ADVERTISEMENT

തൊടുപുഴ ∙ തിരഞ്ഞെടുപ്പിനാണോ സൂര്യനാണോ കൂടുതൽ ചൂടെന്ന മത്സരമാണ് ഇടുക്കിയിൽ. രാവിലെ തൊടുപുഴയിൽ സൂര്യനും തിരഞ്ഞെടുപ്പും ഒപ്പത്തിനൊപ്പമാണെങ്കിൽ ഉച്ചസമയത്ത് ഹൈറേഞ്ചിൽ സൂര്യൻ ലീഡ് പിടിക്കും. രാത്രി മൂന്നാറും കടന്ന് മറയൂരിലെത്തുമ്പോഴേക്കും സൂര്യനെ തോൽപിച്ച് തിരഞ്ഞെടുപ്പ് ചൂട് വൻഭൂരിപക്ഷത്തിൽ ജയിക്കും. കോട്ടയത്തിന്റെയും ഇടുക്കിയുടെയും അതിർത്തിയായ നെല്ലാപ്പാറയുടെ കയറ്റം കയറുമ്പോൾ മുതൽ ഓട്ടോറിക്ഷ (കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ചിഹ്നം) ഓഫാക്കുകയും രണ്ടില (കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ ചിഹ്നം) കൊഴിയുകയും ചെയ്യും. പിന്നീടങ്ങോട്ട് കൈപ്പത്തിയും അരിവാൾ ചുറ്റികയും കളം പിടിക്കുന്നു. അവിടെയും ഇവിടെയും കുടം നിറഞ്ഞുനിൽക്കുന്നു. സ്ഥാനാർഥികളുടെ ചിഹ്നത്തിലേ മാറ്റമുള്ളൂ, പോരാട്ടച്ചൂട് ഒന്നു തന്നെ. 



തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മറയൂർ ചട്ടമൂന്നാറിൽ വച്ചിരിക്കുന്ന സ്ഥാനാർഥികളുടെ ഫ്ലെക്സ് 
ബോർഡുകളുടെയും കൊടിതോരണങ്ങളുടെയും സമീപത്ത് കളിക്കുന്ന കുട്ടികൾ.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മറയൂർ ചട്ടമൂന്നാറിൽ വച്ചിരിക്കുന്ന സ്ഥാനാർഥികളുടെ ഫ്ലെക്സ് ബോർഡുകളുടെയും കൊടിതോരണങ്ങളുടെയും സമീപത്ത് കളിക്കുന്ന കുട്ടികൾ.

8 എഎം
മുൻ എംപിയും സിറ്റിങ് എംപിയും മത്സരിക്കാനെത്തുമ്പോൾ ഡീൻ കുര്യാക്കോസിനോട് അൽപം ചായ്‌വ് കൂടുതലുണ്ടെന്ന് സമ്മതിക്കുന്നു കുമാരമംഗലം സ്വദേശികളായ അഗസ്റ്റിൻ ചേട്ടനും പൊന്നപ്പൻ ചേട്ടനും. കൂടെയുള്ള രഘുച്ചേട്ടൻ പക്ഷേ, ജോയ്സിന്റെ കൂടെയാണ്. തൊഴിലുറപ്പ് തൊഴിലാളികളായ മൂവരും രാവിലെ പണിക്ക് പോകാനാണ് കവലയിലെത്തിയത്.  പാലാ – തൊടുപുഴ റോഡിന്റെ വിസ്തൃതി വെങ്ങല്ലൂർ കഴിയുമ്പോൾ ചുരുങ്ങിച്ചുരുങ്ങി പഞ്ചായത്ത് റോഡിന് തുല്യമാകുന്നെന്നാണ് എല്ലാവരുടെയും പരാതി.

