിടെയാണു തുറന്നത്. സ്വകാര്യ ഫാക്ടറികൾ പലതും ഇപ്പോഴും അടഞ്ഞുകിടക്കുന്നു. തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും നഷ്ടപ്പെട്ട തൊഴിലാളികളുടെ ദുരിതം യുഡിഎഫ് പ്രചാരണത്തിൽ പറയുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ചല്ലോ എന്ന് എൽഡിഎഫ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com