ADVERTISEMENT

കൊച്ചി ∙ ചൂടു കൂടുന്ന സാഹചര്യത്തിൽ ബ്രഹ്മപുരം പ്ലാന്റിൽ കൃത്യമായ ഇടവേളകളിൽ നനയ്ക്കാൻ സംവിധാനം ഒരുക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്ലാന്റിലെ നിലവിലെ സാഹചര്യവും അഗ്നി സുരക്ഷയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള ജോലികളുടെ പുരോഗതിയും വിലയിരുത്താൻ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും കോർപറേഷൻ സെക്രട്ടറി വി.ചെൽസാസിനിയുടെയും നേതൃത്വത്തിലുള്ള സംഘം ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിച്ചു. കോർപറേഷന്റെ നേതൃത്വത്തിൽ പ്ലാന്റിൽ നിയമിച്ച ഫയർ വാച്ചർമാരുടെ പ്രവർത്തനവും വിലയിരുത്തി. 

ചൂടു കൂടുന്നതു കണക്കിലെടുത്ത് കൃത്യമായ ഇടവേളകളിൽ നനച്ചു കൊടുക്കുന്ന ജോലി നടന്നുവരുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സുരക്ഷാ സംവിധാനങ്ങളും സജ്ജമാണെന്നു വിലയിരുത്തി. പ്ലാന്റിനു സമീപത്തു കൂടി ഒഴുകുന്ന ചിത്രപ്പുഴയിൽ ജലലഭ്യത ഉറപ്പാക്കാനുള്ള ജോലികൾ നടക്കുന്നുണ്ട്. വെള്ളത്തിൽ ഉപയോഗിക്കാവുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പായലും ചെളിയും നീക്കി പുഴയുടെ ആഴം കൂട്ടുന്നുണ്ട്. 

ടെൻഡർ ചെയ്ത പദ്ധതിപ്രകാരമുള്ള ജോലി ഉടൻ തുടങ്ങാനും നിലവിൽ നടക്കുന്നവ വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഭക്ഷ്യ മാലിന്യ സംസ്കരണത്തിനായി ഒരുക്കുന്ന പുതിയ രണ്ടു പ്ലാന്റുകളുടെ നിർമാണവും ബയോ മൈനിങ്ങുമായി ബന്ധപ്പെട്ടു പ്ലാന്റിൽ നടക്കുന്ന ജോലിയുടെ പുരോഗതിയും വിലയിരുത്തി. പ്ലാന്റിനുള്ളിലൂടെയുള്ള റോഡുകളുടെ നിർമാണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോടു നിർദേശിച്ചു. പുതിയ പ്ലാന്റ് നിർമാണത്തിനു കൊച്ചി കോർപറേഷൻ ബിപിസിഎലിനു കൈമാറുന്ന സ്ഥലത്തും സംഘമെത്തി. ഡപ്യൂട്ടി കലക്ടർ വി.ഇ.അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com