മൂന്നാർ, അടിമാലി മേഖലയിലേക്ക് ആയിരക്കണക്കിനു വാഹനങ്ങൾ പോകുന്ന റോഡാണ്. കുഴികളടച്ച്, വീതിയില്ലാത്ത വളവുകൾ നിവർത്തി റോഡ് എന്ന് ശരിയാകും എന്നാണ് ചോദ്യം. ഒരു മുന്നണിയുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഈ റോഡ് ഇടം പിടിച്ചിട്ടില്ല. രണ്ടു ജില്ലകളിലൂടെ പോകുന്നതുകൊണ്ടാകും ആർക്കും ഇക്കാര്യത്തിൽ ഉത്സാഹമില്ലെന്ന് പരിഭവം.

9 എഎം
ഇടയ്ക്കൊരൽപം എറണാകുളം ജില്ല കടന്നുവന്നെങ്കിലും ഊന്നുകല്ലും നേര്യമംഗലവും പിന്നിട്ട് വീണ്ടും ഇടുക്കി ജില്ല കയറി. എറണാകുളം ഭാഗത്താകെ റോഡിന്റെ വീതി കൂട്ടൽ നടക്കുകയാണ്. ഇടയ്ക്ക് മൂവാറ്റുപുഴ – തേനി ദേശീയപാതയുടെ ഒരുഭാഗവും പിന്നിട്ടു. ഇരു ജില്ലയ്ക്കും വലിയ നേട്ടമാകുന്ന പാതയുടെ എറണാകുളം ഭാഗത്തെ പണികളൊക്കെ പൂർത്തിയായി കുട്ടപ്പനായിട്ടുണ്ട്.

പക്ഷേ, ഇടുക്കി ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് പോലും പൂർത്തിയായിട്ടില്ല. ഈ വഴിയൊന്നും സ്ഥാനാർഥികൾ എത്തിയിട്ടില്ലെന്ന് പറയുന്നു വഴിയിൽ കരിക്ക് വിൽക്കുന്ന ത്രേസ്യാമ്മ ചേട്ടത്തി. നേര്യമംഗലം അടിമാലി പാതയിലെ വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ വരണ്ടുണങ്ങി കിടക്കുന്നു. ഏതാനും സഞ്ചാരികൾ വെള്ളമില്ലാത്ത വെള്ളച്ചാട്ടത്തിനു സമീപം നിന്ന് സെൽഫി എടുക്കുന്നുണ്ട്. 

11 എഎം
ഇരുമ്പുപാലത്ത് കഞ്ഞിക്കട നടത്തുന്ന മോഹനൻ ചേട്ടന്റെ പരാതി തിരഞ്ഞെടുപ്പിന് പഴയ ആവേശമില്ലെന്നാണ്. പ്രചാരണത്തിന് സ്ഥാനാർഥികളൊന്നും ഈ വഴി വന്നിട്ടില്ലത്രെ. പ്രാദേശിക നേതാക്കൾ ലഘുലേഖകളും നോട്ടിസും വീട്ടിലെത്തിച്ചു. വോട്ട് ചെയ്യണമെന്ന് പോലും പറയാതെ നോട്ടിസ് ഏൽപിച്ച് അവർ പോയി. എന്തായാലും ആർക്ക് വോട്ട് ചെയ്യണമെന്നൊക്കെ നേരത്തേ മനസ്സിലുറപ്പിച്ചിട്ടുണ്ടെന്ന് കടയിലെ ഒഴിഞ്ഞ കസേരകൾ നോക്കി മോഹനൻ പറയുന്നു. അടിമാലി ടൗൺ എത്തുന്നതോടെ മൂന്ന് മുന്നണികളുടെയും ഫ്ലെക്സുകൾ തെളിഞ്ഞു തുടങ്ങി. ഫണ്ട് കുറവായതിനാലാകണം കട്ടൗട്ടുകളും കൂറ്റൻ ഫ്ലെക്സുകളുമെല്ലാം വഴിയിൽ നന്നേ കുറവ്. 

