ADVERTISEMENT

കണ്ണൂർ ∙ ലോക്‌ സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ ജില്ലയിലെ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം. 1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുന്നത്. ഇവ കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കും.
കേടുപാട് വരുത്തിയാലും  സുരക്ഷിതം ദൃശ്യങ്ങൾ
തിരഞ്ഞെടുപ്പ് സുതാര്യമാക്കുക, നിയമ ലംഘനം, കള്ളവോട്ട് എന്നിവ തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വെബ് കാസ്റ്റിങ് നടത്തുന്നത്. ഇന്റർ നെറ്റ് സഹായത്തോടെ ശബ്ദം ഉൾപ്പെടെ റെക്കോർഡ് ചെയ്യുന്ന ഫോർ ജി ക്യാമറകളാണ് സ്ഥാപിക്കുന്നത്. പകർത്തുന്ന ദൃശ്യങ്ങൾ സെർവറിൽ റെക്കോർഡ് ചെയ്യപ്പെടും. ഓഫ് ആക്കാനാകാത്ത വിധം സീൽ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദ്യശ്യങ്ങൾ സുരക്ഷിതമായിരിക്കും.


കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ നടത്തിയ റോഡ്ഷോ കീഴല്ലൂരിൽ എത്തിയപ്പോൾ
കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ നടത്തിയ റോഡ്ഷോ കീഴല്ലൂരിൽ എത്തിയപ്പോൾ

ക്യാമറ പ്രവർത്തനരഹിതമായാൽ കൺട്രോൾ റൂമിൽ നിന്നു മനസ്സിലാക്കാനാകും. ഉടൻ സാങ്കേതിക സംഘമെത്തി പരിഹരിക്കും. ദൃശ്യങ്ങൾ പ്രത്യേക സെർവർ വഴിയാണ് കൺട്രോൾ റൂമിൽ ലഭിക്കുക. വലിയ സ്‌ക്രീനുകളും ലാപ്‌ ടോപുകളും ഉപയോഗിച്ച് ഇവ നിരീക്ഷിക്കാൻ 90 മോണിറ്ററിങ് ഉദ്യോഗസ്ഥരും 15 സൂപ്പർ വൈസർമാരുമുണ്ടാകും. സാങ്കേതിക സഹായത്തിനായി 15 പേരടങ്ങിയ സാങ്കേതിക സംഘവുമുണ്ടാകും. 16 ബൂത്തുകളിലെ ദൃശ്യങ്ങളാണ് ഒരാൾ നിരീക്ഷിക്കുക. 

കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് മണ്ഡലത്തിലൂടെ നടത്തിയ റോഡ് ഷോയിൽ നിന്ന്
കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് മണ്ഡലത്തിലൂടെ നടത്തിയ റോഡ് ഷോയിൽ നിന്ന്

മുകളിലുണ്ട്, മൂന്നാംകണ്ണ് 
കള്ളവോട്ട്, ക്രമസമാധാന പ്രശ്‌നം, പോളിങ് ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെയും പ്രവർത്തനം, ബാഹ്യ ഇടപെടൽ, അനുവദനീയമല്ലാതെ ബൂത്തുകളിലേക്ക് ആളുകൾ പ്രവേശിക്കുന്നത്, അനാവശ്യ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി ബൂത്തിലെ മുഴുവൻ കാര്യങ്ങളും നിരീക്ഷിക്കും. പ്രശ്‌നസാധ്യത ബൂത്തുകളിൽ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളിൽ ഒന്നു വീതവുമാണ് സ്ഥാപിക്കുന്നത്. അസാധാരണമായ കാര്യങ്ങൾ കണ്ടാൽ മോണിറ്ററിങ് ഉദ്യോഗസ്ഥർ സൂപ്പർവൈസറുടെ ശ്രദ്ധയിൽപ്പെടുത്തും.

