ഏലം കർഷകരുടെ കണ്ണീരിൽ നനയുകയാണ് ഇടുക്കിയിലെ ഹൈറേഞ്ച് മേഖല
Mail This Article
∙ഇടുക്കിയിൽ നനവ് മണ്ണിലല്ല, കർഷകരുടെ കണ്ണിലാണ്. വരണ്ട മണ്ണിൽ കൃഷികളെല്ലാം കരിഞ്ഞുണങ്ങി. ഇടുക്കിയിലെ പ്രധാന വരുമാന സ്രോതസ്സ് കൃഷിയായതിനാൽ കരിഞ്ഞുണങ്ങുന്നത് മനുഷ്യരുടെ ജീവിതം കൂടിയാണ്. കരിഞ്ഞുണങ്ങിയ ചെടികളുടെ കടയ്ക്കൽ കത്തി വയ്ക്കുമ്പോൾ കർഷകരുടെ കണ്ണിൽ നീരു പൊടിയുകയാണ്.
കൃഷിയിറക്കാൻ ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്തവർ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലും. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കാക്കി ‘വരൾച്ചബാധിതം’ എന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിൽ മാത്രമേ അർഹമായ നഷ്ടപരിഹാരം കർഷകന് കിട്ടൂ. അതു മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.....
കടക്കുടുക്കിൽ ഇടുക്കി
∙അഞ്ചേക്കർ കൃഷിയിടത്തിലെ 5000 ഏലച്ചെടികളിൽ നാലായിരത്തോളം ചെടികളും കനത്ത വേനലിൽ ഉണങ്ങി നശിച്ചതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ് കാഞ്ചിയാർ വെങ്ങാലൂർക്കട കണ്ണംപള്ളി വർഗീസ് മാണി (63) എന്ന കർഷകൻ. കൃഷി നശിച്ച് കടക്കെണിയിലായ ഹൈറേഞ്ചിലെ കർഷകരുടെ നേർസാക്ഷ്യമാണ് ഇദ്ദേഹം.
ബാങ്കിൽ നിന്ന് 20 ലക്ഷം രൂപ വായ്പയെടുത്താണ് കൃഷിയിറക്കിയത്. മൂന്നു മുതൽ നാലുവർഷം വരെ വളർച്ചയെത്തിയ ചെടികളാണ് പൂർണമായി ഉണങ്ങി നശിച്ചത്. കൃഷിയിടത്തിൽ മൂന്നു കുളങ്ങളും ഒരു കുഴൽ കിണറുമാണ് ഉള്ളത്. എന്നാൽ രണ്ടാഴ്ച മുൻപ് ജല സ്രോതസ്സുകളെല്ലാം വറ്റി. ജലം ലഭ്യമാക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നതോടെ ചെടികൾ നനയ്ക്കുന്നത് നിർത്തി.
ഒരാഴ്ച പിന്നിടുന്നതിനു മുൻപുതന്നെ കനത്ത ചൂടിനെ പ്രതിരോധിക്കാനാകാതെ ഭൂരിഭാഗം ഏലച്ചെടികളും ചുവട് ഉൾപ്പെടെ കരിഞ്ഞുണങ്ങി. കൂടാതെ 250 കുരുമുളക് ചെടികളും ഉണങ്ങി. വലിയ മരങ്ങൾ ഉൾപ്പെടെയാണ് ഉണങ്ങുന്നത്. ഇതുവരെ 30 ലക്ഷത്തിലധികം രൂപ ഏലം കൃഷിക്കായി മുടക്കിയിട്ടുണ്ടെന്നും പുതുതായി കൃഷിയിറക്കാൻ വൻ പണച്ചിലവാകുമെന്നതിനാൽ എന്തു ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയാണെന്നും വർഗീസ് പറയുന്നു.
വായ്പ എടുത്തിട്ടുള്ളതിനാൽ ഇനി വേറെ വായ്പ ലഭ്യമല്ല. കൃഷി ഇൻഷുർ ചെയ്തിരുന്നില്ല. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ പാക്കേജ് ആയിട്ടില്ലെന്നാണ് അന്വേഷിച്ചപ്പോൾ മറുപടി ലഭിച്ചതെന്നും ഇദ്ദേഹം പറയുന്നു.
വിളവ് വേനലെടുത്തു
∙രാജകുമാരി മുട്ടുകാട് കട്ടക്കയത്ത് മനോഹരന്റെ (59) രണ്ടര ഏക്കറോളം സ്ഥലത്ത് ഇനി അവശേഷിക്കുന്നത് എണ്ണിയെടുക്കാൻ കഴിയുന്നത്ര ഏലച്ചെടികൾ മാത്രം. ബാക്കിയെല്ലാം കരിഞ്ഞുണങ്ങി. നാലു മാസത്തോളമായി ഒരു മഴ പോലും പെയ്യാത്ത മുട്ടുകാട് മേഖലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മഴ ലഭിക്കുന്നത്.
പക്ഷേ കാർഷിക വിളകളെല്ലാം അതിനു മുൻപേ ഉണങ്ങി വീണിരുന്നു. ഏലം കൂടാതെ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ കുരുമുളക് കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. വിളവെടുത്തു കൊണ്ടിരുന്ന ഏലച്ചെടികൾ കൂടാതെ വിളവെടുക്കാറായ ഏലച്ചെടികളും മനോഹരന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്നു. മഴ കിട്ടാതെ എല്ലാം ഉണങ്ങി നശിച്ചു.
നഷ്ടം കാണാൻ ആരുമില്ല
∙കൊടിയ വേനലിൽ ഏലച്ചെടികൾ കരിഞ്ഞുണങ്ങിയപ്പോൾ ചെങ്കര പുല്ലുമേട് പാറക്കടവിൽ വീട്ടിൽ പി.എ.ബഷീറിന്റെ (74) ജീവിതമാർഗം തന്നെയാണ് ചോദ്യ ചിഹ്നമായത്. തന്റെയും അയൽക്കാരുടെയും കൃഷിനാശത്തെ കുറിച്ച് പറയുമ്പോൾ ബഷീറിന്റെ തൊണ്ടയിടറും. പുല്ലുമേട്ടിൽ ബഷീറിന് 2 ഏക്കർ ഏലം കൃഷിയാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരേക്കർ സ്ഥലത്തിന് മാത്രമാണ് പട്ടയമുള്ളത്.
നല്ല ആദായം ലഭിച്ചിരുന്ന കൃഷിയിടം ഇപ്പോൾ വെറും തരിശുഭൂമിയായി മാറി. മുൻവർഷങ്ങളിൽ വേനലിൽ നനയ്ക്കാൻ യഥേഷ്ടം വെള്ളം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ വളരെ നേരത്തെ വെള്ളം വറ്റി. ഈ പ്രദേശമാകെ കനത്ത ചൂടിന്റെ പിടിയിലായി. ഏലച്ചെടികൾ ഉണങ്ങി വീഴുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ ഈ പാവം കർഷകനായുള്ളൂ.
പുല്ലുമേട്, സുൽത്താനിയ, അയ്യരുപാറ തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തിലധികം ഏക്കർ സ്ഥലത്തെ ഏലം കൃഷി പൂർണമായും നശിച്ചു. നഷ്ടം വിലയിരുത്താൻ ഉദ്യോഗസ്ഥർ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇവിടേക്ക് ഇതുവരെ ആരും എത്തിയില്ലെന്ന് ബഷീർ പറഞ്ഞു.
ഇത്രയും വരൾച്ച ചരിത്രത്തിലാദ്യം
∙ഇരുപതിലധികം വർഷങ്ങളായി ഏലം കൃഷി മാത്രമാണ് നെടുങ്കണ്ടം കാനറക്കാവിൽ സാജൻ മാർക്കോസ് (48) ചെയ്യുന്നത്. എന്നാൽ ആദ്യമായാണ് ഇത്രയധികം ഉണക്കേൽക്കുന്നതെന്ന് സാജൻ പറയുന്നു. നാലു വർഷം മാത്രം പ്രായമുള്ള ചെടികളാണ് കനത്ത ചൂടിൽ നശിച്ചത്. ഏറ്റവും കൂടുതൽ വിളവ് നേടേണ്ടത് ഇക്കൊല്ലം ആയിരുന്നു.
