ADVERTISEMENT

ആറളം ഫാം ∙ കാട്ടാനശല്യത്തിൽനിന്നു ഫാമിലെ ജനങ്ങളെ സംരക്ഷിക്കാൻ കർശന സുരക്ഷ നിലവിലുള്ളതായി കണ്ണൂ‍ർ ഡിഎഫ്ഒ എസ്.വൈശാഖ്. ആർആർടി, രാത്രികാല പട്രോളിങ്ങിനുള്ള പ്രത്യേക ടീം എന്നിവ ജാഗ്രതയോടെ രംഗത്തുണ്ട്. ശാശ്വത പരിഹാരത്തിനായി 10.5 കിലോമീറ്റർ നീളത്തിൽ വന്യജീവി സങ്കേതം അതിർത്തിയിൽ ടിആർഡിഎം മുഖേന നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.

വന്യജീവി സങ്കേതത്തിൽനിന്ന് ഫാമിലും പുനരധിവാസ മേഖലയിലും ഇറങ്ങുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ വനം ദ്രുത പ്രതികരണ സേന (ആർആർടി) 13-ാം ബ്ലോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്. കൊട്ടിയൂർ റേഞ്ച്, ആറളം വൈൽഡ് ലൈഫ് ഡിവിഷൻ എന്നിവിടങ്ങളിൽനിന്നു രാത്രികാല പട്രോളിങ്ങിനു പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ ആശുപത്രികളിൽ പോകുന്നവർക്കും മറ്റു ആവശ്യങ്ങൾക്കായി പോകുന്നവർക്കും സുരക്ഷ ഒരുക്കുന്നുണ്ട്. 

‘ആർആർടി പബ്ലിക് ഇൻഫർമേഷൻ' എന്ന പേരിൽ ആർആർടി കൊട്ടിയൂർ, വൈൽഡ് ലൈഫ് റേഞ്ച് എന്നിവിടങ്ങളിലെ ജീവനക്കാർ, പുനരധിവാസ മേഖലയിലെ പ്രൊമോട്ടർമാർ, പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ടിആർഡിഎം സൈറ്റ് മാനേജർ, ഫാം സെക്യൂരിറ്റി ഓഫിസർ, സുരക്ഷാ ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. 

പുനരധിവാസ മേഖലയിലും ഫാമിലും ആനകൾ ഇറങ്ങിയാൽ ഈ ഗ്രൂപ്പ് മുഖേന വിവരം ബന്ധപ്പെട്ട ജീവനക്കാരനു ലഭിക്കും. രാത്രിയും പകലും ആനയെ തുരത്തി ജനങ്ങൾക്കുള്ള ഭീഷണി ഒഴിവാക്കും.മാർച്ച് ആദ്യവാരം സബ് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാന പ്രകാരം വന്യജീവി സങ്കേതം അതിരിൽ ആറു കിലോമീറ്റർ ദൂരം താൽക്കാലിക വൈദ്യുതി തൂക്കുവേലി നിർമിച്ചിരുന്നു. ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ച 28 ആനകളെ കാട്ടിലേക്കു തുരത്തുകയും ചെയ്തിരുന്നു. 

പഴയ ആനമതിൽ പൊളിച്ച് രാത്രികാലങ്ങളിൽ ഇറങ്ങുന്ന ആനകൾ കാടിനു സമാനമായി കിടക്കുന്ന ഫാമിലെയും പുനരധിവാസ മേഖലയിലെയും ജനവാസമില്ലാത്ത മേഖലകളിൽ നിലയുറപ്പിക്കുന്നുണ്ട്. ഈ ആനകളെ കണ്ടെത്തിയും ആർആർടിയുടെ നേതൃത്വത്തിൽ കാട്ടിലേക്കു തുരത്തുന്നുണ്ട്.

ആനമതിൽ പൂർത്തിയാകുന്നതോടെ ഫാമിലെയും പുനരധിവാസ മേഖലയിലെയും ആന ശല്യത്തിന് ശാശ്വത പരിഹാരമാകുമെന്നും അതുവരെ മേഖലയിൽ ആർആർടിയുടെ സേവനം രാവും പകലും ലഭ്യമായിരിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. പ്രത്യേക പട്രോളിങ് ടീം സേവനം ലഭിക്കാൻ: ഫോൺ – 8547602678, 8547602635, 8547603440, 8547602641, 8547602644, 8547602647.

കോട്ടപ്പാറയിൽ തകർത്ത വേലി പുനഃസ്ഥാപിച്ചു
ആറളം വന്യജീവി സങ്കേത അതിരിൽ കോട്ടപ്പാറയിൽ താൽക്കാലിക വൈദ്യുത വേലി പൊളിച്ച് ആറളം പുനരധിവാസ മേഖലയിൽ കടന്ന കാട്ടാനയെ ആർആർടി തുരത്തി. ഒരു പകൽ കൊണ്ട് വേലി പുനർനിർമിച്ചു ചാർജും ചെയ്തു. വ്യാഴാഴ്ച രാത്രിയാണു മരം പൊട്ടിച്ചു വേലിയിലിട്ട് തകർത്തു കൊമ്പൻ ബ്ലോക്ക് 10 മേഖലയിൽ ജനവാസ കേന്ദ്രത്തിൽ കടന്നത്. ഇന്നലെ ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ഫോറസ്റ്റർ സി.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ എത്തി കൊമ്പനെ തിരിച്ചു ആറളം വന്യജീവി സങ്കേതത്തിലേക്കു ഓടിച്ചു കയറ്റിയ ശേഷം തകർത്ത ഭാഗം വേലി പുനർനിർമിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com