ADVERTISEMENT

ചെറുപുഴ ∙ മലയോരത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ഭൂദാനം ജലനിധി പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. 50 ലക്ഷം രൂപ ചെലവഴിച്ചു തേജസ്വിനിപ്പുഴയുടെ തീരത്തു നിർമിച്ച ജലനിധി പദ്ധതിയാണു അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. വൈദ്യുതി ബിൽ  അടക്കാത്തതും അറ്റകുറ്റപ്പണി നടത്താത്തതുമാണു ഭൂദാനം ജലനിധി പദ്ധതിയുടെ തകർച്ചയ്ക്ക് ഇടയാക്കിയത്.

2022 വരെയുള്ള വൈദ്യുത ചാർജ് അടക്കാത്തതിനെ തുടർന്നു ജലനിധി പദ്ധതിയിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചു. ഇതോടെ വെള്ളം പമ്പ് ചെയ്യുന്നതും നിലച്ചു. വെള്ളം കൊണ്ടുപോകുന്ന ഇരുമ്പു പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതും പദ്ധതിയുടെ പ്രവർത്തനം അവതാളത്തിലാക്കി. വൈദ്യുതി ചാർജ് അടക്കാതെ വന്നതോടെ തുക ഈടാക്കാൻ അന്നത്തെ പദ്ധതി നടത്തിപ്പുകാരുടെ പേരിൽ കെഎസ്ഇബി അധികൃതർ നിയമനടപടി ആരംഭിച്ചു കഴിഞ്ഞു.

എന്നാലും നടപടിക്രമങ്ങൾ പാലിച്ചു പുതിയ അപേക്ഷ നൽകിയാൽ വൈദ്യുതി കണക്ഷൻ നൽകാൻ തയാറാണെന്നു കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.  വേനൽ കനത്തതോടെ പദ്ധതി മേഖലയിൽ ജലക്ഷാമം രൂക്ഷമാണ്. എന്നിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനോ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താനോ ഉള്ള നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജലനിധി പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്ന് ഇനിയെങ്കിലും ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com