ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിൽ ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളെ വിറപ്പിച്ച പ്രളയത്തിനു പിന്നാലെ തെക്കൻ മേഖലയിലും കനത്ത മഴയും വെള്ളപ്പൊക്കവും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് പെയ്ത കനത്ത മഴയിൽ തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി, തുടങ്ങിയ ജില്ലകളിലെ പ്രധാന റോഡുകൾ മുങ്ങി. വീടുകളിൽ വെള്ളം കയറി. 

ജനജീവിതം സ്തംഭിച്ചു. നാലു ജില്ലകളിലും ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയും മോശം കാലാവസ്ഥയും കാരണം, തൂത്തുക്കുടി വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ മധുര വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. തിരുനെൽവേലിയിലെ കൂടംകുളം ടൗൺ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. നാലു ജില്ലകളിലും ഇന്നും 50 സെമീ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു പ്രവചനം. ചെന്നൈയിൽ കനത്ത മഴയ്ക്ക് സാധ്യതയില്ല. 

താമരഭരണി അടക്കമുള്ള നദികളിൽ ജലനിരപ്പ് അപകടനിലയിലേക്കും മുകളിലേക്ക് ഉയർന്നു. ജലനിരപ്പ് ഉയർന്നതോടെ തിരുനെൽവേലി ജില്ലയിലെ പാപനാശം, സെർവലാരു, മണിമുത്തർ അണക്കെട്ടുകൾ തുറന്നു. കന്യാകുമാരി ജില്ലയിലും വെള്ളപ്പൊക്ക ദുരിതം തുടരുകയാണ്. വീടുകളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണു വീടുകളിൽ നിന്നു പുറത്തെത്തിച്ചത്. രാമനാഥപുരം, പുതുക്കോട്ട, തഞ്ചാവൂർ,

തിരുവാരൂർ, നാഗപട്ടണം ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്തു. ദുരിതബാധിത ജില്ലകളിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. മന്ത്രിമാർക്കായി വിവിധ ജില്ലകളുടെ ചുമതല വിഭജിച്ചു നൽകി. ദുരന്തനിവാരണ സേനയെയും നിയോഗിച്ചു. 

ഇതിനിടെ, താമരഭരണി നദയിലെ അധികജലം വരണ്ട പ്രദേശങ്ങളിലേക്ക് തിരിച്ചുവിടാനും താമരഭരണി-കരുമേനിയാർ-നമ്പിയാർ നദീ സംയോജന പദ്ധതിയുടെ ട്രയൽ റൺ നടത്താനും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു. ഇതുവഴി തമിഴ്നാടിന്റെ കാർഷിക മേഖലകളിലേക്കു ജലമെത്തിക്കാനും നദിയിലെ ജലനിരപ്പു കുറയ്ക്കാനുമാകും. 2009ൽ ഡിഎംകെ ഭരണകാലത്താണ് ഈ പദ്ധതി നിലവിൽ വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com