ADVERTISEMENT

ഉടുമ്പന്നൂർ ∙ സഞ്ചാരികൾക്ക് വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന മുറംകെട്ടിപാറ വ്യൂ പോയിന്റിലേക്ക് സഞ്ചാരികൾക്ക് സ്വാഗതമരുളി സ്ഥാപിച്ചിട്ടുള്ള ഫലകം വേറിട്ട കാഴ്ചയായി.  ഉടുമ്പന്നൂർ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് മുറം കെട്ടിപ്പാറ. ദിവസവും നൂറു കണക്കിന് സഞ്ചാരികൾ ആണ് ഇവിടേക്ക് എത്തുന്നത്. ലോ റേഞ്ചിൽ ആണെങ്കിലും ഹൈറേഞ്ചിലെ തണുത്ത കാലാവസ്ഥയാണ് ഉപ്പുകുന്നിൽ.

ഉപ്പുകുന്ന് വ്യൂ പോയിന്റ്, ഇവിടുത്തെ തേയില തോട്ടം, ഇടുക്കി വന മേഖലയിലൂടെ വലിയമാവ് വഴിയുള്ള യാത്ര, ആദിവാസി സംസ്കൃതി കേന്ദ്രം സ്മൃതി, കള്ളിക്കൽ പുഴ, നിരവധി കാവുകളും അമ്പലങ്ങളും അങ്ങനെ നീളുന്നു ഈ പട്ടിക. ഇത് കൂടാതെ കിലോ മീറ്ററുകൾക്കിപ്പുറം കുളമാവ് ഡാം, നാടുകാണി പവലിയൻ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കാഴ്ചകൾ ഇവിടെയുണ്ട്‌. ഇത് സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട കേന്ദ്രമാക്കി ഉപ്പുകുന്നിനെ മാറ്റിയിട്ടുണ്ട്. ഉപ്പുകുന്നിലെത്തിയാൽ   മുറംകെട്ടി പാറയ്ക്ക് പുറമേ  നിരവധി കാഴ്ചകൾ ഉണ്ട്‌.

അടിസ്ഥാനസൗകര്യങ്ങളില്ല മുഖം തിരിച്ച് ടൂറിസം വകുപ്പ് 
ഉപ്പുകുന്ന് വിനോദ സഞ്ചാര വികസന  സാധ്യത ഏറെ ഉള്ള പ്രദേശമാണ്. എന്നാൽ സഞ്ചാരികൾക്ക് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് സൗകര്യം  ഒരുക്കാൻ പഞ്ചായത്തിനോ ഡിടിപിസിയ്ക്കോ വിനോദ സഞ്ചാര വകുപ്പിനോ വനം വകുപ്പിനോ കഴിഞ്ഞിട്ടില്ല. സഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കുന്ന കാര്യത്തിൽ ജില്ലാ ടൂറിസം വകുപ്പിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഈ പ്രദേശത്ത് ഹോം സ്റ്റേകളും സർവീസ് വില്ലകളും ഉൾപ്പെടെയുള്ളവ തുടങ്ങാൻ വകുപ്പിന്റെ തല തിരിഞ്ഞ നയം മൂലം കഴിയുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഹോം സ്റ്റേയും സർവീസ് വില്ലകളും നടത്താൻ പട്ടയം ഉള്ള ഭൂമി വേണമെന്ന വകുപ്പിന്റെ നിയമമാണ് വിനയായിരിക്കുന്നത്.  

ഇടുക്കി ജില്ലയിൽ ഈ നിബന്ധന പ്രായോഗികമല്ലെന്നും നാട്ടുകാർ പറയുന്നു. ഉപ്പുകുന്നിൽ പട്ടയം ഭൂമി ഉള്ളവർ കുറവാണ്. കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് സമീപം ഉള്ള ഭൂമിയിൽ കൂടുതലിനും പട്ടയമില്ല. എന്നാൽ കൈവശ രേഖയും വനാവകാശ രേഖയും ഉണ്ട്‌. ഇത് പരിഗണിക്കാൻ ജില്ലാ ടുറിസം വകുപ്പ് ഉദ്യോഗസ്ഥർ തയാറുമല്ല. നിയമത്തിന്റെ നൂലാമലയിൽ കുടുക്കി എങ്ങനെ നാട്ടിൽ ചെറിയ സംരംഭം പോലും തുടങ്ങുന്നത് തടയാമെന്ന നിലപാടാണ് ജില്ലയിലെ ടുറിസം വകുപ്പ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇത് അറിയാവുന്ന സംരംഭകർ ആരും ഉപ്പുകുന്നിൽ സംരംഭം തുടങ്ങാൻ അപേക്ഷ പോലും നൽകാൻ മുന്നോട്ടു വരില്ല . ഇതിന് പുറമേ വനം വകുപ്പിന്റെ അതിരു കടന്ന നിയന്ത്രണങ്ങളും ഉപ്പുകുന്നിന്റെ വിനോദ സഞ്ചാര വികസനത്തിന്‌ തിരിച്ചടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com