സൂപ്പർവൈസർ ബുത്തിലെ പ്രിസൈഡിങ് ഓഫിസറെ അറിയിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങൾക്കായി മുതിർന്ന ഉദ്യോഗസ്ഥരും കൺട്രോൾ റൂമിലുണ്ടാകും. രാവിലെ മോക്‌പോൾ ആരംഭിക്കുന്ന സമയം മുതൽ വോട്ടിങ് അവസാനിക്കുന്നതു വരെ ഇവർ സമാന രീതിയിലാണ് പ്രവർത്തിക്കുക. തിരുവനന്തപുരത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിലും ദൃശ്യങ്ങൾ നിരീക്ഷിക്കും. ബൂത്തുകളിൽ ക്യാമറ ഘടിപ്പിക്കുന്ന പണി പുരോഗമിക്കുകയാണ്. 24ന് 
ട്രയൽ റൺ നടത്തും.

അതിർത്തി ചെക്ക് പോസ്റ്റുകൾ, വിവിധ സ്‌ക്വാഡുകൾ, ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ, വോട്ടിങ് യന്ത്രങ്ങളുടെ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നേരത്തെ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പൊലീസ്, എക്സൈസ്, മോട്ടർ വാഹന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ നിരീക്ഷണം നടത്തുന്ന അതിർത്തി ചെക്ക് പോസ്റ്റുകളിൽ സ്ഥിരമായുള്ള ക്യാമറകൾക്ക് പുറമേ വൈഫൈ സംവിധാനത്തോടെയുള്ള ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ജില്ലാ കൺട്രോൾ റൂമിൽ നിന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിൽ നിന്നും നിരീക്ഷിക്കുന്നുണ്ട്. 

വെബ് കാസ്റ്റിങ് കൺട്രോൾ റൂം 
കലക്ടറേറ്റിൽ സജ്ജമാക്കിയ വെബ് കാസ്റ്റിങ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 33 വീതം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും ഫ്ലയിങ് സ്‌ക്വാഡുകളും 360 ഡിഗ്രി കറങ്ങുന്ന വൈഫൈ ക്യാമറയുടെ സംവിധാനത്തോടെ 24 മണിക്കൂറും ജില്ലയിലാകെ പരിശോധന നടത്തുന്നുണ്ട്.  തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയമിച്ച ഉദ്യോഗസ്ഥർക്കുള്ള പരിശീലനങ്ങൾ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ നിയമസഭ അടിസ്ഥാനത്തിലുള്ള സംഭരണ കേന്ദ്രങ്ങൾ എന്നിവയും പൂർണമായും 
നിരീക്ഷണത്തിലാണ്. 

പ്രചാരണാവേശത്തിന്റെ കലാശക്കൊട്ട് ഇന്ന്
കണ്ണൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നു സമാപിക്കെ, കലാശക്കൊട്ടിനൊരുങ്ങി മുന്നണികൾ. കെ.സുധാകരന്റെ കലാശക്കൊട്ട് 2.30ന് സിറ്റിയിൽ നിന്ന് ആരംഭിക്കും. 3.30ന് ചേംബർ ഹാൾ, 4.30ന് സ്റ്റേഡിയം കോർണർ, 5ന് താവക്കരയിലെ പുതിയ ബസ് സ്റ്റാൻഡ്, 5.15ന് ജംക്‌ഷൻ വഴി 5.30ന് ഫോർട്ട് റോഡിൽ എസ്ബിഐ ജംക്‌ഷനിൽ സമാപിക്കും. എം.വി.ജയരാജന്റെ പ്രചാരണ സമാപനം ഇന്ന് 4.15ന് താവക്കര ബസ് സ്റ്റാൻഡ് പരിസരത്തു തുടങ്ങും. മുത്തപ്പൻകാവ്, റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ് വഴി കാൽടെക്സിൽ കെഎസ്ആർടിസി പരിസരത്ത് 6 മണിക്കു സമാപിക്കും. 