എന്നാൽ അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും മൂലം പ്രതീക്ഷകളെല്ലാം മങ്ങി. കഴിഞ്ഞ വർഷങ്ങളിൽ ക്രമാതീതമായി വർധിച്ച വളം- കീടനാശിനികളുടെ വിലയും ഉയർന്ന കൂലിച്ചെലവും ഏലം കൃഷിയെ കടുത്ത പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് വരൾച്ച മൂലമുള്ള കൃഷിനാശം.
കുളങ്ങളും തോടുകളും വറ്റി വരണ്ടതിനു പിന്നാലെ ജലസേചനത്തിന് ഉപയോഗിച്ചിരുന്ന കുഴൽ കിണറും പൂർണമായി വറ്റി. ഇതോടെ ജലസേചനം നടത്തി കൃഷി പിടിച്ചു നിർത്താമെന്ന പ്രതീക്ഷയും നശിച്ചു. കൂടുതൽ വെയിൽ ഏൽക്കുന്ന ഭാഗങ്ങളിൽ പൂർണമായും ചെടികൾ നശിച്ചു . ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴ ലഭിച്ചില്ലെങ്കിൽ കൃഷിനാശം പ്രവചനാതീതമാകുമെന്നും സാജൻ പറയുന്നു.
ഏലം മേഖലയിൽ സർക്കാർ അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടാകണം. വേനൽ ഏറ്റവുമധികം ബാധിച്ച ചെറുകിട കർഷകരെ പിടിച്ചു നിർത്താൻ നഷ്ടപരിഹാരം നൽകണമെന്നുമാണ് സാജൻ പറയുന്നത്.
ഭൂജല നിരപ്പ് താഴുന്നു
തൊടുപുഴ ∙ ഇടുക്കി ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ഭൂജല നിരപ്പ് താഴ്ന്നതായി ഭൂജലവകുപ്പിന്റെ റിപ്പോർട്ട്. ഹൈറേഞ്ചിലെ തോട്ടം മേഖലയിലാണ് കഴിഞ്ഞ 10 വർഷത്തിനിടെ ഭൂജല നിരപ്പ് അര മീറ്ററിൽ കൂടുതൽ താഴ്ന്നതായി കണ്ടെത്തിയിരിക്കുന്നത്. ഓരോ വർഷവും ഏപ്രിൽ മാസത്തിൽ അരമീറ്റർ വച്ച് താഴുന്നതായും കണ്ടെത്തി. കുമളി, പീരുമേട്, ശാന്തൻപാറ, പൂപ്പാറ, വണ്ടൻമേട് എന്നീ പ്രദേശങ്ങളിലാണ് ജലനിരപ്പ് ഓരോ വർഷവും അരമീറ്റർ കുറഞ്ഞത്.
എന്നാൽ ഇവിടങ്ങളിലെ കിണറുകളിൽ വെള്ളം ഏപ്രിൽ മാസത്തിൽ അമിതമായി വറ്റിയതായി കണ്ടെത്തിയിട്ടില്ല. അതിനാൽ കിണറിൽ നിന്ന് ശുദ്ധജലം ഉപയോഗിക്കുന്നവരുടെ ജനജീവിതത്തെ അധികം ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.
വരൾച്ച ബാധിതം
∙ഭൂജല നിരപ്പിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന വരൾച്ച ഇൻഡക്സിൽ ജില്ലയിൽ നിന്ന് പെരുവന്താനം, വണ്ടിപ്പെരിയാർ, ദേവികുളം, ശാന്തൻപാറ, മുട്ടം എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ടു. ഇൻഡക്സിലെ 0.03–0.16 വരെയുള്ള ചെറിയ വരൾച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇൻഡക്സിൽ 0.61ന് മുകളിലാണ് കൂടിയ വരൾച്ച രേഖപ്പെടുത്തുന്നത്. കൂടാതെ ഉപ്പുതറ പ്രദേശത്ത് വ്യാപകമായി കുഴൽ കിണറുകൾ വറ്റി പോയതായും ഭൂജല വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യാപക കൃഷിനാശത്തിന് കാരണമായെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ജില്ലയിൽ 175.54 കോടിയുടെ കൃഷിനാശം
തൊടുപുഴ ∙ വരൾച്ചയിൽ ജില്ലയിൽ 175.54 കോടിയുടെ കൃഷിനാശം. കൃഷി മന്ത്രി നിയോഗിച്ച ഉന്നതതല സംഘം വിവിധ മേഖലകളിൽ സന്ദർശനം നടത്തി തയാറാക്കിയ കണക്കിലാണ് കൃഷിനാശത്തിന്റെ കണക്ക് . കൊടുംചൂടിൽ കുരുമുളക്, ഏലം, വാഴ, ജാതി എന്നിവയാണ് നശിച്ചവയിൽ കൂടുതലും.
