ADVERTISEMENT

അടിമാലി ∙ പ്രളയത്തിൽ തകർന്ന മാങ്കുളം പഞ്ചായത്തിലെ കള്ളിക്കുട്ടികുടിയിൽ ഈറ്റപ്പാലത്തിനു പകരം നടപ്പാലത്തിന് എംപി ഫണ്ട് ചെലവഴിക്കാൻ ഇംപ്ലിമെന്റ് ഏജൻസി അംഗീകാരം നൽകിയില്ല. റീ–ബിൽഡ് കേരളയിൽ പാലവും റോഡും പണിയാൻ നടപടി സ്വീകരിച്ചതിനാലാണു ഫണ്ട് വിനിയോഗത്തിനു ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ചത്.

ഇതോടെ കുടി നിവാസികൾ നിർമിച്ച ഈറ്റപ്പാലമാകും കാലവർഷത്തിൽ ഇവരുടെ ആശ്രയം. റീബിൽഡ് കേരളയിൽപ്പെടുത്തിയുള്ള നിർമാണ ജോലികൾ ഇപ്പോഴും ഫയലിൽ വിശ്രമിക്കുകയാണ്. ഡീൻ കുര്യാക്കോസ് എംപി അനുവദിച്ച തുക ബന്ധപ്പെട്ടവർ വേണ്ടെന്നു തീരുമാനിച്ചതോടെ കുടി നിവാസികൾക്കു കോൺക്രീറ്റ് നടപ്പാലം എന്ന ആഗ്രഹം പടിവാതുക്കൽ എത്തി നിൽക്കുന്ന കാലവർഷത്തിലും യാഥാർഥ്യമാകില്ലെന്ന് ഉറപ്പായി.

2018ലെ പ്രളയത്തിലാണ് കള്ളിക്കുട്ടി കുടിയിലേക്കുള്ള നടപ്പാലം തകർന്നത്. പകരം പാലം നിർമാണം വൈകിയതോടെ കുടി നിവാസികൾക്ക് നിർമിച്ച താൽക്കാലിക ഈറ്റപ്പാലം നിർമിക്കുകയായിരുന്നു. യാത്ര ഞാണിന്മേൽ കളിയായതോടെ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും കുട്ടികളെ സ്കൂളിൽ എത്തുന്നതിനും ദുരിതമായി മാറുകയാണ്.

ഇതോടെ അധികൃതർ ഇടപെട്ട് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പാലം നിർമാണത്തിന് നടപടി സ്വീകരിച്ചതായി അറിയിച്ചിരുന്നു. വാഹനം കടന്നു പോകും വിധം പാലവും കുടിയിലേക്കുള്ള റോഡും നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചതായും ടെൻഡർ നടപടികൾ പൂർത്തിയായതായും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാതെ വന്നതോടെ ആദിവാസി സമൂഹം ഡീൻ കുര്യാക്കോസ് എംപിയെ സമീപിച്ചു. തുടർന്ന് കോൺക്രീറ്റ് നടപ്പാലം നിർമിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു.

റീ ബിൽഡുമില്ല, എംപി ഫണ്ടും വേണ്ട
നിർമാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതോടെ സാങ്കേതിക അനുമതിക്കു വേണ്ടി ഇംപ്ലിമെന്റ് ഏജൻസിയായ ദേവികുളം ബ്ലോക്ക് പഞ്ചായത്തിന് അധികൃതർ കത്ത് അയച്ചതോടെ എഎക്സ്ഇ റീ ബിൽഡ് കേരളയിൽപ്പെടുത്തി കള്ളക്കുട്ടിയിൽ പാലവും റോഡും നിർമിക്കുന്നതിന് ടെൻഡർ നടപടി പൂർത്തീകരിച്ചു കരാറുകാരൻ എഗ്രിമെന്റ് വച്ചിട്ടുള്ള സാഹചര്യത്തിൽ എംപി ഫണ്ട് റദ്ദാക്കണമെന്ന് ജില്ല ഭരണകൂടത്തോട് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ എംപി ഫണ്ട് വേണ്ടെന്നു കത്തു നൽകിയ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.എന്നാൽ ഇതുവരെ റി ബിൽഡ് കേരളയുമായി ബന്ധപ്പെട്ടു നിർമാണ ജോലികൾ ആരംഭിച്ചിട്ടില്ല. വേനൽ കാലത്തു പുഴയിൽ വെള്ളം ഇല്ലാത്തതിനാൽ കുടി നിവാസികൾ പുഴ ഇറങ്ങി കടന്നാണു യാത്ര ചെയ്യുന്നത്.  കാലവർഷത്തിൽ ഈറ്റ പാലമാണ് ഇവർക്ക് ആശയം. എന്നാൽ പാലത്തിന് ബലക്ഷയമുള്ളതിനാൽ യാത്ര ദുരിതമാണ്. കുട്ടികളും വയോധികരുമാണു കൂടുതൽ ദുരിതത്തിലായിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com