ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്തു പ്രതിദിനം 150 ടൺ ജൈവ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പുതിയ പ്ലാന്റ് സ്ഥാപിക്കാൻ കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. 48.56 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്. രൂപകൽപന മുതൽ പ്ലാന്റ് നിർമിക്കുക, കമ്മിഷൻ ചെയ്യുക, 5 വർഷക്കാലം പ്ലാന്റ് പ്രവർത്തിപ്പിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുക എന്നിവയുൾപ്പെടെയുള്ള കരാറിനാണു ടെൻഡർ ക്ഷണിച്ചത്.

പ്ലാന്റ് നിർമിക്കുന്നതിന് 39.49 കോടി രൂപയും 5 വർഷം പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി  9.07 കോടി രൂപയുമാണു കണക്കാക്കുന്നത്. ഈ മാസം 25നുളളിൽ ടെൻഡർ സമർപ്പിക്കണം. സംയുക്ത സംരംഭങ്ങളെയും കൺസോർഷ്യങ്ങളെയും പരിഗണിക്കും. രാജ്യത്തു സമാനമായ പദ്ധതികൾ നടപ്പാക്കി 5 വർഷത്തെ പരിചയം വേണം.

പ്രതിവർഷം 43,800 ടൺ മാലിന്യം കൈകാര്യം ചെയ്ത പരിചയമുണ്ടാകണം. മാലിന്യം സംസ്കരിച്ചു വളമാക്കി മാറ്റുകയും വിൽക്കുകയും ചെയ്തതിന്റെയും പരിചയ സമ്പത്ത് വേണം. ശരാശരി 24.28 കോടി രൂപയുടെ വരുമാനവും വേണം. പ്ലാന്റിലെത്തിക്കുന്ന മാലിന്യം സംസ്കരിക്കാൻ ടണ്ണിന് നിശ്ചിത തുക വീതം ടിപ്പിങ് ഫീസായി കോർപറേഷൻ നൽകും. കരാറിൽ ഒപ്പു വച്ച് 8 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയും 9 മാസത്തിനുള്ളിൽ പ്ലാന്റ് പ്രവർത്തിപ്പിക്കുകയും വേണം.

ബ്രഹ്മപുരത്തു നിലവിലുള്ള ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തന രഹിതമായിട്ട് ഏറെ നാളായി. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തിനു ശേഷം ജൈവ മാലിന്യം അവിടേക്കു കൊണ്ടു പോകുന്നുണ്ടെങ്കിലും കംപോസ്റ്റ് പ്ലാന്റ് വഴിയുള്ള സംസ്കരണം നടക്കുന്നില്ല.ഈ സാഹചര്യത്തിൽ പുതിയ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ കോർപറേഷൻ കൗൺസിൽ അനുമതി നൽകിയിരുന്നു.

മാലിന്യത്തിൽ നിന്നു വൈദ്യുതി:പ്ലാന്റിനുള്ള സാധ്യത മങ്ങി

ബ്രഹ്മപുരത്തു മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാൻ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ബെംഗളൂരു കേന്ദ്രമായ സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയിരുന്നെങ്കിലും ആ പദ്ധതി നടപ്പാകാനുള്ള സാധ്യത മങ്ങി. ബ്രഹ്മപുരത്തു ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നടപ്പാക്കാനാണു കൊച്ചി കോർപറേഷൻ ആദ്യം മുതൽ തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നത്.

ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ സംസ്കരണത്തിനു സോണ്ടയുമായി കരാർ ഒപ്പു വച്ചിട്ടുണ്ടെങ്കിലും കോർപറേഷൻ ഇതുവരെ ഒപ്പുവച്ചിട്ടില്ല. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതോടെ കോർപറേഷനിലെ ജൈവ മാലിന്യം ഇവിടെ സംസ്കരിക്കാനാകും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ക്ലീൻ കേരള കമ്പനി ഉൾപ്പെടെയുള്ള മറ്റ് ഏജൻസികൾ വഴി സംസ്കരിക്കാനാണു കോർപറേഷൻ നീക്കം. ഇതോടെ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാന്റിന്റെ സാധ്യത അടയും. മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാന്റ് നടപ്പാക്കിയാലും വിജയിക്കുമോയെന്നും ആശങ്കയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com