പൈനാവിൽ വെള്ളക്കെട്ട് രൂക്ഷം
Mail This Article
ചെറുതോണി∙ ജില്ലാ ആസ്ഥാനത്ത് പൈനാവ് ടൗണിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. ഒരു മഴ പെയ്താൽ തന്നെ സമീപത്തെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം ടൗണിലേക്ക് ഒഴുകിയെത്തുകയാണ്. പെയ്ത്തു വെള്ളത്തിനൊപ്പം കല്ലും മണ്ണും മാലിന്യങ്ങളുമെല്ലാം ടൗണിൽ വന്നുനിറയും. മഴയ്ക്കു ശേഷം വെള്ളം ഒഴുകി തീർന്നാലും കല്ലും ചെളിയും മാലിന്യങ്ങളുമെല്ലാം ടൗണിലും സംസ്ഥാന പാതയിലുമായി പരന്നുകിടക്കും. ഇതു തുടർച്ചയായതോടെ വല്ലാത്ത ദുരിതമാണെന്ന് ടൗണിലെ വ്യാപാരികൾ പറയുന്നു. തിരക്കേറിയ പാതയിൽ അതിവേഗം സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങൾ ചെളിയിലും കല്ലിലും കയറി നിയന്ത്രണം നഷ്ടമായി മറിയുന്ന സംഭവങ്ങൾ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. ചുറ്റുവട്ടത്തു നിന്നും ടൗണിലേക്ക് എത്തുന്ന റോഡുകൾക്ക് ഓടകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിനു കാരണമെന്നു പ്രദേശവാസികൾ പറയുന്നു. റോഡിനു ഓടകൾ നിർമിച്ച് പെയ്ത്തു വെള്ളം ടൗണിലേക്ക് ഒഴുകുന്നത് തടയണമെന്നാണ് ആവശ്യം.