ജലനിരപ്പ് താഴ്ന്ന് മുല്ലപ്പെരിയാർ; തേക്കടി ബോട്ടിങ് പ്രതിസന്ധിയിലേക്ക്
Mail This Article
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. 5 അടി വെള്ളം കൂടി കുറഞ്ഞാൽ തേക്കടിയിലെ ബോട്ടിങ് പ്രതിസന്ധിയിലാകും. ഇപ്പോൾ 115.10 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ വേനൽമഴ ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ നേരിയ മഴ മാത്രമാണ് ലഭിച്ചത്. ജലനിരപ്പ് കുറഞ്ഞതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.
അണക്കെട്ടിലേക്ക് സെക്കൻഡിൽ 150 ഘനയടി വെള്ളം ഒഴുകിയെത്തിയപ്പോൾ ഇതേ അളവിൽ മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അതിനാൽ ഏതാനും ദിവസങ്ങളായി ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. ജലനിരപ്പ് 110 അടിക്ക് താഴെ എത്തിയാൽ തേക്കടി തടാകത്തിലെ ബോട്ട് സവാരിയെ പ്രതികൂലമായി ബാധിക്കും. നിലവിലുള്ള ബോട്ട് ലാൻഡിങ്ങിൽ വലിയ ബോട്ടുകൾ അടുപ്പിക്കുവാൻ കഴിയാതെ വരും.
മുൻപ് ജലനിരപ്പ് കുറയുമ്പോൾ അര കിലോമീറ്റർ അകലെ താൽക്കാലിക ബോട്ട് ജെട്ടി നിർമിച്ച് ബോട്ടിങ് മുടങ്ങാതെ നടത്താറുണ്ടായിരുന്നു. എന്നാൽ വനം വകുപ്പ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നതിനാൽ എന്താകും അവസ്ഥയെന്ന കാര്യത്തിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആശങ്കയുണ്ട്. കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതികളിൽ വെള്ളം പമ്പ് ചെയ്യുന്നത് തേക്കടിയിൽ നിന്നാണ്. ജലനിരപ്പ് കുറയുന്നത് ഈ പദ്ധതികൾക്കും ഭീഷണിയാണ്.