ADVERTISEMENT

തൊടുപുഴ∙ കൊട്ടിഘോഷിച്ച് തമിഴ്നാട്ടിലേക്കു സർവീസ് ആരംഭിച്ച 2 കെഎസ്ആർടിസി ബസുകളിലൊന്ന് തുടക്കത്തിലെ നിർത്തി. കഴിഞ്ഞ മാസം 11ന് ആണ് സർവീസ് ആരംഭിച്ചത്. തൊടുപുഴ, മൂലമറ്റം പ്രദേശത്തുള്ളവർക്ക് തേനിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് 2 ബസുകൾ സർവീസ് ആരംഭിച്ചത്. ആലപ്പുഴയിൽനിന്നു തുടങ്ങുന്ന ബസ് എറണാകുളത്തെത്തി ഇവിടെനിന്നു തൊടുപുഴ വഴിയാണ് തമിഴ്‌നാട്ടിലേക്ക് സർവീസ് നടത്തിയത്. ഇതിൽ വൈകിട്ട് 5.30ന് തൊടുപുഴയിലെത്തി മൂലമറ്റം, ചെറുതോണി, കട്ടപ്പന, കമ്പംമെട്ടുവഴി 10.55ന് തേനിയിലെത്തുന്ന ബസ് 3 ദിവസം ഓടിച്ചശേഷം നിർത്തുകയായിരുന്നു. 

തമിഴ്‌നാട് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടേണ്ട ബസാണ് ഇത്തരത്തിൽ നിർത്തിയത്. 3 ദിവസം മാത്രമാണ് സർവീസ് നടത്തിയത്. 5.30ന് തൊടുപുഴയിൽ എത്തുമെന്നു കണക്കാക്കിയിരുന്ന ബസ് രാത്രി 9 മണിക്കുശേഷമാണ് 3 ദിവസവും തൊടുപുഴയിലെത്തിയത്. തുടർന്നു ബസ് പെട്ടെന്നു പിൻവലിക്കുകയായിരുന്നു. കമ്പം-തേനി ബസ് തമിഴ്നാട് യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ സർവീസായിരുന്നു. ഇതോടൊപ്പം തുടങ്ങിയ എല്ലാദിവസവും ഉച്ചയ്ക്ക് 2ന് കമ്പത്തുനിന്നു പുറപ്പെട്ട് 6.20ന് തൊടുപുഴയിലെത്തുന്ന ബസ് സർവീസ് തുടരുന്നുണ്ട്.

എന്താണു കാരണം
ബസ് ഇല്ലെന്ന കാരണമാണ് ഇപ്പോൾ അധികാരികൾ പറയുന്നത്. എന്നാൽ ചില സ്വകാര്യ ബസുടമകളുടെ ആവശ്യപ്രകാരമാണ് സർവീസ് നിർത്തിയതെന്നാണ് ചില കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്. 

എന്താണു പരിഹാരം
ആലപ്പുഴയിൽനിന്ന് എറണാകുളത്തെത്തി തൊടുപുഴ വഴി സർവീസ് നടത്തുന്നതിലെ സാങ്കേതികതയും പ്രശ്‌നമാണ്. ഈ സർവീസ് തൊടുപുഴയിൽനിന്ന് ആരംഭിച്ചാൽ ഒട്ടേറെ യാത്രക്കാർക്ക് പ്രയോജനപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com