ADVERTISEMENT

കൊച്ചി ∙ വേണാട് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് (ജംക്‌ഷൻ) റെയിൽവേ സ്റ്റേഷനിൽ കയറാതെ എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷനിലെത്തണമെന്ന ആവശ്യം വീണ്ടും സജീവം. തൃപ്പൂണിത്തുറ, എറണാകുളം ജംക്‌ഷൻ, എറണാകുളം നോർത്ത്, ആലുവ, അങ്കമാലി എന്നീ 5 സ്റ്റോപ്പുകളാണു തിരുവനന്തപുരം– ഷൊർണൂർ– തിരുവനന്തപുരം വേണാട് എക്സ്പ്രസിന് ജില്ലയിലുള്ളത്. തിരുവനന്തപുരത്തു നിന്നെത്തുന്ന ട്രെയിൻ രാവിലെ തൃപ്പൂണിത്തുറ കഴിഞ്ഞു സൗത്ത് സ്റ്റേഷനിൽ കയറി, എൻജിന്റെ ദിശ മാറ്റിയാണു ഷൊർണൂരിലേക്കു യാത്ര തുടരുന്നത്. ഇതിനു സമയമേറെയെടുക്കും. സൗത്തിൽ നിന്നു യാത്ര തുടരുന്നവർക്ക് ഇതു സമയനഷ്ടമുണ്ടാക്കുന്നതായി ഒരു വിഭാഗം യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

പ്ലാറ്റ്ഫോം ക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന ജംക്‌ഷനിൽ, രാവിലെ തിരക്കേറിയ സമയങ്ങളിൽ അവസ്ഥ കൂടുതൽ വഷളാകുന്നതായും അഭിപ്രായമുണ്ട്. സൗത്തിലെ സ്റ്റോപ് നഷ്ടമാകുന്നതു കൊണ്ട് യാത്രക്കാർ ബുദ്ധിമുട്ടില്ലെന്ന വാദം ഇവർ ഉന്നയിക്കുന്നതു തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സൗകര്യം പറഞ്ഞാണ്. വേണാട് എക്സ്പ്രസ് സൗത്തിൽ എത്തുന്നതിനു മുൻപേ തൃപ്പൂണിത്തുറയിൽ നിന്നു മെട്രോ ട്രെയിൻ വഴി കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്താമെന്നു ചൂണ്ടിക്കാട്ടുന്നു. കൊല്ലം ഭാഗത്തുനിന്ന് എറണാകുളത്തേക്കു രാവിലെയുള്ള സ്ഥിരം യാത്രക്കാർക്കു പാലരുവി എക്സ്പ്രസിനു ശേഷം ആശ്രയം വേണാടാണ്.

രാവിലെ പുതിയ കൊല്ലം– എറണാകുളം മെമു ലഭിക്കാതെ വേണാടിന്റെ സ്റ്റേഷൻ മാറ്റരുതെന്ന ആവശ്യവുമുണ്ട്. വേണാടിന്റെ സ്റ്റേഷൻ മാറ്റം ആവശ്യപ്പെട്ടു വിവിധ സംഘടനകളും സമൂഹമാധ്യമ കൂട്ടായ്മകളും ദക്ഷിണ റെയിൽവേ അധികൃതർക്കു നിവേദനം നൽകി. എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള പുതിയ ട്രെയിനുകൾക്കു സൗത്ത് സ്റ്റേഷനിലെ സ്ഥലപരിമിതി തടസ്സമാകരുതെന്നു ചൂണ്ടിക്കാട്ടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com