ADVERTISEMENT

ഇരിട്ടി∙ കാറ്റിലും മഴയിലും ഇരിട്ടി ടൗണിൽ പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. സമീപത്തെ ഷോപ്പിങ് മാളുകൾക്ക് മുന്നിൽ നിർത്തിയിട്ട 2 കാറുകൾക്കും ഒരു ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ പറ്റി. സ്ഥലത്തുണ്ടായിരുന്നവരെല്ലാം മാറി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.ഇരിട്ടി മേലെ സ്റ്റാൻഡിൽ ജുമാ മസ്ജിദിനു തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന പഴയ ഫാഷൻ ഹോട്ടലിന്റെ ഒരു ഭാഗത്തെ റൂഫിങ് ഷീറ്റുകൊണ്ടു നിർമിച്ച മേൽക്കൂരയാണ് കാറ്റിൽ ഇളകിമാറി നിലം പൊത്തിയത്. കെട്ടിടത്തിന്റെ പിൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന മെട്രോ ഹൈപ്പർ മാർക്കറ്റ്, ഇമ്മാനുവേൽ സിൽക്‌സ്, സിറ്റി സെന്റർ ഷോപ്പിങ് മാൾ എന്നിവയുടെ പാർക്കിങ് ഏരിയയിലേക്കു മേൽക്കൂര അപ്പാടെ മറിഞ്ഞു വീഴുകയായിരുന്നു.

കാറുകളും ഓട്ടോറിക്ഷകളും ബൈക്കുകളുമടക്കം 10ഓളം വാഹനങ്ങൾ ഇതിനടിയിലായി. ഒരു ഓട്ടോറിക്ഷക്കും 2 കാറുകൾക്കും 2 ബൈക്കുകൾക്കുമാണു കേടുപാടുകൾ പറ്റിയത്. പാർക്കിങ് ഏരിയയിൽ നിന്നു പുറത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ യാണ് ഓട്ടോറിക്ഷ അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടുകയും മേൽഭാഗത്തെ ഷീറ്റ് കീറുകയും ചെയ്തു. ഇരിട്ടിയിൽ അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തകർന്നു വീണ മേൽക്കൂരക്കടിയിൽ പെട്ട വാഹനങ്ങൾ പുറത്തെടുത്തത്. മേൽക്കൂര വീഴുന്നതിനിടെ അതിനടിയിൽ പെട്ട വൈദ്യുതി ലൈനുകളും ട്രാൻസ്‌ഫോമർ സ്ഥാപിച്ച വൈദ്യുത തൂണുകളും തകർന്ന നിലയിലാണ്.
∙ കാറ്റിൽ വൈദ്യുതി ലൈനിലേക്ക് ഉണങ്ങിയ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം നിലച്ചു. നേരംപോക്ക് - ഇരിട്ടി താലൂക്ക് ആശുപത്രി റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് ഉണങ്ങിയ മരം വൈദ്യുത ലൈനിലേക്ക് വീണത്. മേഖലയിൽ 4 മണിയോടെ നിലച്ച വൈദ്യുതി ബന്ധം നാല് മണിക്കൂർ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാനായിട്ടില്ല.
‌ഉരുവച്ചാൽ ∙  നീർവേലി അളകാപുരിയിൽ മരം പൊട്ടി റോഡിലേക്ക് വീണു. അതുവഴി കടന്നുപോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ നീർവേലി മേഖലയിൽ വിവിധ ഭാഗങ്ങളിൽ മരം വീണ് വൈദ്യുത ലൈനുകൾ തകർന്നു. അളകാപുരിയിലെ റോഡരികിലെ മരം പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടനെ നാട്ടുകാർ റോഡിൽ നിന്നു മരം നീക്കം ചെയ്തു. നീർവേലി യിലെ പി.പി.ഹാഷിമിന്റെ വീട്ടുപറമ്പിലെ മരം പൊട്ടിവീണ് വൈദ്യുത ലൈനുകൾക്ക് മുകളിൽ വീണു. മട്ടന്നൂർ കെഎസ്ഇബി സെക്‌ഷൻ പരിധിയിൽ പലയിടങ്ങളിലായി മരം പൊട്ടി വീണ് വൈദ്യുത ലൈനുകൾ തകർന്നിട്ടുണ്ട്. ലൈൻ നന്നാക്കി ഭാഗികമായാണ് വൈദ്യുതി പുനഃ സ്ഥാപിച്ചത്. 
ചാലോട്∙ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ട് 5ഓടെ വന്ന കാറ്റിലും മഴയിലുമാണ്  മരങ്ങൾ പൊട്ടി വീഴുകയും വൈദ്യുതി തകരാറിലാവുകയും ചെയ്തത്. മരങ്ങൾ പൊട്ടി വീണ് അൽപസമയം ഗതാഗത തടസ്സവും നേരിട്ടു. വൈദ്യുതത്തൂണുകളും പൊട്ടി വീണു. ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ ചാലോട് ടൗൺ, എടയന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com