എൻഡിഎ സ്ഥാനാർഥി സി. രഘുനാഥിന്റെ റോഡ്ഷോ 11 മണിക്കു ചക്കരക്കല്ലിൽ ആരംഭിക്കും. മൂന്ന് പെരിയ, പെരളശേരി, മമ്പറം, കായലോട്, കാപ്പുമ്മൽ, പിണറായി ടൗൺ വഴി 12ന് ചിറക്കുനിയിലെത്തും. മീത്തലെപീടിക, മുഴപ്പിലങ്ങാട്, എടക്കാട്, നടാൽ വഴി തോട്ടടയിൽ 3 മണിക്കെത്തും. താഴെ ചൊവ്വ, മേലെചൊവ്വ, വാരം, വലിയന്നൂർ, ഏച്ചൂർ, കുടിക്കിമൊട്ട, മുണ്ടേരിമൊട്ട, ചെക്കിക്കുളം, നെല്ലിക്കപ്പാലം, കമ്പിൽ, നാറാത്ത് വഴി 3.30ന് പുതിയതെരുവിലെത്തും. വളപട്ടണം, മൂന്നുനിരത്ത്, വൻകുളത്തു വയൽ, പൂതപ്പാറ, അലവിൽ, ചാലാട്, എസ്എൻ പാർക്ക് (4 മണി), പ്രഭാത് ജംക്‌ഷൻ, പ്ലാസ, റെയിൽവേ സ്റ്റേഷൻ റോഡ് വഴി 5.45ന് പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും.

പൊലീസ് നൽകുന്ന നിർദേശങ്ങൾ
∙ യോഗശാല റോഡിൽ നിന്ന് 5 മണിക്കു യുഡിഎഫ് ജാഥ കാർഗിൽ ജംക്‌ഷൻ ഭാഗത്തേക്ക് കടന്നു പോയതിനു ശേഷം 
മാത്രമേ എൽഡിഎഫ് ജാഥ സ്റ്റേഡിയം കോർണർ ഭാഗത്തേക്കു കടക്കാൻ പാടുള്ളു. 
∙എൽഡിഎഫ് ജാഥ മുഴുവനും 4.45 നുള്ളിൽ  കടന്നു പോയി 15 മിനിട്ടിനു ശേഷം മാത്രമേ ബിജെപി ജാഥ 4.45ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പ്രവേശിക്കാൻ പാടുള്ളു. 
∙ ജാഥയിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് അനുവദനീയമല്ല. 
∙ ഇരു ചക്രവാഹനങ്ങളിൽ 2 പേരിൽ കൂടുതൽ അനുവദനീയമല്ല.
∙ മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിൽ പ്രകടനത്തോടൊപ്പം 
മാത്രമേ  പ്രചാരണ വാഹനങ്ങൾ സഞ്ചരിക്കാൻ പാടുള്ളു.
∙ ഇന്ന് 3 മണി മുതൽ 6 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗതക്കുരുക്കൊഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന്  ഉച്ചയ്ക്കു ശേഷം അത്യാവശ്യ വാഹനങ്ങൾ മാത്രമേ നഗരത്തിൽ പ്രവേശിക്കാവൂ.
∙ പുതിയതെരു ഭാഗത്തു നിന്നു തലശ്ശേരി ഭാഗത്തേക്കുള്ള 
വാഹനങ്ങൾ തെക്കിബസാർ ധനലക്ഷ്മി റോഡ് – താണ 
വഴി തിരിച്ചു വിടും.