‘തിരഞ്ഞെടുപ്പൊക്കെ വരും പോകും, ഞങ്ങൾ കർഷകരുടെ കാര്യം കേൾക്കാൻ ആരെങ്കിലും തയാറാണെങ്കിലേ വോട്ട് നൽകൂ’ എന്ന് മരങ്ങാട്ടുമ്യാലിൽ ജോൺ പറയുന്നു. രണ്ടരയേക്കർ കൊക്കോ തോട്ടം വെട്ടി റബർ വച്ചതിന്റെ മൂന്നാം മാസം കൊക്കോ വില റോക്കറ്റ് പോലെ ഉയർന്നതിന്റെ വിഷമത്തിലാണ് ജോൺ. ‘ഇവിടെയൊക്കെ ഇപ്പോ എല്ലാവരും കൊക്കോ കൃഷിയിലേക്ക് മാറി. തൈ പാകമായി വരുമ്പോഴേക്കും വിലയിടിയാതിരുന്നാൽ മതി’ – ജോൺ പറയുന്നു. മുൻപൊക്കെ പഴുത്ത കായ മാത്രം പറിച്ചിരുന്ന കൊക്കോ കർഷകരൊക്കെ ഇപ്പോ നിലത്തിരുന്ന് കരിയില പൊക്കി നോക്കി അണ്ണാനും പക്ഷികളും കഴിച്ചിട്ട് ഇട്ടിരിക്കുന്ന കൊക്കോ കുരു വരെ തിരഞ്ഞ് എടുക്കുകയാണ്. വില കൂടിയപ്പോൾ വിളവില്ലാത്ത അവസ്ഥയായെന്ന് അടിമാലിയിലെ കൊക്കോ കർഷകയായ യശോദ നാരായണൻ പറഞ്ഞു.

1 പിഎം
രാജമലയും ചട്ടമൂന്നാറും കടന്ന് മറയൂരിലെ ചന്ദനക്കാടുകളിലേക്ക് കടക്കുമ്പോഴേ തിരഞ്ഞെടുപ്പിന്റെ ഭാഷ മാറും. പിന്നങ്ങോട്ട് ‘തേർത്തൽ’ (തിരഞ്ഞെടുപ്പ്) ആണ്. ഡീൻ കുര്യാക്കോസിന്റെയും ജോയ്സ് ജോർജിന്റെയും സംഗീത വിശ്വനാഥന്റെയും പേരുകൾ തമിഴിലാണ് എഴുത്ത്. അനൗൺസ്മെന്റുകളും ചുവരെഴുത്തുകളുമെല്ലാം തമിഴിൽ. ലയങ്ങൾ പോലുള്ള ചെറിയ കോളനികളിലെല്ലാം പാർട്ടി കൊടികൾ പാറുന്നു. തിരഞ്ഞെടുപ്പ് ആവേശം ശരിക്കും അഞ്ചുനാട്ടിലാണെന്ന് തോന്നുംവിധം പ്രചാരണം പൊടിപൊടിക്കുന്നു.

പ്രാദേശിക നേതാക്കളും പ്രവർത്തകരും സ്ക്വാഡുകളായി തിരിഞ്ഞ് എസ്റ്റേറ്റ് ലയങ്ങളിലും വീടുകളിലും കയറിയിറങ്ങുന്നു. ഇവിടെ ചൂടില്ല, ‘തേർത്തൽ’ വാശി മാത്രം. ചന്ദനക്കാട് കഴിഞ്ഞപ്പോൾ ശർക്കരയുടെ മണം മൂക്കിലേക്ക് അടിച്ചുകയറാൻ തുടങ്ങി. ഇവിടെയുള്ള ശർക്കര നിർമാണശാലകളെല്ലാം തിരക്കിലാണ്. വഴിനീളെ പാർട്ടി തോരണങ്ങളും കൊടികളും ഫ്ലെക്സുകളുമുണ്ട്. സ്ഥാനാർഥികൾ മൂന്നുപേരും ആദ്യം തന്നെ പ്രദേശത്ത് എത്തി റാലികൾ നടത്തി. തമിഴിലും മലയാളത്തിലുമായി പ്രസംഗിച്ചു. 

