ADVERTISEMENT

തൊടുപുഴ ∙ വോട്ടറുടെ മനസ്സിലേക്ക് ഇരച്ചു കയറുന്ന വാക്കുകളാണ് പ്രചാരണ അനൗൺസ്മെന്റുകളിൽ നിറയുന്നത്. സാഹിത്യഭംഗിയുള്ളതും എതിർസ്ഥാനാർഥിയുടേതിനെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നതുമായ അനൗൺസ്മെന്റുകൾ, തികഞ്ഞ ശബ്ദസൗകുമാര്യത്തോടെ റെക്കോർഡ് ചെയ്താണു ജനങ്ങളിലേക്ക് എത്തിക്കുന്നത്. വോട്ടർമാരെ രോമാഞ്ചം കൊള്ളിക്കുന്ന വിളംബരശബ്ദങ്ങൾ ഇടുക്കിയുടെ മലമടക്കുകളിൽ അലയടിക്കുകയാണ്. വായിച്ചുകേൾക്കാം ഇടുക്കിയുടെ വിളംബരങ്ങൾ..

ജനങ്ങളുടെ സ്വന്തം ഡികെ
∙ ഡികെ എന്ന ചുരുക്കെഴുത്താണു ഡീൻ കുര്യാക്കോസിന്റെ അനൗൺസ്മെന്റിൽ നിറഞ്ഞുനിൽക്കുന്നത്. ജില്ലയുടെ പ്രകൃതിസൗന്ദര്യം നിറഞ്ഞുനിൽക്കുന്ന പ്രചാരണവാക്യങ്ങൾ തയാറാക്കിയിരിക്കുന്നത് മൂവാറ്റുപുഴ സ്വദേശിയായ ഷിഹാബാണ്. പ്രചാരണത്തിൽ തരംഗമാകുന്ന വരികളിലൂടെ....

‘‘ഇടുക്കിയുടെ മലനിരകളെ തഴുകിയുണർത്തിക്കൊണ്ട്,  അളവിന്റെ ദന്തഗോപുരങ്ങൾക്കു മുകളിൽ മികവിന്റെ വെന്നിക്കൊടി പാറിച്ചവൻ, വീണ്ടും വരികയാണവൻ, ഇടുക്കിയുടെ ഡികെ. ഇടുക്കിയുടെ സ്വന്തം ഡീൻ കുര്യാക്കോസ്. ലോകം വിറങ്ങലിച്ച കോവിഡ് മഹാമാരിക്കാലത്ത്, ഇടുക്കിയെ മാറോടു ചേർത്തവൻ, പ്രളയം തീർത്ത പ്രതിസന്ധിക്കാലത്തു പ്രതിരോധം തീർത്തുകൊണ്ട് രാവും പകലും ഇടുക്കിയെ പ്രാണനായി കൂടെ ചേർത്തുനിർത്തിയവന് ഒറ്റപ്പേര്, ഡികെ.’’ 

രാഷ്ട്രീയം പറഞ്ഞ് വോട്ട് തേടി ജോയ്സ്
∙ എംപിയായിരുന്ന കാലത്തെ നേട്ടങ്ങൾ ഓർമിപ്പിച്ച് എതിർസ്ഥാനാർഥിയുടെ കുറവുകളെ നിരത്തിയുള്ള അനൗൺസ്മെന്റ് പ്രചാരണമാണ് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനായി നടക്കുന്നത്. എംപിയായിരുന്നപ്പോൾ പഴ്സനൽ സെക്രട്ടറി ആയിരുന്ന സജി തടത്തിലാണു വിളംബരവരികൾക്കു പിന്നിൽ.  രാഷ്ട്രീയം നിറഞ്ഞുനിൽക്കുന്ന വരികളിലൂടെ:

‘‘എൽഡിഎഫ്, യുഡിഎഫ് എംപിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തൂ, വിശകലനം ചെയ്യൂ, വോട്ട് രേഖപ്പെടുത്തൂ. കഴിഞ്ഞ 5 വർഷക്കാലത്തെ ഇടുക്കിയുടെ ഇരുണ്ട കാലത്തിനു മോചനം നൽകാൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വക്കറ്റ് ജോയ്സ് ജോർജിനു വോട്ട് രേഖപ്പെടുത്തൂ. 

ഇന്ത്യൻ പാർലമെന്റിനെ പ്രകമ്പനം കൊള്ളിച്ച മലയോരമണ്ഡലത്തിന്റെ പ്രതിനിധി, പാർലമെന്റിനെ പോരാട്ട വേദിയാക്കി കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കാതെ മാറ്റിവയ്പിച്ച് സ്വന്തം ജനതയെ നെഞ്ചോടു ചേർത്തുപിടിച്ച സമരഭടൻ...’’ഇങ്ങനെ തുടരുന്നു വോട്ടുറപ്പിക്കാനുള്ള അനൗൺസ്മെന്റ് വാക്യങ്ങൾ. 

ദേശീയരാഷ്ട്രീയം പ്രധാനം
∙ ഇരുമുന്നണികളെയും അഴിമതിയുടെ തൂണിൽ കെട്ടിയാണ് എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണം. ഹിന്ദു, ക്രിസ്തീയ ഗാനങ്ങളുടെ അകമ്പടിയും അനൗൺസ്മെന്റിൽ നിറഞ്ഞുനിൽക്കുന്നു. പ്രസാദ് വണ്ണപ്പുറം തയാറാക്കിയ വിളംബരവരികളിലൂടെ...

‘‘മലയോരമണ്ണിന്റെ മനം കവർന്ന് മലയോര കർഷകന്റെ വിയർപ്പിന്റെ വിലയറിയുന്ന, മലയോര കർഷകന്റെ കദനങ്ങളുടെ കഥയറിഞ്ഞ് ഇടുക്കിയുടെ മിടുക്കിയായ പുത്രി, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മുന്നണിപ്പോരാളി അഡ്വക്കറ്റ് സംഗീത വിശ്വനാഥനു നിങ്ങളുടെ മനഃസാക്ഷിയുടെ അംഗീകാരം കുടം അടയാളത്തിൽ നൽകി വിജയിപ്പിക്കണമേയെന്നു പ്രബുദ്ധരായ ഓരോ വോട്ടർമാരോടും വിനയപൂർവം അഭ്യർഥിക്കുകയാണ്’’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com