അവസാനലാപ്പിൽ ആവേശത്തോടെ..
കെ.സുധാകരൻ
കണ്ണൂർ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ കണ്ണൂർ, അഴീക്കോട്, പേരാവൂർ മണ്ഡലങ്ങളിൽ അവസാനവട്ട പര്യടനം നടത്തി. നടാൽ, വാരം എന്നിവിടങ്ങളിൽ വിവിധ വ്യവസായ സ്ഥാപനങ്ങളിലും, എളയാവൂർ ജ്യോതി ഭവൻ, വാരം സിഎച്ച് സെന്റർ, ബർണശ്ശേരി സെന്റ് തെരേസാസ് കോൺവന്റ് എന്നിവിടങ്ങളിൽ സന്ദർശിച്ചു. കണ്ണാടിപ്പറമ്പിൽ കുടുംബ യോഗത്തിലും സംബന്ധിച്ചു. കണ്ണൂരിൽ യുഡിഎഫ് വനിതാ വിഭാഗം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലും പങ്കെടുത്തു. മുഴക്കുന്ന് പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ പൊതു പര്യടനവും നടത്തി. സണ്ണി ജോസഫ് എംഎൽഎ, മുഹമ്മദ് ഷമ്മാസ്, പി.സി.അഹമ്മദ്കുട്ടി, കായക്കൽ രാഹുൽ, പി.കെ.ജനാർദനൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത് എന്നിവർ അനുഗമിച്ചു. ഇന്ന് രാവിലെ ആയിക്കര ഫിഷിങ് ഹാർബർ, നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തും.

എം.വി.ജയരാജൻ
കണ്ണൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ 7 മണ്ഡലങ്ങളിലൂടെ റോഡ് ഷോ നടത്തി. തളിപ്പറമ്പിൽ നിന്ന് തുടങ്ങി മയ്യിൽ, മലപ്പട്ടം, ശ്രീകണ്ഠപുരം, പയ്യാവൂർ,  ഉളിക്കൽ, ഇരിട്ടി, വള്ളിത്തോട്, ഇരിട്ടി, മട്ടന്നൂർ, അഞ്ചരക്കണ്ടി, ചക്കരക്കൽ, പെരളശ്ശേരി, ചാല, താഴെ ചൊവ്വ, സിറ്റി, ജില്ലാ ആശുപത്രി, പ്രഭാത് ജംക്‌ഷൻ, പ്ലാസ, റെയിൽവേ സ്റ്റേഷൻ, എസ്എൻ പാർക്ക് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാത്രി അഴീക്കോട് വൻകുളത്തുവയലിൽ സമാപിച്ചു. തളിപ്പറമ്പ് കാക്കാത്തോട് സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. പി.കെ.ശ്രീമതി, ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി.രാജേഷ്, എൻ.ചന്ദ്രൻ, പി.കെ.ശ്യാമള, പി.മുകുന്ദൻ, സി.പി.സന്തോഷ് കുമാർ, കെ.സന്തോഷ്, കെ.വി.ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.

സി.രഘുനാഥ്
കണ്ണൂർ പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് മണ്ഡലത്തിൽ വിവിധയിടങ്ങളിലൂടെ റോഡ് ഷോ നടത്തി. റോഡ് ഷോ മയ്യിൽ കണ്ടക്കൈ മുക്കിൽ നിന്നും ആരംഭിച്ച് പറശ്ശിനിക്കടവ്, തളിപ്പറമ്പ്, മന്ന, ഒടുവള്ളി, മീൻപറ്റി, കരുവൻചാൽ, ആലക്കോട്, നടുവിൽ, പുറഞ്ഞാൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ, ഇരിട്ടി, കാക്കയങ്ങാട്, പേരാവൂർ, നെടുംപൊയിൽ, കോളയാട്, കണ്ണവം, ചിറ്റാരിപ്പറമ്പ്, ഉരുവച്ചാൽ, മട്ടന്നൂർ, ചാവശ്ശേരി എന്നീ പ്രദേശങ്ങളിൽ പര്യടനത്തിനു ശേഷം പുന്നാട് സമാപിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സുരേഷ്, വൈസ് പ്രസിഡന്റ് അജികുമാർ കരിയിൽ, മണ്ഡലം പ്രസിഡന്റുമാരായ രമേശൻ ചെങ്ങുനി, സഞ്ജു കൃഷ്ണകുമാർ, പി.വി.റോയ്, സത്യൻ കൊമ്മേരി, പി.വി.സന്തോഷ്‌, കെ.പി.രാജേഷ്, ശരത് കോതേരി, സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ, എസ്.സുമേഷ്, റീന മനോഹരൻ, പി.വി.അജികുമാർ, ബിഡിജെഎസ് നേതാക്കളായ പൈലി വാത്യാട്ട്,  പ്രഭാകരൻ മാങ്ങാട്, കെ.കെ.സോമൻ എന്നിവർ നേതൃത്വം നൽകി.

