ADVERTISEMENT

വൈപ്പിൻ∙ സംസ്ഥാനപാതയിൽ പള്ളിപ്പുറത്തെ വീതി കുറഞ്ഞ കലുങ്കുകൾ അപകട മേഖലയായി മാറുന്നു. വാഹനങ്ങൾ കൈവരികളിൽ വന്ന് ഇടിച്ചും അപ്രോച്ച് റോഡിൽ നിന്ന് നിയന്ത്രണം വിട്ടു പുറത്തേക്ക് ചാടിയുമുള്ള അപകടങ്ങൾ ഇവിടെ പതിവായിരിക്കുകയാണ്.. ഏറ്റവും ഒടുവിൽ ഇന്നലെ പുലർച്ചെയും ഇൻസുലേറ്റഡ് പിക്കപ് വാൻ ഇവിടെ അപകടത്തിൽപ്പെട്ടു. പള്ളിപ്പുറം സെന്റ് മേരീസ് ബസിലിക്ക സ്റ്റോപ്പിന് തെക്കു വശത്തും കോൺവന്റ് ബസ് സ്റ്റോപ്പിനു സമീപത്തുമായി ഏതാണ്ട് 100 മീറ്റർ ദൂരപരിധിയിലുള്ള രണ്ട് കലുങ്കുകളുടെയും കൈവരികൾ വാഹനങ്ങൾ വന്നിടിച്ച് തകർന്ന നിലയിലാണ്. അപകടങ്ങൾ പതിവായിട്ടും അവ ഒഴിവാക്കുന്നതിനുള്ള നടപടികളൊന്നും ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടില്ല. സംസ്ഥാന പാതയിലെ ഏതാനും പാലങ്ങൾ വർഷങ്ങൾക്കു മുൻപ് വീതി കൂട്ടി പുനർ നിർമിച്ചിരുന്നുവെങ്കിലും ഈ രണ്ട് കലുങ്കുകളും അതിൽ ഉൾപ്പെട്ടിരുന്നില്ല.

പിന്നീട് റോഡ് മികച്ച രീതിയിൽ ടാർ ചെയ്യുകയും വാഹന ഗതാഗതം വർധിക്കുകയും ചെയ്തതോടെയാണ് ഇവിടെ അപകടങ്ങൾ പതിവായത്. സാമാന്യം വീതിയുള്ള റോഡ് ഈ ചെറു പാലങ്ങൾക്ക് സമീപത്ത് എത്തുന്നതോടു കൂടി ചുരുങ്ങുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. റൂട്ട് പരിചയമില്ലാത്ത ഡ്രൈവർമാർ ആണെങ്കിൽ അപകടം ഉറപ്പാണ്. കലുങ്കുകളുടെ വീതിക്കുറവും അപകട സാധ്യതയും സൂചിപ്പിക്കുന്നതിനുള്ള സൈഡ് ലൈനോ മുന്നറിയിപ്പ് ബോർഡുകളോ ലൈറ്റുകളോ ഇതുവരെ ഇവിടെ സ്ഥാപിച്ചിട്ടില്ല. കണ്ടെയ്നർ ലോറികൾ അടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം വൈപ്പിൻ റൂട്ടിൽ അടുത്ത കാലത്തായി വർധിച്ചിരിക്കുകയാണ്. 

വലിയ മീൻ വണ്ടികളും ഇതുവഴി സ്ഥിരമായി കടന്നു പോകുന്നു. അടുത്ത വർഷം മുനമ്പം – അഴീക്കോട് പാലം തുറക്കുന്നതോടെ വാഹനത്തിരക്ക് ഇരട്ടിയാകും.കാൽനടക്കാർക്കും ഈ ഭാഗം പേടിസ്വപ്നമാണ്. ഇരു ഭാഗത്തു നിന്നും വാഹനങ്ങൾ വന്നാൽ കടന്നു പോകാൻ ഒട്ടും തന്നെ സ്ഥലമില്ല. ഇന്നലെ അപകടം സംഭവിച്ചപ്പോൾ സമീപത്തുണ്ടായിരുന്ന സ്ത്രീ ഓടി മാറിയതു കൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിലിക്കയിലേക്ക് പോകുന്നവരും സമീപത്തെ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളുമെല്ലാം നിരന്തരം കടന്നു പോകുന്ന ഭാഗമാണിത്. അപകടം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com