ഹയർ സെക്കൻഡറി പരീക്ഷാഫലം: ഡബിൾ സ്ട്രോങ് ഇടുക്കി
Mail This Article
തൊടുപുഴ∙ ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനവുമായി ഇടുക്കി ജില്ല. 83.44 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ചു വിജയശതമാനം കുറഞ്ഞു. കഴിഞ്ഞവർഷം 85.57 ശതമാനമായിരുന്നു. എന്നാൽ സംസ്ഥാനതലത്തിൽ കഴിഞ്ഞവർഷത്തെ അഞ്ചാംസ്ഥാനത്തുനിന്ന് നിലമെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് എത്തി. ജില്ലയിലെ 80 സ്കൂളുകളിലായി പരീക്ഷയെഴുതിയ 9,813 വിദ്യാർഥികളിൽ 8,188 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 1,216 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ട
െക്നിക്കൽ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 141 വിദ്യാർഥികളിൽ 93 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 65. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് 6 പേർക്കാണ്. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 396 വിദ്യാർഥികളിൽ 153 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 38. മൂന്ന് പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ 1015 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്. 696 പേർ പാർട്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിവയിൽ വിജയിച്ച് ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 68.57.
3 സ്കൂളുകൾക്ക് 100 ശതമാനം
ഇടുക്കി ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയം നേടി 3 സ്കൂളുകൾ. മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂളും പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളും അട്ടപ്പള്ളം സെന്റ് തോമസ് ഇഎം ഹയർ സെക്കൻഡറി സ്കൂളുമാണ് 100 ശതമാനം വിജയം നേടിയത്.
മുൻവർഷങ്ങളിലെ പരീക്ഷാഫലം
∙വർഷം: 2017 2018 2019 2020 2021 2022 2023
∙സമ്പൂർണ എ പ്ലസ്: 438 522 496 670 1387 703 1047
∙സംസ്ഥാനത്തെ സ്ഥാനം: 6 5 8 6 7 8 5
∙വിജയശതമാനം: 84.27 85.6 84.24 85.49 87.53 81.43 85.57