ഇതുവരെ നീക്കം ചെയ്തത്  58,760 അനധികൃത  പ്രചാരണ സാമഗ്രികൾ
കണ്ണൂർ∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നതു മുതൽ ഇതുവരെ ജില്ലയിൽ 58760 അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. എംസിസി നിരീക്ഷണ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് നടപടി. പോസ്റ്റർ, ബാനർ, കൊടിതോരണങ്ങൾ തുടങ്ങി പൊതുസ്ഥലത്തെ 58617 എണ്ണവും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 143 എണ്ണവുമാണ് മാറ്റിയത്. വിവിധ നിയോജക മണ്ഡലങ്ങളിലായി പൊതുസ്ഥലത്ത് പതിപ്പിച്ച 42904 പോസ്റ്റർ, 6724 ബാനർ, 2687 ചുവരെഴുത്ത്, 6302 മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവയാണ് ഒഴിവാക്കിയത്.

തിങ്കളാഴ്ച മാത്രം പൊതുസ്ഥലത്ത് നിന്ന് 1143 എണ്ണവും സ്വകാര്യ സ്ഥലത്ത് നിന്ന് 33 എണ്ണവും മാറ്റിയിരുന്നു. സ്വകാര്യ സ്ഥലത്ത് സ്ഥലയുടമയുടെ അനുമതിയില്ലാതെ പതിപ്പിച്ച 87 പോസ്റ്റർ, 50 ബാനർ, 4 ചുവരെഴുത്ത്, രണ്ട് മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവയും നീക്കി. എംസിസി നോഡൽ ഓഫിസർ എഡിഎം കെ. നവീൻ ബാബുവിന്റെ നേതൃത്വത്തിലാണ് എംസിസി സ്‌ക്വാഡുകളുടെ പ്രവർത്തനം.

ഫ്ലയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവയലയൻസ്, വിഡിയോ സർവയലയൻസ്, വിഡിയോ വ്യൂയിങ് ടീം, അക്കൗണ്ടിങ് ടീം എന്നീ അഞ്ച് സ്‌ക്വാഡുകളായാണ് ഇലക്‌ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെൽ പ്രവർത്തിക്കുന്നത്. ഇലക്‌ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെല്ലിന് കീഴിലുള്ള സ്‌ക്വാഡുകൾ ഇതുവരെ 20.5 ലക്ഷം രൂപയും പിടികൂടി. ഇതു കൂടാതെ 29 ലീറ്റർ മദ്യവും 23 മൊബൈൽ ഫോണും 
3 പാക്കറ്റ് ഗുഡ്കയും 
പിടിച്ചെടുത്തു.

4900 എൻഎസ്എസ്, എസ്പിസി
 വൊളന്റിയർമാർ
കണ്ണൂർ∙ സഞ്ചരിക്കാൻ പരസഹായം ആവശ്യമുള്ള  85 വയസ്സ് കഴിഞ്ഞ മുതിർന്നവർ, ബെഞ്ച് മാർക്ക് ഉള്ള (40% മുകളിൽ ഭിന്നശേഷിത്വം)  ഭിന്നശേഷിക്കാർ എന്നിവർക്ക് പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് 4900 എൻഎസ്എസ്, എസ്പിസി വൊളന്റിയർമാരെ നിയോഗിച്ചു.  ഇവർക്കുള്ള ചുമതലകളും മാർഗനിർദേശങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ അരുൺ കെ.വിജയൻ പുറപ്പെടുവിച്ചു.

പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനു ബുദ്ധിമുട്ടുള്ളവരെ ബൂത്തുകളിലും തിരിച്ച് വീടുകളിലും എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇവർ നിർവഹിക്കേണ്ടത്. പോളിങ് ബൂത്ത്തലം / സെക്ടർതലം എന്നിങ്ങനെയാണ് വോളന്റിയർമാരെ നിയോഗിച്ചിരിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരാണ് വൊളന്റിയർ കോഓർഡിനേറ്റർമാർ എൻഎൻഎസ് ജില്ലാ കോഓർഡിനേറ്റർ, പ്രോഗ്രാം ഓഫിസർമാരെ ഏകോപിപ്പിക്കും.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം: കേന്ദ്രസേന വേണമെന്നു ബിജെപി
കണ്ണൂർ ∙ വോട്ടർമാരെ ഭീഷണിപ്പെടുത്തിയും കള്ളവോട്ട് ചെയ്തും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇടത്–വലതു മുന്നണികൾ നടത്തുന്നതെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്.  സ്വന്തം പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുന്നതിനു പുറമേ സർവീസ് സംഘടനയിൽ അംഗങ്ങളായവരുടെ സഹായം തേടിയിട്ടുണ്ടെന്നും ആരോപിച്ചു. വീട്ടിലെ വോട്ടിലും പോസ്റ്റൽ വോട്ടിലും നടന്ന തിരിമറികൾ ഇതിനു തെളിവാണ്. കേന്ദ്രസേനയെ വിന്യസിച്ച് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കണമെന്നു ശ്രീകാന്ത് ആവശ്യപ്പെട്ടു.

ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് പ്രവർത്തകൻ വി.കെ.മനോജിനെ എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് സ്വീകരിച്ചു. 2009- 14 കാലഘട്ടത്തിൽ ഡൽഹിയിൽ കെ.സുധാകരന്റെ പഴ്സനൽ അസിസ്റ്റന്റ് ആയിരുന്നുവെന്നും കണ്ണൂരിന്റെ വികസനത്തിനായി ഇടപെടാനുള്ള അവസരം സുധാകരൻ വിനിയോഗിച്ചില്ലെന്നും മനോജ് പറഞ്ഞു. ബിജെപി മേഖലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി എന്നിവരും 
ഒപ്പമുണ്ടായിരുന്നു.

ഒരു ദിവസം നേരത്തെ  മദ്യഷാപ്പുകൾ അടച്ച് മാഹി
മാഹി ∙ തിരഞ്ഞെടുപ്പു കേരളത്തിലാണെങ്കിലും ഒരു ദിവസം നേരത്തെ മദ്യഷാപ്പുകൾ അടച്ച് മാഹി. ലോക്സഭാ തിരഞ്ഞെടുപ്പു പരിഗണിച്ച് ഇന്നലെ രാത്രിയോടെ മാഹിയിലെ മദ്യഷാപ്പുകൾ അടച്ചു. 26നു വൈകിട്ട് 6 വരെ മാഹിയിൽ മദ്യഷാപ്പുകൾക്ക് പുതുച്ചേരി   ഡപ്യൂട്ടി  എക്സൈസ് കമ്മിഷണർ അവധി നൽകി. ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ 17 മുതൽ 19വരെ മദ്യഷാപ്പിനു അവധി 
നൽകിയിരുന്നു. അതേസമയം, കേരളത്തിൽ ഇന്നു വൈകിട്ട് 6 മുതൽ 26ന് 6 വരെയാണു മദ്യഷാപ്പുകളും ബാറുകളും അടച്ചിടുക.

യുഡിഎഫിനെ പിന്തുണയ്ക്കും
കണ്ണൂർ ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ വാഴമുട്ടം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ഡി.നാസർ, മലയം ഉഷാകുമാരി, ശോഭനാ രാജേന്ദ്രൻ, വി.ആനന്ദൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com