ADVERTISEMENT

മൂന്നാർ ∙ കിടപ്പുരോഗിയായ വോട്ടർക്ക് വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് ഉപകരണങ്ങളുമായി കൊടുംവനത്തിലൂടെ നടന്നത് 18 കിലോമീറ്റർ. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി നൂറടിയിലെ 31-ാം നമ്പർ ബൂത്തിലെ 246-ാം നമ്പർ  വോട്ടറായ 92 വയസ്സുള്ള ശിവലിംഗത്തിന്റെ വോട്ടു രേഖപ്പെടുത്തുന്നതിനാണ് 9 അംഗ പോളിങ് ഉദ്യോഗസ്ഥസംഘം നൂറടിക്കുടിയിലെത്തിയത്.

കിടപ്പുരോഗിയായ ശിവലിംഗം ബൂത്ത് ലവൽ ഓഫിസർ വഴി വീട്ടിലിരുന്നുള്ള വോട്ടിങ് സൗകര്യത്തിന് അപേക്ഷ നൽകിയിരുന്നു. ബുധൻ രാവിലെ 6ന് മൂന്നാറിൽ നിന്നു പുറപ്പെട്ട ഉദ്യോഗസ്ഥർ ഇരവികുളം ദേശീയോദ്യാനം വഴി പെട്ടിമുടിയിലെത്തുകയും അവിടെനിന്ന് ഓഫ് റോഡ് സൗകര്യമുള്ള ജീപ്പുകളിൽ ഇടമലക്കുടിക്കടുത്തുള്ള കേപ്പക്കാടെത്തുകയും ചെയ്തു. റോഡ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ പിന്നീടുള്ള യാത്ര കാൽനടയായിട്ടായിരുന്നു.

ഉച്ചയ്ക്ക് 1.15നാണ് സംഘം നൂറടിക്കുടിയിലെത്തി ശിവലിംഗത്തിന്റെ വോട്ട് രേഖപ്പെടുത്തിയത്. മൂന്നാർ എൻജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രഫ. ജിഷ മെറിൻ ജോസ്, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക എം.ആശ, വനം വകുപ്പ് ഉദ്യോഗസ്ഥ എ.വി.ഡെസിമോൾ, ഇടമലക്കുടി വില്ലേജ് ഓഫിസർ ശ്യാംജിനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.എസ്.അഭിഷേക്, സി.എൽ.ഷിബിൻദാസ്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ.അനീഷ് കുമാർ, ഫോറസ്റ്റ് വാച്ചർമാരായ കെ.രാമൻ, ശിവസേനൻ, ബിഎൽഒ ജയകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com