ADVERTISEMENT

വിഷുവിന് തലേന്നും പ്രചരണച്ചൂടിലാണു മൂന്ന് മുന്നണി സ്ഥാനാർഥികളും. കൊന്നപ്പൂവും വിഷുക്കൈനീട്ടവും നൽകിയാണു മിക്ക സ്ഥലങ്ങളിലും പ്രവർത്തകർ സ്ഥാനാർഥികളെ സ്വീകരിച്ചത്. സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ നാളുകളാണു മൂന്ന് സ്ഥാനാർഥികളും ഇടുക്കിക്ക് വാഗ്ദാനം ചെയ്യുന്നത്.

തൊടുപുഴയിൽ കളംനിറഞ്ഞു ഡീൻ
യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് തൊടുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം ഇന്നലെ പൂർത്തിയാക്കി. കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട് എന്നീ പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭ പരിധിയിലുമാണ് ഇന്നലത്തെ പര്യടനം നടത്തിയത്. രാവിലെ കോളപ്രയിൽ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം.സലിം പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്നു കുടയത്തൂർ, മുസ്‌ലിം പള്ളി, കാഞ്ഞാർ, ആശുപത്രിപ്പടി, പന്ത്രണ്ടാം മൈൽ, അശോകക്കവല, മൂലമറ്റം, ഗുരുതികുളം, കരിപ്പിലങ്ങാട്, കുളമാവ്, പൂമാല എന്നിവിടങ്ങളിൽ ഡീൻ പര്യടനം നടത്തി. പിന്തുണ അറിയിച്ചു വനിതകളും കുട്ടികളും അടക്കം ഒട്ടേറെ പേരാണ് ഓരോ പോയിന്റിലും സ്വീകരിക്കുവാൻ എത്തിച്ചേരുന്നത്. അമ്മമാർ തലയിൽ കൈവച്ചു അനുഗ്രഹിച്ചും ആരതി ഉഴിഞ്ഞുമാണു ഡീൻ കുര്യാക്കോസിനെ സ്വീകരിക്കുന്നത്.

ഉച്ചയ്ക്കു ശേഷം പന്നിമറ്റം, വെള്ളിയാമറ്റം, ഇളംദേശം, കലയന്താനി, ചിലവ്, ശാസ്താംപാറ, ഇടവെട്ടി, കുമ്മംകല്ല്, ഉണ്ടപ്ലാവ്, മങ്ങാട്ടുകവല എന്നിവിടങ്ങളിൽ പര്യടനത്തിന്റെ ഭാഗമായി ഡീൻ കുര്യാക്കോസ് സ്വീകരണം ഏറ്റുവാങ്ങി. വൈകിട്ട് കാഞ്ഞിരമറ്റം, ഒളമറ്റം പാറ, ലക്ഷം വീട്, നടുകണ്ടം, പാറക്കടവ്, കോലാനി, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്വീകരണം ഉണ്ടായിരുന്നു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തർ എംപി സമാപന സമ്മേളനം വേങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്തു.

തൊടുപുഴയിൽ കേന്ദ്രീയ വിദ്യാലയം
‌ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം യാഥാർഥ്യത്തിലേക്കെന്നു ഡീൻ കുര്യാക്കോസ്. പദ്ധതിയുടെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചു കഴിഞ്ഞു. തൊടുപുഴയിൽ പര്യടനത്തിനു നൽകിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം.ജില്ലാ ആയുർവേദ ആശുപത്രിയിൽ സ്പോർട്സ് ആയുർവേദ റിസർച് സെൽ 1 കോടി രൂപ വിനിയോഗിച്ച് ഒന്നാം ഘട്ടം പൂർത്തീകരിച്ചു. 10 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ യഥാർഥ്യമാകുന്നത്. തൊടുപുഴയിൽ നഗരസഭാ ലൈബ്രറിക്കും തുക അനുവദിച്ചിട്ടുണ്ട്.മുണ്ടേക്കല്ലിൽ തൊടുപുഴ ഹെഡ് പോസ്റ്റ്‌ ഓഫിസിനു പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കും.

