ADVERTISEMENT

സന്തോഷമാണ് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ സ്വീകരണങ്ങളിലെ ഹൈലൈറ്റ്. സ്ഥാനാർഥിയെ കാണുമ്പോൾ പാർട്ടി പ്രവർത്തകരും മുതിർന്നവരും സ്ത്രീകളും കുട്ടികളും എല്ലാവരും ഹാപ്പി. ഇത്രയും ആവേശത്തോടെ ആളുകൾ സ്വീകരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും സ്ഥാനാർഥി പറയുന്നു. എൽഡിഎഫിന്റെ സംഘാടനമികവ് പൂർണമായും പുറത്തിറക്കി കാടിളക്കിത്തന്നെയാണു സ്ഥാനാർഥിയുടെ പ്രചാരണം മുന്നോട്ടു നീങ്ങുന്നത്. 

മുക്കിലും മൂലയിലും ഓടിയെത്തി
∙ ജില്ലയിലെ എല്ലായിടത്തും ഓടിയെത്താനുള്ള കഠിനപരിശ്രമത്തിലാണു ജോയ്സ് ജോർജ്. 2014ൽ ആദ്യമായി മത്സരിക്കാൻ എത്തുമ്പോൾ പല റോഡും പൊട്ടിപ്പൊളിഞ്ഞതാണെന്നും അവയൊക്കെ തന്റെ പരിശ്രമം കൊണ്ട് ബിഎംബിസി നിലവാരത്തിലേക്ക് എത്തിയെന്നുമാണു സ്വീകരണകേന്ദ്രങ്ങളിൽ ജനങ്ങളോടു സ്ഥാനാർഥി ഊന്നിപ്പറയുന്നത്. 

ഞായറാഴ്ച രാവിലെ 7നു കാന്തല്ലൂരിൽ നിന്നു തുടങ്ങുമെന്ന് അറിയിച്ച സ്ഥാനാർഥിപര്യടനം ഒരു മണിക്കൂർ വൈകിയാണു തുടങ്ങിയത്. എല്ലാ നിയോജകമണ്ഡലങ്ങളിലെയും പര്യടനം കഴിഞ്ഞെത്തുമ്പോൾ വൈകുകയാണ്. കാന്തല്ലൂരിൽ പര്യടനത്തിനായി ഞായറാഴ്ച പുലർച്ചെ 2.30നാണ് എത്തിയത്. വിശ്രമിക്കാൻ തന്നെ സമയമില്ലാത്ത അവസ്ഥ. പ്രവർത്തകരുടെയും ജനങ്ങളുടെയും ആവേശം കാരണം ശരീരത്തിന്റെ തളർച്ചയെ മനസ്സു കൊണ്ടു മറികടക്കാൻ കഴിയുമെന്നു സ്ഥാനാർഥിയും പ്രവർത്തകരും പറയുന്നു.

പൂക്കൾ വിതറി, ആരതിയുഴിഞ്ഞ്...
∙ ജോയ്സ് ജോർജിന്റെ സ്വീകരണങ്ങളെല്ലാം ഉത്സവങ്ങളുടെ ആവേശമാണ്. തമിഴ്മേഖലയിൽ എത്തുന്നിടത്തെല്ലാം ആരതിയുഴിഞ്ഞും പൂക്കൾ വിതറിയും പടക്കം പൊട്ടിച്ചുമാണു സ്വീകരണം.കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ബാറ്ററി ടോർച്ചായിരുന്നു ജോയ്സിന്റെ ചിഹ്നം. ഇത്തവണ സിപിഎമ്മിന്റെ ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രം ലഭിച്ചതും പ്രചാരണത്തിൽ മുന്നേറാൻ സാധിക്കുമെന്നാണു പ്രവർത്തകരുടെയും എൽഡിഎഫ് നേതാക്കളുടെയും വിലയിരുത്തൽ. തോട്ടം മേഖലയിൽ ചിഹ്നം പഠിപ്പിക്കേണ്ട വെല്ലുവിളിയുണ്ടാകില്ലെന്നും ദേവികുളം, പീരുമേട് മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നുമാണു വിലയിരുത്തൽ.

അൻപുള്ള നയമക്കാട്
∙ മേഘം മുട്ടെ ഉയർന്നുനിൽക്കുന്ന രാജമലയ്ക്കു കീഴെ നയമക്കാട് എസ്റ്റേറ്റിൽ എത്തിയപ്പോൾ വൈകിട്ട് 5.20. ലയത്തിൽ നിന്ന് എല്ലാരും സ്വീകരിക്കാൻ റെഡി. ലയങ്ങളിലെല്ലാം ഉത്സവത്തിന്റെ ഒരുക്കം. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടി കെട്ടി അലങ്കാരം. ഒത്തുകൂടിയവരെല്ലാം റിബണിൽ മാല കെട്ടി കഴുത്തിലിട്ടു. പൊന്നാട അണിയിച്ചു.  സ്വീകരണത്തിനു ശേഷം ‘അൻപുള്ള’ എന്നു ചേർത്ത് ജോയ്സ് ജോർജിന്റെ അഭിസംബോധന; തുടർന്നു കരഘോഷം. സ്വീകരണത്തിനു ശേഷം കാറിൽ കയറുമ്പോൾ ഇളംതണുപ്പുള്ള അന്തരീക്ഷത്തിൽ സ്ഥാനാർഥിക്കായി സ്പെഷൽ ചൂടു കട്ടൻചായയെത്തി. അതും കുടിച്ചിരുന്നപ്പോൾ അഞ്ചാംക്ലാസുകാരൻ ധരണീഷിനു സ്ഥാനാർഥിക്കൊപ്പം സെൽഫി വേണം. 

ചിരിയോടെ സെൽഫി നൽകി കടലാർ ഈസ്റ്റിലേക്ക്. 5.43നു കടലാറിൽ എത്തി. 80 കുടുംബങ്ങൾ താമസിക്കുന്ന ലയത്തിൽ സ്വാഗതപ്രസംഗത്തിനായി എ.രാജാ എംഎൽഎ എത്തിയിരുന്നു. സ്ഥാനാർഥിയുടെ മറുപടിപ്രസംഗത്തിൽ വന്യജീവി ആക്രമണങ്ങളിൽ നിന്നു ശാശ്വത പരിഹാരമുണ്ടാകുമെന്ന പ്രഖ്യാപനമുണ്ടായി.

പ്രചാരണത്തിലും ശാസ്ത്രീയത
∙ ഒരു ദിവസം 32 സ്ഥലങ്ങളിൽ വരെയാണു ജോയ്സ് ജോർജിനു സ്വീകരണം ഒരുക്കുന്നത്. ഓരോയിടത്തും അണുവിട തെറ്റാതെ കൃത്യമായ പാർട്ടിസംവിധാനങ്ങൾ പ്രവർത്തിക്കുന്നു. സ്ഥാനാർഥി എത്തുമ്പോൾ സ്വീകരണവും പ്രസംഗവുമെല്ലാം 10 മിനിറ്റിൽ അവസാനിപ്പിച്ചു മടങ്ങുന്നതാണു പതിവ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ലിനു ജോസിനാണു പ്രചാരണത്തിന്റെ ചുമതല. സ്ഥാനാർഥിയുടെ സുഹൃത്തായ ഡോ. മാനുവേൽ തോമസ്, എംപി ആയിരുന്നപ്പോൾ ഡൽഹിയിലെ പിഎ ആയിരുന്ന ടി.കെ.സതീഷ് എന്നിവരും പ്രചാരണം കൊഴുപ്പിക്കാൻ കൂടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com