ADVERTISEMENT

മൂന്നാർ ∙ സഞ്ചാരികളുടെ പറുദീസയായ രാജമലയിൽ വെർച്വൽ റിയാലിറ്റി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കി വനംവകുപ്പ്. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല അഞ്ചാംമൈലിലെ പ്രവേശന കവാടത്തിലാണ് ഇരവികുളത്തിന്റെ ചരിത്രം വിളിച്ചോതുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ദൃശ്യങ്ങൾ (ചെറു ഡോക്യുമെന്ററി) അടങ്ങിയ വെർച്വൽ റിയാലിറ്റി സംവിധാനം ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചത്. 

രാജമല പ്രവേശനത്തിനായി ടിക്കറ്റ് എടുത്ത ശേഷം വാഹനത്തിനായി കാത്തുനിന്നു മുഷിയുന്നത് ഒഴിവാക്കി ഇരവികുളത്തെ സസ്യമൃഗാദികളുടെ ആവാസവ്യവസ്ഥയും ഇരവികുളത്തിന്റെ തനിമയും വിവിധ ഭാഷകളിലായി വിവരിച്ച് സഞ്ചാരികൾക്ക് പ്രത്യേക അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനമൊരുക്കിയിരിക്കുന്നത്. ഒരേ സമയം 12 പേർക്ക് ഇത് ഉപയോഗിക്കാമെന്ന് ഈ സംവിധാനത്തിന് മേൽനോട്ടം വഹിച്ച വനം വകുപ്പ് ഫീൽഡ് ഡയറക്ടർ പി.പി.പ്രമോദ്, വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ നിതിൻ ലാൽ എന്നിവർ പറഞ്ഞു.

പുതിയ സംവിധാനങ്ങൾ
∙ ഇനി മുതൽ അഞ്ചാംമൈലിലെ പ്രധാന പ്രവേശന കവാടത്തിൽ സന്ദർശകരുടെ വാഹനങ്ങൾ നിർത്താൻ അനുവദിക്കില്ല (തിരക്കുള്ള ദിവസങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം). പ്രവേശന കവാടം കഴിഞ്ഞുള്ള സന്ദർശക ഗാലറിക്ക് സമീപം സന്ദർശകരെ ഇറക്കി വാഹനങ്ങൾ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിടണം.

∙ സന്ദർശക ഗാലറിയിൽ എത്തുന്ന സന്ദർശകർക്ക് പുതുതായി സ്ഥാപിച്ചിട്ടുള്ള ടിക്കറ്റ് വെൻഡിങ് കിയോസ്കുകൾ, വാട്സാപ് ക്യുആർ കോഡ് എന്നിവ വഴി ഓൺലൈനായി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം.

∙ ടിക്കറ്റ് സ്കാൻ ചെയ്ത് അകത്തു പ്രവേശിക്കുന്നവർക്ക് 10 മിനിറ്റ് വെർച്വൽ റിയാലിറ്റി സംവിധാനം കാണാം. ഇവിടെനിന്ന് ഓർക്കിഡേറിയം, പന്നൽ ഗാർഡൻ എന്നിവ സന്ദർശിച്ച ശേഷം ബസിൽ രാജമലയിലേക്ക് പുറപ്പെടാം.
∙ സന്ദർശനം കഴിഞ്ഞു മടങ്ങുന്നവർക്കായി നിർമിച്ച പുതിയ കഫറ്റേരിയ, സുവനീർ ഷോപ്പ് എന്നിവയുടെ സേവനം ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com