ADVERTISEMENT

മാവേലിക്കര ∙ പുതിയ വീട് നിർമാണം പുരോഗമിക്കുന്നതിനാൽ കുടുംബം താമസിച്ചിരുന്ന താൽക്കാലിക ഷെഡ് പൂർണമായി കത്തി നശിച്ചു. ലൈഫ് പദ്ധതിയിൽ വീട് നവീകരണത്തിനായി ലഭിച്ച 40000 രൂപ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും അഗ്നിക്കിരയായി. മാങ്കാംകുഴി പാറക്കുളങ്ങര മാമ്പ്ര തറയിൽ അജിതാക്ഷകുമാറും കുടുംബവും താമസിച്ചിരുന്ന താൽക്കാലിക ഷെഡാണു കത്തിനശിച്ചത്.

കഴിഞ്ഞദിവസം രാത്രിയാണു സംഭവം. ഷോർട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അജിതാക്ഷകുമാർ, ഭാര്യ സൗമ്യ മക്കളായ വൈഗ, ഗൗതം എന്നിവർ വെട്ടിയാർ ക്ഷേത്രത്തിലെ പത്താമുദയ കെട്ടുകാഴ്ച കാണാൻ പോയിരിക്കുകയായിരുന്നു.അജിതാക്ഷകുമാറിന്റെ മാതാവ് ശാരദ (85) ഉത്സവത്തിനു പോയില്ല. പ്രദേശത്തു വൈദ്യുതി ഇല്ലാതിരുന്നതിനാൽ ശാരദ സമീപത്തെ വീട്ടിലായിരുന്നു. 

മഴയ്ക്കു ശേഷം വൈദ്യുത വിതരണം പുനഃസ്ഥാപിച്ചതിനു പിന്നാലെ ഷെഡിൽ തീ ആളിപ്പടരുകയായിരുന്നു. തഴക്കര പഞ്ചായത്തംഗം ഷൈനിസയും നാട്ടുകാരും അറിയിച്ചതിനെ തുടർന്നു മാവേലിക്കരയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയെങ്കിലും ഷെഡ് പൂർണമായി കത്തി നശിച്ചു. ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചതിനെ തുടർന്നാണ് അജിതാക്ഷകുമാറും കുടുംബവും വീടിനോടു ചേർന്നു താൽക്കാലിക ഷെഡ് നിർമിച്ചു മാറിയത്.

ലൈഫ് പദ്ധതിയിൽ ആദ്യ ഗഡുവായി അനുവദിച്ച 40000 രൂപയും, ടെലിവിഷൻ, ഫ്രിഡ്ജ്, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ പൂർണമായി കത്തിനശിച്ചു. സംഭവമറിഞ്ഞു എം.എസ്.അരുൺകുമാർ എംഎൽഎ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com