3 പിഎം
അരിക്കൊമ്പനുമായി വനംവകുപ്പ് ലോറി പോയ ഗ്യാപ് റോഡിലൂടെയാണ് യാത്ര. ഈ റോഡിന്റെ ക്രെഡിറ്റ് എടുക്കാൻ മൂന്നു മുന്നണികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ വഴിയിലൊന്നും സ്ഥാനാർഥികളുടെ ഫ്ലെക്സ് ബോർഡുകളോ ഗ്യാപ് റോഡിലെ പാറ തുരന്നിടത്ത് ചുവരെഴുത്തുകളോ ഇല്ല. ചൂട് കൂടിയതോടെ തദ്ദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞു. വിദേശികൾ ഏറെയെത്തുന്നുണ്ട്. ‘മലയാളികളായ സഞ്ചാരികളെത്തിയാലേ നമ്മൾക്ക് കച്ചവടം ലഭിക്കൂ’ – ഗ്യാപ് റോഡ് കള്ളന്റെ ഗുഹയ്ക്ക് സമീപം സ്റ്റാൾ നടത്തുന്ന ലക്ഷ്മിയമ്മാൾ പറയുന്നു. ഗ്യാപ് റോഡവസാനിച്ച് പൂപ്പാറ ടൗണിലെത്തി.

പുഴയുടെ സമീപത്തെ കടകളൊക്കെ താഴിട്ട് പൂട്ടിയ സ്ഥിതിയിലാണ്. അടഞ്ഞുകിടക്കുന്ന ഷട്ടറുകൾക്കു മുന്നിൽ മേശയിട്ട് ചിലർ ലോട്ടറി കച്ചവടവും പൂക്കച്ചവടവും നടത്തുന്നുണ്ട്. ഡീൻ കുര്യാക്കോസിന്റെ ഫ്ലെക്സ് ബോർഡ് ഒരു ഷട്ടറിൽ ചാരിവച്ചിരിക്കുന്നു. ജോയ്സ് ജോർജിന്റെ ഫ്ലെക്സോ പോസ്റ്ററോ പരിസരത്തൊന്നുമില്ല. പെരിയകനാലിലെത്തുമ്പോൾ എൽഡിഎഫ് പോസ്റ്ററിൽ പിണറായി വിജയന് പകരം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇടംപിടിക്കുന്നു. ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും ഇടുക്കിയിൽ ഡിഎംകെ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

4 പിഎം
പാമ്പാടുംപാറയിലെ ദേശീയ ഏലം ഗവേഷണ കേന്ദ്രം പിന്നിട്ടു. റോഡിന് ഇരുവശവും ഏലത്തോട്ടങ്ങളാണ്. തോട്ടങ്ങളിലെ പണി കഴിഞ്ഞ് തമിഴ്നാട്ടുകാരായ തൊഴിലാളികളുമായി മടങ്ങുന്ന ജീപ്പുകളുടെ ബഹളമാണ് റോഡിൽ. അപകടസാധ്യത കൂടുതലായ ഈ വേഗപ്പാച്ചിലിന് അധികൃതർ എത്രയും പെട്ടെന്ന് കൂച്ചുവിലങ്ങിടണമെന്ന് തോന്നി. ഏലത്തോട്ടങ്ങളിലും ചെറുതായി ഉണക്ക് ബാധിച്ചിട്ടുണ്ട്. ഇടത് - വലത് മുന്നണികളിൽ ആരു തിരഞ്ഞെടുക്കപ്പെട്ടാലും ഏലം കർഷകർക്കു വേണ്ടി ഇടപെടൽ നടത്തണമെന്നാണ് ചേറ്റുകുഴിയിലെ ഏലം കർഷകൻ ഷിജു ജോസഫിന് പറയാനുള്ളത്.

