വെള്ളക്കെട്ട്: 22ന് മുൻപ് അറ്റകുറ്റപ്പണികൾ; മഴവെള്ളക്കനാൽ തെളിക്കൽ അതിവേഗം
Mail This Article
ബെംഗളൂരു∙ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മഴവെള്ളക്കനാലുകൾ തെളിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ 22ന് മുൻപ് പൂർത്തിയാക്കാൻ ബിബിഎംപി കമ്മിഷണർ നിർദേശം നൽകി. ഒരാഴ്ചയായി തുടരുന്ന വേനൽമഴയിൽ കനാലുകൾ നിറഞ്ഞൊഴുകി റോഡുകളും പാർപ്പിട മേഖലകളും മുങ്ങുന്ന സാഹചര്യത്തിലാണിത്. കനാലുകൾ തെളിക്കാൻ മാത്രമായി ഓരോ വാർഡിനും 30 ലക്ഷം രൂപ വീതം അനുവദിച്ചു. കൂടാതെ ദുരന്ത നിവാരണ പ്രവർത്തനത്തിന് 10 കോടി രൂപയും അനുവദിച്ചു. സ്ഥിരം വെള്ളം കയറുന്ന 124 ഇടങ്ങളിൽ മുന്നറിയിപ്പായി സെൻസറുകൾ സ്ഥാപിച്ചിരുന്നു. ഇവിടങ്ങളിൽ 455 സിസിടിവി ക്യാമറകളും സ്ഥാപിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാന ദുരന്ത നിവാരണ സേനയെ സജ്ജമാക്കി.
പെയ്തിറങ്ങി മഴ
കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിൽ 196 ഇടങ്ങളിൽ വെള്ളക്കെട്ട്. ഒട്ടേറെ വീടുകൾക്കുള്ളിൽ വെള്ളം കയറി സാധന സാമഗ്രികൾ നശിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരാണ് ദുരിതത്തിലായത്.
ഒരു മണിക്കൂർ നേരം മഴ പെയ്തതോടെ വീടുകൾക്കുള്ളിലേക്ക് വെള്ളം ഇരച്ചെത്തി. ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു. കാടുഗോഡി ട്രീ പാർക്ക് മെട്രോ സ്റ്റേഷനിൽ ടെർമിനലിനുള്ളിൽ വെള്ളം കയറിയെങ്കിലും സർവീസുകളെ ബാധിച്ചില്ല.
ലഭിച്ചത് 31 ശതമാനം അധിക മഴ
കഴിഞ്ഞ 13 ദിവസത്തിനിടെ ബെംഗളൂരു നഗര ജില്ലയിൽ ലഭിച്ചത് 31 ശതമാനം അധിക മഴ. ബെംഗളൂരു ഗ്രാമജില്ല, മണ്ഡ്യ, മൈസൂരു, ബെളഗാവി, ചിക്കമഗളൂരു എന്നിവിടങ്ങളിലും അധിക മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്തുടർന്ന് നഗരത്തിലെ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായി.
വീണ മരങ്ങൾ വിൽക്കാൻ ലേലം
കാറ്റിലും മഴയിലും വീണ മരങ്ങൾ ലേലത്തിൽ വിൽക്കാനുള്ള നടപടികളുമായി ബിബിഎംപി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 8 സോണുകളിലായി 271 മരങ്ങളാണ് വിവിധ ഇടങ്ങളിൽ വീണത്. കൂടാതെ 483 മരക്കൊമ്പുകളും വീണു. ഇതെല്ലാം ബിബിഎംപിയുടെ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് കൂടുതൽ സമയം വേണ്ടിവരുമെന്നതിനാൽ തൽസ്ഥാനങ്ങളിൽ തന്നെ വിൽക്കാൻ നടപടി ആരംഭിച്ചു.
മരം വീണു ലോക്കോപൈലറ്റിന് പരുക്ക്
മണ്ഡ്യയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിന് മുന്നിലേക്ക് മരം വീണു ലോക്കോ പൈലറ്റിന് പരുക്ക്.ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിൻ കഴിഞ്ഞ ദിവസം രാത്രി ഉമ്മാദഹള്ളി ഗേറ്റിന് സമീപമെത്തിയപ്പോഴാണ് മരം വീണത്. എൻജിന്റെ മുൻവശത്തെ ഗ്ലാസ് തകർന്ന് ലോക്കോ പൈലറ്റായ എച്ച്.എസ്.പ്രസാദ് (39) ന്റെ കണ്ണിൽ മരക്കൊമ്പ് തട്ടുകയായിരുന്നു. ഇയാളെ മണ്ഡ്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മരം വെട്ടിമാറ്റി 3 മണിക്കൂറിന് ശേഷമാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.
യെലോ അലർട്ട്
സംസ്ഥാനത്ത് മഴ തുടരുന്നതിനിടെ ബെംഗളൂരു ഉൾപ്പെടെ 13 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 16 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു.