ADVERTISEMENT

യുഡിഎഫ്
കണ്ണൂർ ∙ ഒരായിരം കെ.സുധാകരന്മാർ ഒന്നിച്ച് അണിനിരന്നപോലെയായിരുന്നു യുഡിഎഫിന്റെ കലാശക്കൊട്ടിലെ ആവേശം. കെ.സുധാകരന്റെ കട്ടൗട്ടുകളുമായി പ്രവർത്തകർ ഒന്നിച്ച് അണിനിരന്ന കാഴ്ച കൗതുകത്തോടെയാണ് കണ്ണൂർ കണ്ടത്. തൊണ്ടപൊട്ടുന്ന ഉച്ചത്തിൽ മുദ്രാവാക്യം, വാനിലേക്കുയർത്തി വീശിയ എണ്ണമറ്റ ത്രിവർണ – ഹരിത പതാകകൾ, ആംപ്ലിഫയറിന്റെ പരമാവധിയിലേക്ക് ശബ്ദമുയർത്തി അനൗൺസ്മെന്റും പാരഡിപ്പാട്ടുകളും.. അടിപൊളി സംഗീതവുമായി മിക്ക വാഹനങ്ങളിലും ബോക്സുകൾ, പച്ചയിൽ കുളിച്ചെത്തിയ യൂത്ത് ലീഗിന്റെ ആവേശപ്പട്ടാളം, ത്രിവർണ ബലൂണുകൾ, നൂറുകണക്കിനു വാഹനങ്ങൾ.. ബാൻഡ് വാദ്യത്തിന്റെ മുഴക്കം, വിവിധ വർണങ്ങളിൽ വാനിലുയർന്ന കടലാസു തുണ്ടുകൾ, കലാശക്കൊട്ട് അക്ഷരാർഥത്തിൽ ആഘോഷമാക്കി യുഡിഎഫ് പ്രവർത്തകർ. 

എസ്ബിഐ ജംക്‌ഷനിലായിരുന്നു സമാപനം നിശ്ചയിച്ചിരുന്നതെങ്കിലും അവിടേക്ക് കെ.സുധാകരന്റെ പ്രചാരണ വാഹനത്തിന് നിശ്ചയിച്ച സമയത്ത് എത്താൻ പോലും കഴിയാത്തത്ര പ്രവർത്തകർ റോഡിൽ നിറഞ്ഞിരുന്നു. നേതാക്കളുടെ പ്രസംഗത്തിനും വോട്ടഭ്യർഥിച്ചുള്ള പാട്ടുകൾക്കുമൊപ്പം പ്രവർത്തകരുടെ നിര താവക്കര റോഡ് മുതൽ എസ്ബിഐ ജംക്‌ഷൻ വരെയുള്ള റോഡിലാകെ അലയടിച്ചുകൊണ്ടിരുന്നു.  ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സണ്ണി ജോസഫ് എംഎൽഎ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരിം ചേലേരി തുടങ്ങി ഒട്ടേറെ നേതാക്കൾ കെ.സുധാകരനൊപ്പം പ്രചാരണ വാഹനത്തിലുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സമാപനം കുറിച്ച് എൽഡിഎഫ് കണ്ണൂരിൽ നടത്തിയ കലാശക്കൊട്ടിൽ നിന്ന്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സമാപനം കുറിച്ച് എൽഡിഎഫ് കണ്ണൂരിൽ നടത്തിയ കലാശക്കൊട്ടിൽ നിന്ന്

എൽഡിഎഫ്
കണ്ണൂർ∙പ്രചരണാവേശം വാനോളമുയർത്തി എൽഡിഎഫിന്റെ കലാശക്കൊട്ട്. ഇന്നലെ വൈകിട്ട് നാലോടെ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച എൽഡിഎഫ് ജാഥ നഗരത്തെ ചെങ്കടലാക്കി മാറ്റി. ഐഒസി–റെയിൽവേ മുത്തപ്പൻ ക്ഷേത്രം–പ്ലാസ ജംക്‌ഷൻ–പഴയ ബസ് സ്റ്റാൻഡ് വഴി വൈകിട്ട് ആറോടെ കാൽടെക്സിൽ സമാപിച്ചു. തുറന്ന വാഹനത്തിൽ എൽഡിഎഫ് സ്ഥാനാർഥി എംവി.ജയരാജനും പിന്നാലെ നൂറ് കണക്കിന് പ്രവർത്തകരുടെ മുന്നിലായി കാൽനടയായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ഡോ.വി.ശിവദാസൻ എംപി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം ആക്ടിങ് ജില്ലാ സെക്രട്ടറി ടി.വി.രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.ചന്ദ്രൻ, എം.പ്രകാശൻ, എൽഡിഎഫ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സി.പി.സന്തോഷ്, ജയിംസ് മാത്യു, പി.കെ.ശ്രീമതി, സി.പി.മുരളി, ഇ.പി.ആർ.വേശാല എന്നിവർ കാൽനടയായി അകമ്പടി സേവിച്ചു.

ബാൻഡ് മേളത്തോടൊപ്പം  ചെങ്കോടി വീശിയാണ് പ്രവർത്തകർ ജാഥയിൽ അണി നിരന്നത്.  സമാപന സമ്മേളനത്തിൽ നേതാക്കളെല്ലാം സ്ഥാനാർഥി എം.വി.ജയരാജനോടൊപ്പം തുറന്ന വാഹനത്തിൽ കയറി എൽഡിഎഫിന് വോട്ടഭ്യർഥിച്ച് പ്രസംഗം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് അധ്യക്ഷത വഹിച്ചു. ആറോടെ കാൽടെക്സിൽ ജാഥ സമാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, മന്ത്രി രാമചന്ദ്രൻ കടന്നപള്ളി, ജയിംസ് മാത്യു, പി.കെ.ശ്രീമതി, എം.വി.ജയരാജൻ എന്നിവർ പ്രസംഗിച്ചു.

പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ കണ്ണൂരിൽ എൻഡിഎ പ്രവർത്തകർ നടത്തിയ കലാശക്കൊട്ടിൽ നിന്ന്.  ചിത്രം: മനോരമ
പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ കണ്ണൂരിൽ എൻഡിഎ പ്രവർത്തകർ നടത്തിയ കലാശക്കൊട്ടിൽ നിന്ന്. ചിത്രം: മനോരമ

എൻഡിഎ
കണ്ണൂർ∙ ആവേശത്തിര തീർത്ത് എൻഡിഎ കണ്ണൂർ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ സമാപനം. ആഹ്ലാദകൊടി മുടിയേറ്റിയ പ്രചാരണത്തിന് അലയൊലി തീർത്ത് ഡിജെ മ്യൂസിക്കും വർണ വെളിച്ചവും. ’മോദി’ മുദ്രാവാക്യം വിളികൾക്കിടെ പ്രവർത്തകർ തോളിലേറ്റിയ സ്ഥാനാർഥി സി.രഘുനാഥിന്റെ നൃത്തചുവട്. മേമ്പൊടിയായി ലൈറ്റ് കൊണ്ടുള്ള സ്മോക്കും കൂടിയായതോടെ ആവേശം പതിൻമടങ്ങായി. ബാൻഡ് മേളവും വാനിലുർത്തിയ ബലൂണുകളും വർണക്കടലാസുകളും പ്രചാരണത്തിന് കൊഴുപ്പേകി. 

പ്രഭാത് ജംക്‌ഷനിൽ നിന്ന് 4.45നാണ് സമാപന റാലി ആരംഭിച്ചത്. തുടർന്ന് ഫോർട്ട് റോഡ് വഴി പ്ലാസ ജംങ്ഷൻ, റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻ കോവിൽ വഴി പഴയ ബസ് സ്റ്റാൻഡിലെത്തി. റാലി കടന്നു പോയ ഓരോ വഴികളിലും നൂറുക്കണക്കിനാളുകൾ തടിച്ചു കൂടിയിരുന്നു. തുറന്ന വാഹനത്തിൽ നിന്ന് സ്ഥാനാർഥി സി.രഘുനാഥ് ജനത്തെ കൈവീശി അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുക്കണക്കിനു പ്രവർത്തകരും വാഹനങ്ങളും രഘുനാഥിനെ അനുഗമിച്ചു. സമാപന യോഗത്തിൽ യുഡിഎഫ് –എൽഡിഎഫ് കക്ഷികളേയും സ്ഥാനാർഥികളേയും കടന്നാക്രമിച്ച് രഘുനാഥിന്റെ 10 മിനിട്ട് പ്രസംഗം.

തന്റെ വിജയം സുനിശ്ചിതമാണെന്നും പ്രഖ്യാപിച്ച് പ്രസംഗം അവസാനിപ്പിച്ചതോടെ നേരെ തുറന്ന വാഹനത്തിൽ നിന്നും പ്രവർത്തകരുടെ ഇടയിലേക്കു നീങ്ങിയ രഘുനാഥിനെ പ്രവർത്തകർ തോളിലേറ്റി. 5 മിനുട്ട് നൃത്തചുവട്. ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, എ.ദാമോദരൻ, പി.കെ.വേലായുധൻ, ബിജു ഏളക്കുഴി, കെ.കെ.വിനോദ് കുമാർ, പൈലി വാത്യാട്ട് എന്നിവർ സമാപന യോഗത്തിൽ പ്രസംഗിച്ചു. 6 മണിയായതോടെ യോഗം അവസാനിപ്പിച്ചു പ്രവർത്തകരും നേതാക്കളും മടങ്ങി.

ആവേശത്തിരയിളക്കി... പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ കാസർകോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ, എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി എന്നിവർ കാസർകോടും എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ പയ്യന്നൂരിലും നടത്തിയ റോഡ് ഷോയിൽ നിന്ന്.
ആവേശത്തിരയിളക്കി... പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ കാസർകോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ, എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി എന്നിവർ കാസർകോടും എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ പയ്യന്നൂരിലും നടത്തിയ റോഡ് ഷോയിൽ നിന്ന്.

അണികളിൽ ആവേശം വിതറി കലാശക്കൊട്ട്
പയ്യന്നൂർ ∙ അണികളിൽ ആവേശം വിതറി ഇരുമുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് നടത്തി. ആദ്യം പ്രകടനം നടത്തിയത് യുഡിഎഫ് ആയിരുന്നു. പെരുമ്പ കെഎസ്ആർടിസി  പരിസരത്തു നിന്നാരംഭിച്ച പ്രകടനം ബികെഎം ജംക്‌ഷനിൽ സമാപിച്ചു. സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ കൂറ്റൻ കട്ടൗട്ടും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ നിശ്ചല ദൃശ്യവും കൊഴുപ്പേകി. എസ്.എ.ഷുക്കൂർ ഹാജി, കെ.ജയരാജ്, കെ.ടി.സഹദുല്ല, പി.രത്നാകരൻ, വി.പി.സുഭാഷ്, കെ.വി.കൃഷ്ണൻ, എം.പി.ഉണ്ണിക്കൃഷ്ണൻ, എം.കെ.രാജൻ, എ.പി.നാരായണൻ, ഡി.കെ.ഗോപിനാഥ്, എ.രൂപേഷ്, വി.കെ.ഷാഫി, കെ.കെ.അഷ്റഫ്, കെ.കെ.ഫൽഗുനൻ, ഇ.പി.ശ്യാമള, എം.കെ.ഷമീമ, പ്രശാന്ത് കോറോം, കെ.ടി.ഹരീഷ്, പിലാക്കാൽ അശോകൻ എന്നിവർ നേതൃത്വം നൽകി.

ആവേശത്തിരയിളക്കി... പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ, എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ, എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് എന്നിവർ കണ്ണൂരിൽ നടത്തിയ റോഡ് ഷോയിൽ നിന്ന്. ചിത്രം: മനോരമ
ആവേശത്തിരയിളക്കി... പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ, എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ, എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് എന്നിവർ കണ്ണൂരിൽ നടത്തിയ റോഡ് ഷോയിൽ നിന്ന്. ചിത്രം: മനോരമ

എൽഡിഎഫ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണു പ്രകടനം തുടങ്ങിയത്. സ്ഥാനാർഥി എം.വി.ബാലകൃഷ്ണനൊപ്പം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻ എംപി പി.കരുണാകരൻ എന്നിവരെ തുറന്ന വാഹനത്തിൽ ആനയിച്ചു കൊണ്ടാണ് കലാശക്കൊട്ടിന്റെ പ്രകടനം നടത്തിയത്. ശിങ്കാരിമേളവും ബാൻഡ് മേളവും അകമ്പടിയായി. എൽഡിഎഫിലെ വിവിധ പാർട്ടികളുടെ കൊടികളും വർണ ബലൂണുകളും കളരി അഭ്യാസവും കൂറ്റൻ ചെങ്കൊടിയുമെല്ലാം റാലിക്ക് കൊഴുപ്പേകി.

ലോക്സഭാ തിരഞ്ഞെടുപ്പിനായി കണ്ണൂർ കലക്ടറേറ്റ് ഹാളിൽ വെബ് കാസ്റ്റിങ് കൺട്രോൾ റൂം ഒരുക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനായി കണ്ണൂർ കലക്ടറേറ്റ് ഹാളിൽ വെബ് കാസ്റ്റിങ് കൺട്രോൾ റൂം ഒരുക്കുന്നു.

ടി.ഐ.മധുസൂദനൻ എംഎൽഎ, സി.കൃഷ്ണൻ, പി.സന്തോഷ്, പി.ശശിധരൻ, എം.രാമകൃഷ്ണൻ, പി.ജയൻ, പി.വി.ദാസൻ, ഇക്ബാൽ പോപ്പുലർ, പി.യു.രമേശൻ, കെ.ഹരിഹർ കുമാർ എന്നിവർ നേതൃത്വം നൽകി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപന യോഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.വി.ബാബു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ, വി.നാരായണൻ എന്നിവർ പ്രസംഗിച്ചു. ടൗണിൽ കനത്ത സായുധ പൊലീസ് സന്നാഹമുണ്ടായിരുന്നു.

പഴയങ്ങാടി ∙ ആവേശം അലതല്ലി പഴയങ്ങാടിയിൽ കല്യാശ്ശേരി മണ്ഡലംതല യുഡിഎഫ്, എൽഡിഎഫ്  തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട്. ഇന്നലെ വൈകിട്ട് 4നു തന്നെ പ്രചാരണ വാഹനങ്ങളും പ്രവർത്തകരും എത്തി. പഴയങ്ങാടി പഴയ ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു യുഡിഎഫ് പ്രവർത്തകർ അണിനിരന്നത്. 

പുതിയ ബസ് സ്റ്റാൻഡിന് സമീപം എൽഡിഎഫ് പ്രവർത്തകരും. രണ്ടു മുന്നണികളും നിശ്ചിത അകലം പാലിച്ചാണ് കലാശക്കൊട്ട് ആരംഭിച്ചതെങ്കിലും സമാപനഘട്ടമാകുമ്പോഴേക്കും പൊലീസിന്റെ ലക്ഷ്മണ രേഖ മറികടന്നിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് പട തന്നെ എത്തിയിരുന്നു. സമീപത്തെ കെട്ടിടത്തിന് മുകളിലെല്ലാം ആളുകൾ നേരത്തെ നില ഉറപ്പിച്ചിരുന്നു. വാഹന ഗതാഗതവും മണിക്കൂറുകളോളം  ഭാഗികമായി നിലച്ചു.

ആംബുലൻസ് മാത്രം കടത്തിവിട്ടു. വൈകിട്ട് കൃത്യം 6നു തന്നെ  തിരഞ്ഞെടുപ്പ് പ്രചാരണം  അവസാനിപ്പിച്ചു. എൻഡിഎ പ്രവർത്തകരുടെ കല്യാശ്ശേരി മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണം കണ്ണപുരത്ത് സമാപിച്ചു. പയ്യന്നൂർ ഡിവൈഎസ്പി എ. ഉമേഷ്, പഴയങ്ങാടി സിഐ എ.ആനന്ദകൃഷ്ണൻ, എസ്ഐ കെ.കെ.തുളസി എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പിന് ഒരുക്കമായി
കണ്ണൂർ∙നാളെ നടക്കുന്ന വോട്ടെടുപ്പ് സുതാര്യവും സുഗമവുമായി നടത്തുന്നതിനു ജില്ല സജ്ജമാണെന്നു കലക്ടർ അരുൺ കെ.വിജയൻ, സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ, റൂറൽ എസ്പി എം. ഹേമലത, അസിസ്റ്റന്റ് കലക്ടർ അനൂപ് ഗാർഗ് എന്നിവർ അറിയിച്ചു. സമാധാനപരമായ വോട്ടിങ്ങിന് ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തണമെന്നും ക്രമവിരുദ്ധമായ വോട്ടിങ് നടന്നാൽ പോളിങ് ഉദ്യോഗസ്ഥർക്കും നിയമപരമായ ബാധ്യതയുണ്ടാകുമെന്നും കലക്ടർ പറഞ്ഞു. 

27 പുലർച്ചെ 6 വരെ ജില്ലയിൽ  നിരോധനാജ്ഞ 
∙കണ്ണൂർ ജില്ലയിൽ നിരോധനാജ്ഞ നിലവിൽ വന്നു. ഇന്നലെ വൈകിട്ട് 6 മുതൽ 27ന് രാവിലെ 6 വരെയാണു കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.  നിയമവിരുദ്ധമായ സംഘം ചേരൽ , പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം  ഉൾപ്പെടെ നിരോധിച്ചു. വീടുകൾ കയറിയുള്ള സന്ദർശനത്തിനു നിരോധനാജ്ഞ ബാധകമല്ല.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും പൊതുയോഗമോ ജാഥയോ വിളിച്ചു ചേർക്കാനോ നടത്താനോ പ്രസംഗിക്കാനോ പാടില്ല. സിനിമ, ടെലിവിഷൻ, സമാനമായ മറ്റ് ഉപകരണങ്ങൾ എന്നിവ മുഖേന തിരഞ്ഞെടുപ്പ് കാര്യങ്ങൾ പൊതുജനങ്ങൾക്കു പ്രദർശിപ്പിക്കരുത്. പൊതുജനങ്ങളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ സംഗീത പരിപാടിയോ  നാടകമോ വിനോദ പരിപാടിയോ സംഘടിപ്പിച്ച്  തിരഞ്ഞെടുപ്പ് കാര്യങ്ങൾ പ്രചരിപ്പിക്കരുത്. 

സുരക്ഷ
∙പ്രശ്നബാധിത ബൂത്തുകൾ 418. 121 പ്രശ്ന സാധ്യതാ ബൂത്തുകളുൾപ്പെടെയാണിത്. ഇവിടെ അധിക സുരക്ഷയും മൈക്രോ ഒബ്സർവർ ഉൾപ്പെടെയുള്ള ക്രമീകരണവുമുണ്ടാകും. 
∙ആകെ 21 കമ്പനി കേന്ദ്രസേന. റൂറൽ ജില്ലയിൽ 12, സിറ്റിയിൽ 9. എല്ലാ ബൂത്തുകളിലും സാന്നിധ്യം. 
∙ഇതിനു പുറമേ കേരള പൊലീസുമുണ്ടാകും. ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് 10 ഫ്ലയിങ് സ്ക്വാഡുകൾ.
∙ക്യൂആർ കോഡ് വഴി ഓരോ പോളിങ് ബൂത്തും പെട്ടെന്നു തിരിച്ചറിഞ്ഞ് പൊലീസ് എത്തുന്ന തരത്തിലുള്ള ഓൺലൈൻ സംവിധാനം. 

ക്രമക്കേട് തടയാൻ 
∙മുഴുവൻ പോളിങ് ബൂത്തുകളിലും ലൈവ് വെബ് കാസ്റ്റിങ്. 
∙ആൾമാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാൽ കർശന നടപടി. ജില്ലാതല കൺട്രോൾ റൂമിൽ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികൾ നിരീക്ഷിക്കും. 
∙ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ ഇടപെടും.  
∙അന്ധത മൂലം ചിഹ്നങ്ങൾ കാണാൻ സാധിക്കാതിരിക്കുകയോ  അവശത മൂലം ബാലറ്റ് യൂണിറ്റിൽ വിരൽ അമർത്തി വോട്ട് ചെയ്യാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടർക്ക് സഹായിയുടെ സേവനം അനുവദിക്കും.
∙ഒരാൾക്ക് ഒരു വോട്ടറെ മാത്രം ഓപ്പൺ വോട്ട് ചെയ്യിക്കാം. ഇതിനുള്ള അനുമതിപത്രം പൂരിപ്പിച്ചു നൽകണം. 

മുഴുവൻ ബൂത്തിലും വെബ്കാസ്റ്റിങ്
∙1866 ബൂത്തുകളിലായി 2664 ക്യാമറകൾ. ശബ്ദം ഉൾപ്പെടെ റെക്കോർഡ് ചെയ്യും. ദൃശ്യങ്ങൾ സെർവറിൽ റെക്കോർഡ് ചെയ്യും.  ∙ ഓഫാക്കാൻ ആകാത്ത വിധം സീൽ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദൃശ്യങ്ങൾ സുരക്ഷിതമായിരിക്കും. പ്രശ്നസാധ്യത ബൂത്തുകളിൽ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളിൽ ഒന്നു വീതവുമാണ് സ്ഥാപിക്കുക.   

വോട്ടർമാർ
 ∙ആകെ വോട്ടർമാർ: 11 നിയമസഭ മണ്ഡലങ്ങളിലായി ആകെ വോട്ടർമാർ 21,16, 876. സ്ത്രീകൾ 11,14, 246. പുരുഷന്മാർ 10,02,622. ട്രാൻസ്ജെൻഡേഴ്സ് 8 . 18നും 19നും ഇടയിൽ പ്രായമുള്ളവർ 55,166. 20നും 29നും ഇടയിലുള്ളവർ 3,48, 884. 30നും 39നും ഇടയിൽ പ്രായമുള്ളവർ 3,92, 017. 40നും 49നും ഇടയിലുള്ളവർ 4,47, 721. 50 വയസ്സിന് മുകളിലുള്ളവർ 8,73, 088. 
∙ആകെ 1866 പോളിങ് സ്റ്റേഷനുകൾ.  പയ്യന്നൂർ മണ്ഡലം -181, തളിപ്പറമ്പ് -196, ധർമടം -165, മട്ടന്നൂർ -172, കല്യാശ്ശേരി -170, ഇരിക്കൂർ -184, അഴീക്കോട് -154, കണ്ണൂർ -149, പേരാവൂർ -158, തലശ്ശേരി -165, കൂത്തുപറമ്പ് -172.
∙പോളിങ് ഡ്യൂട്ടിക്കു റിസർവ് ഉൾപ്പെടെ 8972 ഉദ്യോഗസ്ഥർ.  ഒരു പോളിങ് ബൂത്തിൽ ഒരു പ്രിസൈഡിങ് ഓഫിസർ, 3 പോളിങ് ഓഫിസർമാർ.  
∙റിസർവ് ഉൾപ്പെടെ 283 മൈക്രോ ഒബ്‌സർവർമാർ. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മാത്രം 151 മൈക്രോ ഒബ്‌സർവർമാർ. 

