ADVERTISEMENT

തൊടുപുഴ ∙ വേനൽ കാരണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായ ഇടുക്കിയിലെ കർഷകർക്ക് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി  പ്രകാരം ഇത്തവണ പ്രയോജനമില്ല. ഏലം കർഷകർക്ക് തുക ലഭിക്കുന്നത് അടുത്തവർഷം മാത്രം. വിള ഇൻഷുറൻസിലെ റാബി–2 വിഭാഗത്തിൽ 2023–24 സീസണിൽ ആകെ 1937 കർഷകർ മാത്രമാണു പദ്ധതിയിൽ അംഗമായിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ഏലം കർഷകർ നാമമാത്രമാണ്.

കൃഷിവകുപ്പിന്റെ വിദഗ്ധസംഘത്തിന്റെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിൽ ഫെബ്രുവരി 01 മുതൽ മേയ് 10 വരെ 14 വിളകളിലായി ഇടുക്കി ജില്ലയിൽ മാത്രം 175.54 കോടി രൂപയുടെ നഷ്ടമുണ്ടായി. 17,481.52 ഹെക്ടറിലായി 30,183 കർഷകർക്കാണ് കൃഷിനാശമുണ്ടായി. ഏലത്തിനാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. 16,220.6 ഹെക്ടർ ഭൂമിയിലെ 113.54 കോടി രൂപയുടെ ഏലക്കൃഷി നശിച്ചു. 22,311 കർഷകർക്കു നാശമുണ്ടായി.

എന്താണ്  വിള ഇൻഷുറൻസ്?
കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രികൾചർ ഇൻഷുറൻസ് കമ്പനി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നെല്ല്, റബർ, മരച്ചീനി, തെങ്ങ്, കാപ്പി, മാവ്, തേയില, കിഴങ്ങുവർഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്), വാഴ, കുരുമുളക്, മഞ്ഞൾ, ഇഞ്ചി, ജാതിക്ക, കശുമാവ്, ഗ്രാമ്പു, പയറുവർഗങ്ങൾ (ഉഴുന്ന്, വൻപയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ), കൊക്കോ, ഏലം, പൈനാപ്പിൾ, കരിമ്പ്, ചെറുധാന്യങ്ങൾ (ചോളം, തിന, റാഗി, ചാമ), ഉരുളക്കിഴങ്ങ്, പച്ചക്കറി - 1 (പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്), പച്ചക്കറി - 2 (കാബേജ്, കാരറ്റ്, വെളുത്തുള്ളി, ബീൻസ്) എന്നീ വിളകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. പദ്ധതി പ്രകാരം ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം തുക സബ്സിഡിയായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നൽകും. ബാക്കി തുക മാത്രമാണ് പ്രീമിയം തുകയായി കർഷകർ അടയ്ക്കേണ്ടത്. 

നഷ്ടപരിഹാരം ലഭിക്കാൻ പ്രത്യേകം അപേക്ഷകളോ പരാതികളോ നൽകേണ്ടതില്ല. പദ്ധതിയിൽ ഓരോ വിളയ്ക്കും വ്യത്യസ്തമായ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും അതു രേഖപ്പെടുത്തുന്ന കാലാവധിയും വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണായക തോതും ടേം ഷീറ്റ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കാലാവസ്ഥയുടെ ഡേറ്റ അനുസരിച്ച് അതതു പഞ്ചായത്തുകളിൽ ഇൻഷുറൻസ് എടുത്ത കർഷകർക്ക് അപേക്ഷ നൽകാതെ നഷ്ടപരിഹാരം നേരിട്ട് അവരുടെ അക്കൗണ്ടുകളിൽ ലഭിക്കും.

സർക്കാർ ഇടപെടണമെന്ന്  ആവശ്യം
ചരിത്രത്തിലാദ്യമായി ഇത്രയും തിരിച്ചടി നേരിട്ട ഏലം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇടപെടണമെന്ന് കർഷക സംഘടനകൾ. എത്രയും വേഗം പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ ഏലക്കൃഷി തകരാതെ പിടിച്ചു നി‍ർത്തണമെന്നാണ് ആവശ്യം.

ക്ലെയിം തുക അടുത്ത വർഷം 
റാബി–2 വിഭാഗത്തിൽ 2024 ജനുവരി 01 മുതൽ ഡിസംബർ 31 വരെയാണ് ഇൻഷുറൻസിന്റെ കാലാവധി. ഉണക്ക്, രോഗസാധ്യതയുള്ള കാലാവസ്ഥ, മഴക്കുറവ്, അതിവൃഷ്ടി, കൂടിയ താപനില, നേർത്ത മഴ, സീസൺ തെറ്റിയുള്ള മഴ എന്നീ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇൻഷുറൻസിന്റെ ക്ലെയിം കിട്ടുക. ഇവയെല്ലാം പരിശോധിച്ച് അടുത്ത വർഷമായിരിക്കും ക്ലെയിം തുക ലഭിക്കുക. ഹെക്ടറിന് 2250 രൂപയാണ് ഇൻഷുറൻസ് തുക. സെന്റിന് 9 രൂപ. എന്നാൽ ഉണക്കിന് മാത്രമായി കർഷകന് ലഭിക്കുന്ന മാക്സിമം പ്രീമിയം തുക 20,000 രൂപ മാത്രമാണ്. ഈ തുക നഷ്ടത്തിന്റെ അടുത്തു പോലും വരില്ലെന്നാണ് കർഷകർ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com