‘മുൻ എംപിമാരായിരുന്ന ഇരു സ്ഥാനാർഥികളും ഏലം കർഷകർക്കു വേണ്ടി എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. എന്നാൽ ഇടുക്കി മണ്ഡലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകേണ്ട മേഖലയാണ് ഏലം കൃഷി. സ്പൈസസ് ബോർഡിൽ നിന്ന് ഏലം ബോർഡിനെ വേർപെടുത്തി കർഷകർക്ക് സബ്സിഡിയും ആനുകൂല്യങ്ങളും നൽകണം. കർഷകർക്ക് വേണ്ടി സംസാരിക്കാൻ ശക്തനായ നേതാവ് വേണം’ – ഷിജു പറയുന്നു.

5 പിഎം
ഉടുമ്പൻചോലയിൽ തിരഞ്ഞെടുപ്പിന്റെ വലിയ ബഹളങ്ങളില്ല. ചൂട് കൂടിയതിനാലാകണം ടൗണിലും വലിയ തിരക്കില്ല. ആളുകളൊക്കെ പുറത്തിറങ്ങുന്നത് കുറഞ്ഞു. ‘ടൗണിൽ വരണമെങ്കിൽ കാശ് വേണ്ടേ, എല്ലാരും പരുങ്ങലിലാണ്’ – ടൗണിൽ മുറുക്കാൻ കട നടത്തുന്ന രാഘവൻ പറയുന്നു. കാര്യം ഇടതുമുന്നണിയുടെ കോട്ടയാണ് ഉടുമ്പൻചോലയെങ്കിലും ഇത്തവണ ഡീൻ വീണ്ടും ജയിക്കും എന്ന വാദമാണ് രാഘവൻ ചേട്ടന്റേത്. ലോക്സഭാ തിരഞ്ഞെടുപ്പ് ആണെങ്കിലും ഫലം വരുന്നത് സംസ്ഥാന സർക്കാരിനെതിരെയാകുമെന്നും അദ്ദേഹം പറയുന്നു. 

നെടുങ്കണ്ടത്തെ എം.എം.മണി എംഎൽഎയുടെ ഓഫിസ് തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. രാവിലെ 9 മുതൽ തന്നെ സജീവമാകുന്ന ഓഫിസിൽ ചർച്ചകളും കമ്മിറ്റികളുമായി രാത്രി 9 വരെ ആളുകളുണ്ടാകും. തിരക്കുകൾക്കിടയിലും എം.എം.മണി പരമാവധി ഓഫിസിലെത്താറുണ്ട്. എംഎൽഎയുടെ പഴ്സനൽ അസിസ്റ്റന്റ് മാർട്ടിൻ മാത്യുവും അഡീഷനൽ സ്റ്റാഫ് രഞ്ജിത് രവിയുമാണ് ഓഫിസിൽ. ഇടതു മുന്നണി സ്ഥാനാർഥി ജോയ്സ് ജോർജ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ഇരുവരുടെയും അഭിപ്രായം.

എംഎൽഎ എന്ന നിലയിൽ എം.എം.മണി ഉടുമ്പൻചോല മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ ഇടതു മുന്നണിയുടെ വോട്ടായി മാറും. ഇടതുപക്ഷത്തിന് പിന്തുണ നൽകുന്ന കേരള കോൺഗ്രസ് വോട്ട് കൂടിയാകുമ്പോൾ ജോയ്സിന്റെ വിജയം ഉറപ്പാണ്. മുൻ എംപി എന്ന നിലയിൽ ഇരുമുന്നണികളുടെയും സ്ഥാനാർഥികളെയും വിലയിരുത്താൻ പൊതുജനത്തിന് കഴിയുമെന്നുമാണ് ഇരുവരുടെയും അഭിപ്രായം. 

