ADVERTISEMENT

കാക്കനാട്∙ മാലിന്യം കയറ്റി ബ്രഹ്മപുരത്തേക്ക് പോകുന്ന കൊച്ചി കോർപറേഷന്റെ ലോറികളിൽ നിന്ന് മലിന ജലം സീപോർട്ട് റോഡിലേക്ക് ഒഴുകി ഇരുപതോളം ഇരുചക്ര വാഹനങ്ങൾ തെന്നി വീണു. തൃക്കാക്കര നഗരസഭാ ജീവനക്കാരൻ ഉൾപ്പെടെ 6 പേർ ആശുപത്രിയിൽ ചികിത്സ തേടി. തെന്നി നിയന്ത്രണം വിട്ട ബൈക്കിടിച്ചു ഒരു കാൽനടക്കാരനും പരുക്കേറ്റു. തൃക്കാക്കര നഗരസഭയിലെ കരാർ ജീവനക്കാരൻ മഹേഷിന്റെ തൊളെല്ലിനാണ് പരുക്ക്. ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കലക്ടറേറ്റിനു മുൻപിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. അഗ്നിരക്ഷാ സേന വെള്ളം പമ്പു ചെയ്തു റോഡ് വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.എം.അബ്ദുൽ നസീർ, ഫയർ ഓഫിസർമാരായ എൻ.പി.നിസാം, അജിതാബ്, ടി.എസ്.പ്രശോഭ്, സന്ദീപ് മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൃത്തിയാക്കൽ. പാലാരിവട്ടം ബൈപ്പാസിനും ബ്രഹ്മപുരം പാലത്തിനും ഇടയിൽ ഒരു മാസത്തിനിടെ 10 തവണ റോഡ് കഴുകേണ്ടി വന്നെന്നു അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. ചില ദിവസങ്ങളിൽ ഒന്നിലധികം തവണ റോഡ് വൃത്തിയാക്കേണ്ടി വരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ്  മാലിന്യ ലോറികൾ റോഡിലൂടെ പോകുന്നതെന്നാണ് പരാതി.

യാത്രക്കാർക്കോ പൊതുജനങ്ങൾക്കോ റോഡ് വക്കിലെ സ്ഥാപനങ്ങൾക്കോ ബുദ്ധിമുട്ടില്ലാത്ത വിധം ലോറിയിൽ മാലിന്യം കൊണ്ടുപോകണമെന്നാണ് നിബന്ധന. ഇതൊന്നും ആരും പരിശോധിക്കാറില്ല. മാലിന്യം മൂടിക്കെട്ടുന്ന ചാക്കും ടാർപ്പോളിനും കീറിപ്പറിഞ്ഞ നിലയിലാണ്. പോകുന്ന വഴിക്കെല്ലാം മാലിന്യത്തിൽ നിന്ന് വെള്ളം റോഡിലേക്ക് ഒഴുകുന്നു. മാലിന്യംകയറ്റിയ ലോറി നിരത്തിലിറങ്ങിയാൽ അതിനു പിന്നിലൂടെ മറ്റു വാഹനങ്ങൾക്ക് സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com