ADVERTISEMENT

കൊച്ചി ∙ കേന്ദ്ര ബജറ്റ് പഴയ ബജറ്റല്ല, പക്ഷേ, കൊച്ചി ഇപ്പോഴും പഴയ കൊച്ചി തന്നെ! ഓരോ പ്രദേശത്തിന്റെയും പേരു പറഞ്ഞു പദ്ധതികൾ പ്രഖ്യാപിച്ചിരുന്ന ബജറ്റ് കാലം പണ്ടേ വഴിമാറി. വിവിധ വികസന മേഖലകൾക്കായാണ് ഇപ്പോൾ തുക വകയിരുത്തുന്നതെങ്കിലും ഒറ്റ നേട്ടത്തിൽ കൊച്ചിക്കു കണ്ടെത്താൻ വലിയ നേട്ടങ്ങളില്ല, കേന്ദ്ര ബജറ്റിൽ. എങ്കിലും, റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിയിൽ എറണാകുളം ജംക്‌ഷൻ സ്റ്റേഷൻ വികസനവും ഉൾപ്പെടുമെന്നതാണു പ്രധാനപ്പെട്ട ആശ്വാസ വാർത്ത. 400 കോടി രൂപയോളം ചെലവു വരുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

നിരാശയേറ്റി മെട്രോ

ഏറ്റവും വലിയ നിരാശ കൊച്ചി മെട്രോയെ തഴഞ്ഞതു തന്നെ. കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിൽ കൊച്ചി മെട്രോയുടെ 1957 കോടി രൂപയുടെ രണ്ടാംഘട്ട വികസനം അനുവദിച്ചെന്നു പ്രഖ്യാപിച്ചെങ്കിലും ഇക്കുറി പരാമർശം പോലുമുണ്ടായില്ല. കൊച്ചിയെ സംബന്ധിച്ചു പ്രധാനപ്പെട്ട തീരദേശ സംരക്ഷണവും മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികളോ ഇക്കുറിയുണ്ടായില്ല. ബജറ്റ് വായന കേട്ടു വാടിക്കരിഞ്ഞ നിലയിലാണു കാർഷിക മേഖല.

നാളികേരം, കമുക്, റബർ പോലെ ജില്ലയിലെ പ്രധാന കൃഷികളുമായി ബന്ധപ്പെട്ടു പദ്ധതികളൊന്നുമില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രത്യേകിച്ചു വിഹിതമില്ല. കൊച്ചി ഷിപ്‌യാഡിന് ഇക്കുറിയും വിഹിതമില്ല. ഗതിശക്തി, സാഗർമാല, സ്വച്ഛഭാരത് അഭിമാൻ പദ്ധതികൾക്കായി നീക്കിവച്ച തുകയുടെ വിഹിതം പോർട്ട് ട്രസ്റ്റിനു ലഭിക്കാൻ സാധ്യത ബാക്കിയാണെങ്കിലും തുക സംബന്ധിച്ചു സൂചനകളില്ല.

ആശ്വാസം സ്റ്റാർട്ടപ്പുകൾക്ക്

പ്രതിരോധം മുതൽ ബഹിരാകാശ ഗവേഷണം വരെയുള്ള സുപ്രധാന മേഖലകളിൽ സാധ്യതകൾ തെളിയുന്നതു സ്റ്റാർട്ടപ്പുകളുടെ കുതിപ്പിനു സഹായിക്കും. കേരളത്തിന്റെ സ്റ്റാർട്ടപ് തലസ്ഥാനമായ കൊച്ചിയിലെ യുവ സംരംഭകർക്കും പുതുവഴി തെളിയും.അഗ്രി സ്റ്റാർട്ടപ്പുകൾക്കായി പുതിയ ഫണ്ട് പ്രഖ്യാപിച്ചതും നേട്ടമാകും. കാർഷിക, ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചു പുതിയ സംരംഭങ്ങളും നിക്ഷേപവുമെത്തും. കളമശേരിയിലെ ടെക്നോളജി ഇന്നവേഷൻ സോൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത് ഒട്ടേറെ യുവ സംരംഭകരാണ്. ചെറുകിട വ്യവസായ മേഖലയ്ക്കുള്ള ആശ്വാസ പദ്ധതികളും ജില്ലയ്ക്കു പ്രയോജനപ്പെടും. കളമശേരി – ഏലൂർ– എടയാർ മേഖലകളിലാണു കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ചെറുകിട യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

കൊച്ചി മെട്രോയുടെ പേരു പോലും പറഞ്ഞില്ല

ഇലയിട്ടു വിളമ്പിയത് എടുത്തുമാറ്റിയ പോലെയായി കൊച്ചി മെട്രോയുടെ കാര്യത്തിൽ കേന്ദ്ര ബജറ്റ്. സംസ്ഥാന തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അവതരിപ്പിച്ച കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിൽ കൊച്ചി മെട്രോയുടെ 1957 കോടി രൂപയുടെ രണ്ടാംഘട്ട വികസനം അനുവദിച്ചുവെന്നു പ്രഖ്യാപിച്ച ധനമന്ത്രി ഇക്കുറി ബജറ്റ് വായിച്ചപ്പോൾ കൊച്ചി മെട്രോയുടെ പേരുപോലും പറഞ്ഞില്ല. അനുബന്ധ രേഖകളിലും കൊച്ചി മെട്രോയെക്കുറിച്ചു പരാമർശമില്ല.

നാലു മെട്രോകളാണു കഴിഞ്ഞ ബജറ്റിൽ കടന്നുവന്നത്. കൊച്ചി, ചെന്നൈ, നാഗ്പുർ, ബെംഗളൂരു. ഇതിൽ തമിഴ്നാട്ടിലും കേരളത്തിലും തിരഞ്ഞെടുപ്പു വർഷമായിരുന്നു. തിരഞ്ഞെടുപ്പിൽ മെച്ചമുണ്ടായില്ലെന്നു കണ്ടാവാം കൊച്ചിയുടെയും ചെന്നൈയുടെയും കാര്യം ഇക്കുറി മിണ്ടിയിട്ടില്ല. നാഗ്പുർ മെട്രോയ്ക്ക് ഇതിനിടയിൽ അനുമതി നൽകി. 1957 കോടി രൂപയാണു കൊച്ചിക്കു പ്രഖ്യാപിച്ചതെങ്കിലും കേന്ദ്ര വിഹിതം വെറും 338.78 കോടി രൂപ മാത്രമാണ്. വലിയ പ്രതീക്ഷകളൊന്നും ഇല്ലെങ്കിലും ആ വിഹിതം ഇക്കുറി ബജറ്റിൽ ഉണ്ടാവുമെന്നു പ്രതീക്ഷയുണ്ടായി. അതുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com