ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്ത് ബയോമൈനിങ് നടത്താൻ കരാർ ഒപ്പുവച്ചത് കൊച്ചി കോർപറേഷനും സോണ്ട ഇൻഫ്രാടെക്കും തമ്മിൽ; എന്നാൽ കരാർ കാലാവധി കഴിഞ്ഞോ എന്നു കോർപറേഷന് അറിയില്ല. സോണ്ടയുമായുള്ള കരാർ കാലാവധിയുടെ കാര്യത്തിൽ വ്യക്തത തേടി കോർപറേഷൻ സെക്രട്ടറി സർക്കാരിനു കത്തയച്ചു.കരാർ കാലാവധി സംബന്ധിച്ചു വിശദീകരണം തേടി സംസ്ഥാന വ്യവസായ വികസന കോർപറേഷനു (കെഎസ്ഐഡിസി) മാർച്ചിൽ രണ്ടു തവണ കോർപറേഷൻ കത്തയച്ചിരുന്നു. എന്നാൽ വ്യക്തതയ്ക്കും മാർഗനിർദേശങ്ങൾക്കും പരിഹാരമാർഗങ്ങൾക്കും തദ്ദേശവകുപ്പിനെ സമീപിക്കാനാണു കെഎസ്ഐഡിസി മറുപടി നൽകിയത്. തുടർന്നാണു കോർപറേഷൻ തദ്ദേശ വകുപ്പിനു കത്തയച്ചത്.ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ ടെൻഡർ വിളിച്ചതും സോണ്ട ഇൻഫ്രാടെക്കിനെ തിരഞ്ഞെടുത്തതും കെഎസ്ഐഡിസിയാണ്. എന്നാൽ സർക്കാർ നിർദേശ പ്രകാരം കരാറിൽ ഒപ്പുവച്ചതു കോർപറേഷനും. 2021 സെപ്റ്റംബർ ആറിന് ഒപ്പു വച്ച കരാറിൽ 9 മാസമായിരുന്നു കാലാവധി.

എന്നാൽ പിന്നീട് ഇംപ്ലിമെന്റേഷൻ പ്ലാൻ പ്രകാരം കരാർ നീട്ടി നൽകിയെന്നാണു കമ്പനിയുടെ വാദം.ബ്രഹ്മപുരത്തെ ബയോമൈനിങ്ങിന്റെ ചുമതല കോർപറേഷനെ ഏൽപിക്കുകയാണെങ്കിൽ അതിനു പുതിയ ഉത്തരവു വേണമെന്നും കത്തിൽ ആവശ്യമുണ്ട്. 2020 മാർച്ച് അഞ്ചിലെ സർക്കാർ ഉത്തരവു പ്രകാരം ബ്രഹ്മപുരത്തെ കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാനുള്ള ചുമതല കോർപറേഷനിൽ നിന്നു തദ്ദേശ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഈ ചുമതല  കോർപറേഷനു തന്നെ കൈമാറാൻ മുൻ ഉത്തരവിനെ മറികടന്നു പുതിയ ഉത്തരവ് വേണം.ബയോ മൈനിങ്് നടത്തുന്നതിനു ചെലവഴിക്കേണ്ട തുക കോർപറേഷന് അനുവദിക്കണം. കെഎസ്ഐഡിസി ടെൻഡറിൽ പറഞ്ഞതു പ്രകാരം ബ്രഹ്മപുരത്തു ബയോമൈനിങ്ങിനു മേൽനോട്ടം വഹിക്കാൻ തദ്ദേശ വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണം. 

ബ്രഹ്മപുരത്തു തീപിടിത്തത്തിനു ശേഷമുള്ള മാലിന്യത്തിന്റെ അളവ് കണ്ടെത്താൻ വിശദമായ ഡ്രോൺ സർവേ നടത്താൻ കരാർ കമ്പനിയോടു നിർദേശിക്കണമെന്നും കോർപറേഷൻ ആവശ്യപ്പെട്ടു. തീപിടിത്തത്തെ തുടർന്നുണ്ടായ ഹാനികരമായ മാലിന്യം സ്ഥലത്തു നിന്നു നീക്കാനുള്ള മാർഗങ്ങൾ, ഇനി എത്രത്തോളം മാലിന്യം സംസ്കരിക്കാനുണ്ട്, എത്രത്തോളം ഭൂമി വീണ്ടെടുക്കാനുണ്ട് തുടങ്ങിയ കാര്യങ്ങളും കണ്ടെത്താൻ സർവേ നടത്തണം.

‘ബ്രഹ്മപുരം മാലിന്യക്കൂമ്പാരം പരിമിതപ്പെടുത്തണം’

കൊച്ചി ∙ ബ്രഹ്മപുരത്ത് ഒരു മാലിന്യക്കൂമ്പാരത്തിന്റെ വിസ്തൃതി 750 ചതുരശ്രമീറ്ററായി പരിമിതപ്പെടുത്തണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോർപറേഷനോടു നിർദേശിച്ചു. കേന്ദ്രത്തിന്റെ നാലുചുറ്റും അഗ്നിരക്ഷാ സേനാ വാഹനങ്ങൾക്കു സഞ്ചരിക്കാൻ 10 മീറ്റർ വീതിയിലുള്ള റോഡ് സജ്ജീകരിക്കണം. നിലവിലുള്ള ഹൈഡ്രന്റ് സംവിധാനം പ്രവർത്തന ക്ഷമമാക്കണം. 50,000 ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് സ്ഥാപിക്കണം. ജലലഭ്യത ഉറപ്പാക്കാനായി കടമ്പ്രയാറിനു സമീപത്തു വിവിധ ഭാഗങ്ങളിൽ ഫയർ ഫൈറ്റിങ് പമ്പ് സ്ഥാപിക്കാനായി റോഡ്, വൈദ്യുതി വിളക്ക് സംവിധാനത്തോടു കൂടിയ 10 കോൺക്രീറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവ നിർമിക്കണം. എല്ലാ മാലിന്യക്കൂനയും ഒരേ ഉയരത്തിൽ ക്രമീകരിക്കണം. ഇക്കാര്യങ്ങൾ ഏപ്രിൽ 17നകം സജ്ജമാക്കിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമം ഉപയോഗിച്ചു നടപടി സ്വീകരിക്കുമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com