ചിന്നാർ ചെറുകിട ജല വൈദ്യുത പദ്ധതി: പരിസ്ഥിതി ആഘാത പഠനം നടത്തണം
Mail This Article
അടിമാലി∙ പരിസ്ഥിതി ആഘാത പഠനം നടത്തിയശേഷം വേണം ചിന്നാർ ചെറുകിട ജല വൈദ്യുത പദ്ധതിയുടെ നിർമാണ ജോലികൾ നടത്താനെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി. പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് പാറ പൊട്ടിക്കാൻ സ്ഫോടക വസ്തു ഉപയോഗിക്കുമ്പോൾ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു എന്ന പരാതി പരിശോധിക്കാൻ പനംകുട്ടിയിൽ എത്തിയതായിരുന്നു അവർ.ഇഞ്ചത്തൊട്ടി, പനംകുട്ടി ഭാഗത്ത് നടന്നുവരുന്ന പാറ പൊട്ടിക്കൽ11 വീടുകൾക്ക് ഭീഷണി ഉയർത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്.
പ്രദേശത്തെ വീടുകളുടെ ഭിത്തികൾ വിണ്ടു കീറിയിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോൾ ചീളുകൾ തെറിച്ചെത്തി വീടുകളുടെ മേച്ചിൽ ഓട്, ഷീറ്റ് എന്നിവ നശിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ സുരക്ഷിതമായി വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യം നാട്ടുകാർ മനുഷ്യാവകാശ കമ്മിഷൻ അംഗത്തിന്റെ ശ്രദ്ധയിൽപെടുത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട അവർ പദ്ധതി നടപ്പാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ജനങ്ങളുടെ സുരക്ഷയാണെന്ന് വിലയിരുത്തി. എന്നാൽ സുരക്ഷ ഉറപ്പാക്കാതെയാണ് പനംകുട്ടിയിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. പരിസ്ഥിതി ആഘാത പഠനം നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം വേണം പദ്ധതി നടപ്പാക്കാൻ. ഇതു സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും അവർ പറഞ്ഞു.