കൃഷിനാശം: ഉന്നതതലസംഘം സന്ദർശനം നടത്തി
Mail This Article
നെടുങ്കണ്ടം ∙ കനത്ത വേനലിൽ ജില്ലയിലെ കൃഷിനാശം വിലയിരുത്തുന്നതിനായി കൃഷിവകുപ്പ് മന്ത്രി നിയോഗിച്ച ഉന്നതതല സംഘം വിവിധ മേഖലകളിൽ സന്ദർശനം നടത്തി. ജില്ലാ അഗ്രികൾചർ ഓഫിസർ, സംസ്ഥാന കാർഷിക കോളജിലെ ഗവേഷകർ എന്നിവരുൾപ്പെടുന്ന സംഘമാണ് കൃഷിയിടങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. ആദ്യ ഘട്ടത്തിൽ നെടുങ്കണ്ടം - കുഴിക്കൊമ്പ്, മാവടി, കൈലാസം, ബൈസൺവാലി, ജോസ് ഗിരി മേഖലകളിലാണ് സംഘം എത്തിയത്.
വരും ദിവസങ്ങളിൽ വരൾച്ചാ ബാധിതമായ ജില്ലയിലെ വിവിധ മേഖലകളിൽ സന്ദർശനം പൂർത്തിയാക്കി ഒൻപതിന് കൃഷി ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും. കർഷകരോട് സംവദിച്ചും വിവരങ്ങൾ ശേഖരിച്ചുമാണ് ഉന്നത തല സംഘം സന്ദർശനം നടത്തുന്നത്. ജില്ലാ കൃഷി ഓഫിസർ സെലീനാമ്മ, ഡപ്യൂട്ടി ഡയറക്ടർ സി.അമ്പിളി, കാർഷിക കോളജ് പ്രഫസർ രമ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഇന്നു രാവിലെ സംഘം കരുണാപുരം പഞ്ചായത്തിലും തുടർന്ന് കുമളിയിലും എത്തും.
ഒരു മാസത്തിലേറെയായി ഉയർന്നു നിൽക്കുന്ന അന്തരീക്ഷ താപനിലയും അന്തരീക്ഷ താപനിലയെക്കാൾ 8-10 ഡിഗ്രി സെൽഷ്യസ് വരെ കൂടിയ മണ്ണിന്റെ താപനിലയുമാണ് ഏലം ചെടികൾ ഉണങ്ങി വീഴാൻ കാരണമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. തുടർച്ചയായി നനയ്ക്കുന്ന തോട്ടങ്ങളിലും തണൽ മരങ്ങൾ ഉള്ള തോട്ടങ്ങളിലും പോലും വേനൽ ആഘാതമേൽപ്പിച്ചിട്ടുണ്ടെന്ന് ഇവർ പറഞ്ഞു.