ADVERTISEMENT

രാജകുമാരി∙ മധുര മീനാക്ഷി ക്ഷേത്രത്തിലെ ചിത്തിരൈ ഉത്സവത്തോടനുബന്ധിച്ച് വൈഗെ അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റുകൾ തുറന്ന് വെള്ളം വൈഗെ നദിയിലേക്ക് ഒഴുക്കിത്തുടങ്ങി. ക്ഷേത്രത്തിലെ കല്ലളഗർ ദേവന്റെ ആറാട്ട് നടത്താനാണ് എല്ലാ വർഷവും ചിത്തിരൈ ഉത്സവത്തോടനുബന്ധിച്ച് വൈഗെ അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റുകൾ തുറന്ന് വെള്ളം നദിയിലേക്കാെഴുക്കുന്നത്. 23ന് ആണ് കല്ലളഗർ ദേവൻ രഥത്തിൽ ആറാട്ടിനായി വൈഗെ നദിയിൽ എത്തുന്നത്.

ചടങ്ങ് അവസാനിക്കുന്നതോടെ അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടയ്ക്കും. 71 അടിയാണ് വൈഗെ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. നിലവിൽ 59.15 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ചിത്തിരൈ ഉത്സവത്തിനായി 216 ദശലക്ഷം ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. 

മുല്ലപ്പെരിയാർ വീണ്ടും ചർച്ചയാക്കി തേനി മണ്ഡലം
താൻ വിജയിച്ചാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ വേണ്ട ശ്രമം നടത്തുമെന്ന് ഡിഎംകെ സ്ഥാനാർഥി തങ്കത്തമിഴ്സെൽവൻ വോട്ടെടുപ്പ് ദിവസം പ്രഖ്യാപിച്ചിരുന്നു. തേനിയുൾപ്പെടെയുള്ള ജില്ലകളിലെ വോട്ടർമാരെ സ്വാധീനിക്കാൻ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ മുല്ലപ്പെരിയാർ വിഷയം ഉയർത്തിക്കൊണ്ടു വരുന്നത് പതിവാണ്. ഇത്തവണ സിപിഎമ്മും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥി തന്നെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്.

ഇത് പുതിയ അണക്കെട്ടിനായി രംഗത്തുള്ള കേരളത്തിന്റെ നിലപാടുകൾക്ക് എതിരാണെന്ന വാദമുയർന്നിട്ടുണ്ട്. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണ ശേഷി. മഴയില്ലാത്തപ്പോൾ വരണ്ടു കിടക്കുന്ന വൈഗെ നദിയിലേക്ക് വെള്ളമെത്തണമെങ്കിൽ മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ആദ്യം വൈഗെ അണക്കെട്ടിലെത്തിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com