6 പിഎം
കുമളിയിലും തേക്കടി റോഡിലും തിരക്കില്ല. ചില വിദേശ സഞ്ചാരികളുണ്ടെങ്കിലും ട്രിപ് ജീപ്പുകൾക്കും ഗൈഡുമാർക്കുമെല്ലാം മോശം സമയമാണെന്ന് ഡ്രൈവർമാരായ തങ്കച്ചനും സുബിനും. ഇത്തവണ തിരഞ്ഞെടുപ്പിന് ആവേശം കുറവാണെന്ന അഭിപ്രായമാണ് ഇരുവർക്കും. എങ്കിലും സ്ഥാനാർഥികളെ മൂന്നു പേരെയും ടൗണിൽ കണ്ടെന്നും അവർ വോട്ട് ചോദിച്ചിട്ടുണ്ടെന്നും തങ്കച്ചൻ പറഞ്ഞപ്പോൾ എൻഡിഎ സ്ഥാനാർഥിയെ കണ്ടില്ലെന്ന് സുബിൻ. ‘നീ ഓട്ടം പോയപ്പോളാകും വന്നത്. ഏറ്റവും ആദ്യം എത്തിയത് എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥനാണ്’ – തങ്കച്ചൻ തിരുത്തി. സ്ഥാനാർഥിയെ കണ്ടില്ലെങ്കിലും ഇത്തവണ എൻഡിഎ കുറച്ചധികം വോട്ട് പിടിക്കുമെന്ന് സുബിൻ ഉറപ്പിക്കുന്നു. എൽഡിഎഫിന്റെ വോട്ടായിരിക്കും കൂടുതൽ എൻഡിഎയിൽ എത്തുകയെന്നും ഇവർ പറയുന്നു.

സ്പ്രിങ്‌വാലിയിൽ വഴിയിലൊന്നും ഫ്ലെക്സുകളോ കൊടിയോ കാണത്തതെന്താണെന്ന് ചോദിച്ചപ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന കുഞ്ഞുമോനും റെജിയും സിബിയുമെല്ലാം ഒന്നിച്ചു ചിരിച്ചു. ‘ദേ ഈ വെയ്റ്റിങ് ഷെഡിനു തൊട്ടുപിന്നിലുള്ളതാണ് ഞങ്ങളുടെ ബൂത്ത്. ബൂത്തിനടുത്ത് പ്രചാരണ അലങ്കാരങ്ങൾ പാടില്ലല്ലോ’.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാകും ഈ തിരഞ്ഞെടുപ്പെന്നാണ് ഇവരുടെ അഭിപ്രായം. വോട്ടൊക്കെ തങ്ങൾ നേരത്തേ മനസ്സിലുറപ്പിച്ചെന്നു സ്പ്രിങ്‌വാലിക്കാരും പറയുന്നു. 

7 പിഎം
വണ്ടിപ്പെരിയാറും പീരുമേടും പിന്നിട്ട് വാഗമണ്ണിലെത്തിയപ്പോഴേക്കും ഇരുട്ട് വീണു. ചൂടൊക്കെമാറി ചുറ്റും മഞ്ഞ് നിറഞ്ഞു. ഫോഗ് ലാംപ്‍ തെളിച്ച് വാഹനങ്ങൾ വരുന്നു. ചെറിയ ചായക്കടകളിലും കവലകളിലും സ്വറ്റർ ഇട്ടിരിക്കുന്ന ആളുകളുടെ ചർച്ചാവിഷയം തിരഞ്ഞെടുപ്പ് തന്നെയാണ്. മലയിറങ്ങി കാഞ്ഞാറിലെത്തിയപ്പോഴേക്കും രാത്രിയായി. ചെറിയൊരു മഴ ലോറേഞ്ചിനെ തണുപ്പിച്ചിട്ടുണ്ട്. രാത്രിയിലും പാർട്ടി പ്രവർത്തകർ വീടുകളിൽ കയറിയിറങ്ങി പ്രചാരണം നടത്തുന്നു. ‘തിരഞ്ഞെടുപ്പ് അർജന്റ്’ എന്ന ബോർഡുമായി ഒന്നിലേറെ വണ്ടികൾ കടന്നുപോയി. സീനിയർ സിറ്റിസൻ സ്പെഷൽ വോട്ടുകൾ വീട്ടിലെത്തി ചെയ്യിച്ച ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് മടങ്ങുന്നതാണ്. ഇടുക്കിക്കാർ വോട്ട് ചെയ്ത് തുടങ്ങിക്കഴിഞ്ഞു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com