17481.52 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 30,183 കർഷകർക്കു നാശം നേരിട്ടു. 22,311 ഹെക്ടർ സ്ഥലത്തെ ഏലം കൃഷി നശിച്ചു. ജില്ലാ അഗ്രികൾചർ ഓഫിസർ, സംസ്ഥാന കാർഷിക കോളജിലെ ഗവേഷകർ എന്നിവരുൾപ്പെടുന്ന സംഘമാണ് കൃഷിയിടങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത് .
അടിയന്തര സഹായം നൽകണം: പി.ജെ.ജോസഫ്
തൊടുപുഴ ∙ കടുത്ത വേനലിൽ ഏലം ഉൾപ്പെടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങി നശിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടികളും ധനസഹായവും നൽകണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.
കാർഷിക മേഖല വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണം. ഏലം മേഖലയിലെ കൃഷി നാശം നേരിടാൻ പ്രത്യേക പാക്കേജ് വേണമെന്നു ജോസഫ് ആവശ്യപ്പെട്ടു.
ശാശ്വത നടപടികൾ പ്രഖ്യാപിക്കണം: കേരള കോ. (എം)
നെടുങ്കണ്ടം ∙ കാലാവസ്ഥാ വ്യതിയാനം മൂലം വീർപ്പുമുട്ടുന്ന മലയോര കർഷകർക്ക് അടിയന്തിര സഹായം നൽകുകയും വരൾച്ച പ്രതിസന്ധി മറികടക്കാൻ ശാശ്വത നടപടികൾ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് കേരള കോൺഗ്രസ് (എം) ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സ്തംഭന സമരം നടത്തും: കർഷക കോൺഗ്രസ്
നെടുങ്കണ്ടം ∙ കടുത്ത വേനലിൽ ഹൈറേഞ്ചിലെ കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മയിലാടുംപാറ ഇന്ത്യൻ കാർഡമം റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിആർഐ), ഉടുമ്പൻചോല താലൂക്ക് ഓഫിസ് എന്നീ സ്ഥാപനങ്ങളിലേക്ക് സ്തംഭന സമരം നടത്തുമെന്ന് കർഷക കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോയി കുന്നുവിളയിൽ പറഞ്ഞു.
കർഷകർക്ക് ആവശ്യാനുസരണം മഴവെള്ള സംഭരണികൾ, പടുതാക്കുളം, സ്പ്രിംഗ്ളർ, മിസ്റ്റ് ഇറിഗേഷൻ, ഗ്രീൻ നെറ്റ് തുടങ്ങിയവ സബ്‌സിഡിയോടു കൂടിയും കൃഷിക്കാവശ്യമായ വളവും, കീടനാശിനികളും, കാർഷികോപകരണങ്ങളും സൗജന്യനിരക്കിൽ നൽകിയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു.
കൃഷിനാശം (ഇനം, നഷ്ടം, കർഷകരുടെ എണ്ണം)
∙ഏലം: 113.54 കോടി, 22,311
∙കുരുമുളക്: 39.46 കോടി, 4203
∙വാഴ: 12.56 കോടി, 1230
∙ജാതി: 3.22 കോടി, 1078
∙പച്ചക്കറി: 13.9 ലക്ഷം, 440
∙കൊക്കോ: 87.5 ലക്ഷം, 282
∙കാപ്പി: 2.49 കോടി, 333.
∙കരിമ്പ്: 2.90 കോടി, 107
∙കമുക്: 15.3 ലക്ഷം, 135