തകർന്ന കലുങ്ക് പുതുക്കിപ്പണിയാതെ ടാറിങ് നടത്താൻ നീക്കമെന്ന് പരാതി
Mail This Article
നെടുങ്കണ്ടം ∙ അറുപത്തെട്ട് വർഷം പഴക്കമുള്ള അപകടാവസ്ഥയിലായ കലുങ്ക് പുതുക്കി പണിയാതെ ടാറിങ് നടത്താൻ നീക്കമെന്ന് ആരോപണം. നിർമാണം പുരോഗമിക്കുന്ന കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേയിൽ മുണ്ടിയെരുമ പുഞ്ചിരിവളവിന് സമീപമുള്ള കലുങ്കാണ് സംരക്ഷണഭിത്തി ഇടിഞ്ഞു അപകടാവസ്ഥയിലായത്. 1956ൽ നിർമിച്ച മുണ്ടിയെരുമ-രാമക്കൽമേട് റോഡിന്റെ ഭാഗമായാണ് കലുങ്ക് നിർമിച്ചത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് കലുങ്കിന് മുകളിൽ വിള്ളൽ കണ്ടെത്തുകയും തുടർന്നു പ്രദേശവാസികൾ പിഡബ്ല്യുഡി അധികൃതരെ വിവരമറിയിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നാലെ നടന്ന റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി കലുങ്കിന് മുകളിൽ ടാറിങ് നടത്തി. എന്നാൽ കലുങ്കിന്റെ ഇരുവശങ്ങളും സംരക്ഷണഭിത്തി ഇടിഞ്ഞു പോയ നിലയിലാണ്. കോൺക്രീറ്റിങ് ഇളകി വീണ് വാർക്കകമ്പി പുറത്ത് കാണാവുന്ന നിലയിലുമാണ്.
മാത്രമല്ല വിള്ളലുകളിൽ കൂടി മഴവെള്ളം ഇറങ്ങി മണ്ണൊലിച്ച് പോയതിനെ തുടർന്ന് കലുങ്ക് ഏത് സമയവും നിലം പതിക്കാറായ നിലയിലാണ്. എന്നാൽ ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്ന മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി ടാറിങ്ങിനു മുൻപുള്ള മെറ്റൽ ലവലിങ് വരെ പൂർത്തിയായി കഴിഞ്ഞു. അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ചു പണിയാതെ ടാറിങ് നടത്തരുതെന്ന് കാണിച്ചു പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.