ADVERTISEMENT

അമ്പലപ്പുഴ∙ ദേശീയപാതയിൽ പുറക്കാട് ഭാഗത്ത് വീണ്ടും വാഹനാപകടത്തിൽ  മരണം. ഒരു മാസത്തിനിടെയുള്ള ആറാമത്തെ അപകട മരണമാണിത്. പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിനു സമീപം 16 ന് പുലർച്ചെ നടന്നു പോകുമ്പോൾ ലോറിയിടിച്ചു പരുക്കേറ്റ മത്സ്യത്തൊഴിലാളി പുറക്കാട് മാവേലിപ്പറമ്പിൽ സി.രാജുവാണു (63) തിങ്കളാഴ്ച രാത്രി മരിച്ചത്. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കായംകുളം ഭാഗത്തേക്ക് പച്ചക്കറി കയറ്റിപ്പോയ ലോറിയാണു രാജുവിനെ ഇടിച്ചത്.

വലതു കാൽപാദം അറ്റു പോയിരുന്നു. തലയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു. സംസ്കാരം നടത്തി.  ഭാര്യ: തങ്കമണി. മക്കൾ: രാഖി, രാധിക. മരുമക്കൾ: സുനിൽകുമാർ, ബാലു.സ്ഥിരം അപകട മേഖലയായ ഇവിടെ കരുതൽ നടപടികൾ എടുക്കുന്ന കാര്യത്തിൽ ദേശീയപാത അതോറിറ്റി, റോഡ് നിർമാണം ഏറ്റെടുത്ത കരാർ കമ്പനി, റോഡ് ഗതാഗത വിഭാഗം എന്നിവയുടെ ഭാഗത്തു  വീഴ്ച  ഉണ്ടായതായി  വലിയവിമർശനം ഉണ്ടായിരുന്നു. 

അപകട സാധ്യത സൂചിപ്പിക്കുന്ന ബോർഡുകൾ വച്ചിട്ടില്ല. പാതയോരത്തു ലോറികളുടെ അനധികൃത പാർക്കിങ്ങും റോഡിൽ ചിതറിക്കിടക്കുന്ന മെറ്റലും മണ്ണും അപകട സാധ്യത കൂട്ടുന്നതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ബന്ധപ്പെട്ട വിഭാഗങ്ങൾ സംയുക്ത പരിശോധന നടത്തി ചില നടപടികൾ കൈക്കൊണ്ടിരുന്നു. 

പൊലിയുന്ന ജീവനുകൾ
മാ‍ർച്ച് 22 ന് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തി‍ലാണു സ്കൂട്ടർ യാത്രികരായ തോട്ടപ്പള്ളി ശ്രീജിത്ത് ഭവനത്തിൽ രാജേന്ദ്രൻ(58), തോട്ടപ്പള്ളി കനാൽ പുതുവലിൽ പ്രസാദ് (55) എന്നിവർ മരിച്ചത്. കെട്ടിട നിർമാണത്തൊഴിലാളികളായിരുന്നു ഇവർ. ഈ മാസം 7ന് ഇതേ ഭാഗത്തു ബൈക്കും ലോറിയും കൂട്ടിയിടിച്ച് പുറക്കാട് ആനന്ദേശ്വരം കളത്തിൽ പറമ്പിൽ വി.സുദേവ് (42), ഭാര്യ വിനീത (32), മകൻ ആദി എസ്. ദേവ് (12) എന്നിവർ മരിച്ചു. സുദേവും കുടുംബവും അമ്പലപ്പുഴ ഭാഗത്തേക്കും ലോറി എതിരെയും വരികയായിരുന്നു. ഈ അപകടത്തിനിടെ പുന്നപ്ര പുതുവൽ പ്രകാശനും(50) പുറക്കാട് പുതുവൽ മണിയനും (65) പരുക്കേൽക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com