ADVERTISEMENT

രാജകുമാരി∙ കേരളത്തിലാകെ അരളിപ്പൂവിന് ശനിദശയാണെങ്കിലും സൂര്യകാന്തി പൂക്കൾ കാെണ്ട് ശുക്രദശ കൈവന്ന ഗ്രാമമാണ് ബൈസൺവാലി പഞ്ചായത്തിലെ മുട്ടുകാട്. ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട്ടിലെ ഒരേക്കറോളം പാടശേഖരത്തിൽ പുതിയവീട്ടിൽ ജിജോയെന്ന കർഷകർ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത സൂര്യകാന്തി കൃഷി ഇപ്പോൾ ഇൗ നാടിന്റെ പ്രാെഫൈൽ ചിത്രമായി മാറി. രണ്ടാഴ്ചക്കുള്ളിൽ ഇരുപതിനായിരത്തോളം സന്ദർശകരാണ് സൂര്യകാന്തി പാടം കാണാനെത്തിയത്. സമൂഹമാധ്യമങ്ങളിൽ സൂര്യകാന്തി പൂക്കളുടെ ചിത്രങ്ങൾ വൈറലായതോടെ ദൂരസ്ഥലങ്ങളിൽ നിന്നു പോലും ആളുകളെത്താൻ തുടങ്ങി. രാവിലെയും വൈകുന്നേരവും മുട്ടുകാട്–സാെസൈറ്റിമേട് റോഡിൽ വാഹനം പാർക്കു ചെയ്യാൻ പോലും കഴിയാത്ത വിധം തിരക്കായി. സമീപത്തെ ഹോട്ടലുകൾ, ബേക്കറികൾ, വഴിയോര കടകൾ, ചെറിയ ചായക്കടകൾ എന്നിവയാെക്കെ ഉഷാറായി.

വേനലിൽ നെല്ലിന്  പകരം സൂര്യകാന്തി
∙ജലക്ഷാമം മൂലം ഇരുപ്പൂ കൃഷി നിലച്ച മുട്ടുകാട് പാടശേഖരത്തിൽ വേനൽക്കാലത്തും കൃഷി നിലനിർത്താനാണ് ബൈസൺവാലി പഞ്ചായത്ത് മുൻകയ്യെടുത്ത് വേനൽക്കാല കൃഷി പ്രോത്സാഹന പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഗുണഭോക്താക്കളായ കൂടുതൽ കർഷകരും പച്ചക്കറി കൃഷി ചെയ്തപ്പോൾ ജിജോ മാത്രം സൂര്യകാന്തി കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിൽ 2021 ൽ തൃശൂർ ജില്ലയിലെ താന്ന്യം, അന്തിക്കാട് മേഖലയിലെ ശ്രീരാമൻചിറ പാടശേഖരത്തിൽ 2 ഹെക്ടറിൽ നെല്ലിന് പകരം സൂര്യകാന്തി കൃഷി ചെയ്തിരുന്നു. സൂര്യകാന്തി കൃഷി ചെയ്യാൻ ആലപ്പുഴയിലും, പാലക്കാടും കർഷകർ മുന്നോട്ടു വന്നെങ്കിലും കേരളത്തിൽ എണ്ണയുൽപാദനം പേരിന് മാത്രമാണ്. സങ്കീർണമായ ശുദ്ധീകരണ പ്രക്രിയയിലൂടെ മാത്രമേ എണ്ണ ഭക്ഷ്യയോഗ്യമാക്കാനാകൂ എന്നത് ഒരു പോരായ്മയാണ്. ഒരു കിലോ എണ്ണ ലഭിക്കുന്നതിന് 3 മുതൽ 5 കിലോ വരെ വിത്ത് ആവശ്യമാണ്.

ചില്ലറയല്ല  ഗുണങ്ങൾ
∙പൂക്കളുടെ ഭംഗി പോലെ തന്നെ പോഷക ഗുണങ്ങളുടെ കലവറയാണ് സൂര്യകാന്തി വിത്തുകൾ. വിത്തിലുള്ള മോണോ, പോളി അൺസാച്ചുറേറ്റഡ് കാെഴുപ്പുകൾ ഹൃദയാരോഗ്യം സംരക്ഷിക്കും. മുടി വളർച്ചയ്ക്ക് ആവശ്യമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ സുര്യകാന്തി വിത്തിൽ ധാരാളമുണ്ട്. മുഖകാന്തി വർധിപ്പിക്കുന്ന വൈറ്റമിൻ ഇയും ഇതിലുണ്ട്. വൈറ്റമിൻ ഇ, സിങ്ക്, സെലിനിയം എന്നിവയുടെ സാന്നിധ്യമാണ് സൂര്യകാന്തി വിത്തുകൾക്ക് പ്രതിരോധശേഷി കൂട്ടാൻ കഴിവ് നൽകുന്നത്. സൂര്യകാന്തി വിത്തുകളിലെ നാരുകൾ രക്തത്തിലെ എൽഡിഎൽ കാെളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. സൂര്യകാന്തി വിത്തുകൾ സാലഡിനാെപ്പമോ, സ്മൂത്തിയിലോ ചേർത്ത് കഴിക്കാൻ നല്ലതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com