കാടുകളിൽ വില്ലനായി അധിനിവേശ സസ്യങ്ങൾ; വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക്
Mail This Article
രാജകുമാരി ∙ വനമേഖലയിൽ നിന്ന് അധിനിവേശ സസ്യങ്ങളെ ഒഴിവാക്കി കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് ഭക്ഷണം ഉറപ്പു വരുത്തിയാൽ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാനാകുമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പഠനസംഘത്തിന്റെ റിപ്പോർട്ട്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രാെട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ നിയോഗിച്ച ഉദ്യോഗസ്ഥ പഠനസംഘമാണു ചിന്നക്കനാൽ ഉൾപ്പെടെയുള്ള മേഖലകളിലെ അധിനിവേശ സസ്യങ്ങൾ സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ചു റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും.
കീഴടക്കിയത് 4000 ഹെക്ടർ
∙ ജില്ലയിൽ 4000 ഹെക്ടർ വനഭൂമിയിൽ അധിനിവേശ സസ്യങ്ങൾ വ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ചിന്നക്കനാലിലെ പുൽമേടുകളിലും വനപ്രദേശങ്ങളിലും അധിനിവേശ സസ്യങ്ങളായ കാെങ്ങിണി, അക്കേഷ്യ, യൂക്കാലിപ്റ്റ്സ് എന്നിവ വ്യാപകമായതു മറ്റു സസ്യങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു.
സ്വാഭാവിക പുൽമേടുകളെയും അധിനിവേശ സസ്യങ്ങൾ പ്രതികൂലമായി ബാധിച്ചു. ഇതു വന്യജീവികളുടെയും ചെറിയ മൃഗങ്ങളുടെയും ഭക്ഷ്യസ്രോതസ്സുകൾ ഇല്ലാതാക്കി.
ചെറിയ മൃഗങ്ങൾ കുറഞ്ഞു
∙ സ്വാഭാവിക പുൽമേടുകളില്ലാതായതോടെ കടുവ, പുലി എന്നിവ ഭക്ഷണമാക്കിയിരുന്ന ചെറിയ മൃഗങ്ങളും കുറഞ്ഞതായും ഇതാണ് ഇത്തരം വന്യജീവികൾ ജനവാസ മേഖലയിൽ പതിവായി പ്രത്യക്ഷപ്പെടാൻ കാരണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചക്കക്കാെമ്പൻ, മുറിവാലൻ കാെമ്പൻ എന്നീ ഒറ്റയാൻമാരുൾപ്പെടെ 19 കാട്ടാനകളാണു ചിന്നക്കനാൽ മേഖലയിലുള്ളത്. രണ്ടു കൂട്ടമായി സഞ്ചരിക്കുന്ന കാട്ടാനകളിൽ 5 എണ്ണം കാെമ്പനാനകളും 12 പിടിയാനകളും ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇൗ കാട്ടാനക്കൂട്ടവും ഒറ്റയാൻമാരും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ഇറങ്ങിയിരുന്നു. 2023 മാർച്ചിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിൽ ആനയിറങ്കൽ മുതൽ പഴയ ദേവികുളം വരെയുള്ള ഭാഗത്തെ ആനത്താരകൾ പുനഃസ്ഥാപിക്കണമെന്നു ശുപാർശ ചെയ്തിട്ടുണ്ട്.