ഉടുമ്പൻചോലയെ ഇളക്കിമറിച്ച് ജോയ്സ്
വിജയപ്രതീക്ഷയിൽ ഉടുമ്പൻചോലയുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയായിരുന്നു ഇന്നലെ ജോയ്സിന്റെ പര്യടനം. ഇടതുപക്ഷം എന്തുകൊണ്ട് നിലനിൽക്കണം, ക്ഷേമപെൻഷനിലടക്കം ലോകസഭയിൽ യുഡിഎഫ് എംപിമാർ നടത്തിയ ജനവിരുദ്ധ ഇടപെടൽ, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം തുടങ്ങിയവ ചുരുങ്ങിയ വാക്കുകളിൽ വിവരിച്ച് അടുത്ത കേന്ദ്രത്തിലേക്ക്. കരിമരുന്ന് പ്രയോഗവും ആവേശോജ്വലമായ ജനങ്ങളുടെ സ്വീകരണവും പര്യടനത്തിനു കൊഴുപ്പേകി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ ജോയ്സിന് അകമ്പടിയായി. കടുത്ത വേനൽച്ചൂടിലും അപ്രതീക്ഷിതമായി പെയ്ത വേനൽമഴയെയും അവഗണിച്ചു സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ വിജയാശംസകൾ നേരാനെത്തി. സ്വീകരണത്തിനു കൊഴുപ്പേകി കലാരൂപങ്ങളും പാട്ടും ഗ്രാമങ്ങളെ ആവേശത്തിലാഴ്ത്തി.

രാവിലെ എട്ടുമണിക്ക് എൻആർ സിറ്റിയിൽ നിന്നായിരുന്നു പര്യടനം തുടങ്ങിയത്. രാജാക്കാട്, തിങ്കൾക്കാട്, കാരിത്തോട്, കൈലാസം, മാവടി, പൊന്നാമല, മഞ്ഞപ്പാറ, ഈട്ടിത്തോപ്പ്, ചെമ്പകപ്പാറ, ശാന്തിഗ്രാം, ഇരട്ടയാർ, എഴുകുംവയൽ, വലിയതോവാള, പാമ്പാടുംപാറ, പത്തിനിപ്പാറ, മുണ്ടിയെരുമ, മഞ്ഞപ്പെട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം നെടുങ്കണ്ടത്തു സമാപിച്ചു. ഉടുമ്പൻചോലയിലെ പര്യടനം രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം എം.കെ.ജോസഫാണ് എൻആർ സിറ്റിയിൽ ഉദ്ഘാടനം ചെയ്തത്. നെടുങ്കണ്ടത്ത് സംഘടിപ്പിച്ച സമാപന സമ്മേളനം എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.

കണിക്കൊന്നപ്പൂക്കൾ കയ്യിലേന്തി സംഗീത
എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന്റെ ഇടുക്കി നിയോജകമണ്ഡലത്തിലെ പര്യടനം ഇന്നലെ അവസാനിച്ചു. രണ്ടാം ദിവസമായ ഇന്നലെ രാവിലെ കുടയത്തൂർ പഞ്ചായത്തിലെ കോളപ്പറയിൽ നിന്നുമാണു പര്യടനം ആരംഭിച്ചത്. ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനേഷ് കുടിക്കയത്ത് ഉദ്ഘാടനം ചെയ്തു. കുടയത്തൂർ അറക്കുളം കഞ്ഞിക്കുഴി വാത്തിക്കുടി വാഴത്തോപ്പ് എന്നീ പഞ്ചായത്തുകൾ സഞ്ചരിച്ചു പര്യടനം ചെറുതോണിയിൽ സമാപിച്ചു. വിഷുക്കാലമായതിനാൽ കണിക്കൊന്നപ്പു നൽകിയാണ് മിക്ക സ്ഥലങ്ങളിലും ആളുകൾ സ്ഥാനാർഥിയെ സ്വീകരിച്ചത്.

വിഷുദിനത്തിൽ സ്ഥാനാർഥികൾ ഇവിടെ:
∙ഡീൻ കുര്യാക്കോസ് 
ഇന്ന് ദേവികുളം നിയോജക മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് പര്യടനം നടത്തും. കാന്തല്ലൂർ, മറയൂർ, മൂന്നാർ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ  വോട്ട് തേടും.

∙ജോയ്സ് ജോർജ് 
പൊതുപര്യടനം ഇല്ല. നാളെ തൊടുപുഴയിൽ പ്രചാരണം നടത്തും.

∙സംഗീത വിശ്വനാഥൻ – വിഷുദിനം ഇടമലക്കുടി പഞ്ചായത്തിലാണ് ആഘോഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com