വാഹനങ്ങൾ
കണ്ണൂർ∙ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ദിവസം ഉദ്യോഗസ്ഥർക്കു സഞ്ചരിക്കാൻ ജില്ലയിൽ 750 സ്വകാര്യ വാഹനങ്ങൾ അനുവദിച്ചു. പോളിങ് സാമഗ്രികളും പോളിങ് ഉദ്യോഗസ്ഥരെയും ബൂത്തുകളിലെത്തിക്കാൻ മാത്രമുള്ളതാണിത്. ഇതിൽ 189 ബസുകൾ ഉൾപ്പെടും. ഇതിനു പുറമെ കണ്ണൂർ‌ സിറ്റി പൊലീസിന് 400 ടാക്സിയും കണ്ണൂർ‌ റൂറൽ പൊലീസിന് 220 ടാക്സിയും നൽ‌കും. സെക്ടർ ഓഫിസേഴ്സിന് 166, അസി.റിട്ടേണിങ് ഓഫിസർമാർക്ക് 22 ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് 12 വിവിധ സ്ക്വാഡുകൾക്ക് 50 എന്നിങ്ങനെയാണ് അനുവദിച്ച ടാക്സി വാഹനങ്ങൾ. നിലവിലെ സർക്കാർ വാഹനങ്ങൾക്കു പുറമെയാണ് ഈ വാഹനങ്ങൾ.

ഹോം വോട്ടിങ്: 10, 565 പേർ വോട്ട് ചെയ്തു
∙ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഹോം വോട്ടിങ്ങിന് അർഹരായ 10,960ൽ 10,565 പേരും വോട്ട് രേഖപ്പെടുത്തി. 85 വയസ്സിന് മുകളിൽ പ്രായമുള്ള 8,074 പേരും 2,491 ഭിന്നശേഷിക്കാരുമാണ് ഏഴു നിയമസഭ മണ്ഡലങ്ങളിലായി സമ്മതിദാന അവകാശം വിനിയോഗിച്ചത്. 395 പേർ മാത്രമാണ് ഈ വിഭാഗത്തിൽ ബാക്കിയായത്.

വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കാൻ 85 പ്ലസ് വിഭാഗത്തിൽ അർഹരായ 8434 പേരിൽ 95.7 ശതമാനം പേരും വോട്ട് ചെയ്തപ്പോൾ 360 പേർ ബാക്കിയായി. 2,526 ഭിന്നശേഷിക്കാരിൽ 98.6 ശതമാനം പേരും വോട്ടു ചെയ്തു. ഇതിൽ 35 പേർ മാത്രമാണ് ബാക്കി. അവശ്യ സർവീസ് വിഭാഗത്തിൽ തപാൽ വോട്ടിന് അപേക്ഷിച്ച 2212 പേരിൽ 1956 പേരും വോട്ട് ചെയ്തതോടെ പോളിങ് ശതമാനം 98.6 ആയി. 256 പേരാണ് ഇതിൽ ബാക്കിയുള്ളത്.

ഉദ്യോഗസ്ഥർക്ക് ഇന്നും വോട്ട് ചെയ്യാം
∙ജില്ലാ തല വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ ഇതുവരെ പോസ്റ്റൽ വോട്ട് ചെയ്തത് 3276 പേ‍ർ. തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാർ. 4904 ആണ്. ഇന്ന്, വോട്ടിങ് യന്ത്രങ്ങളുടെ വിതരണ കേന്ദ്രങ്ങളിലും കണ്ണൂർ ഗവ. വനിതാ കോളജിലെ കേന്ദ്രത്തിലും ഉദ്യോഗസ്ഥർക്കു വോട്ട് ചെയ്യാം.

കലാശക്കൊട്ടിനിടെ മലപ്പട്ടത്ത് സംഘർഷം, യുഡിഎഫ് ബൂത്ത് കൺവീനർക്ക് മർദനമേറ്റു
ഇരിക്കൂർ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ മലപ്പട്ടത്ത് സംഘർഷം. യുഡിഎഫ് അഡുവാപ്പുറം 195ാം ബൂത്ത് കൺവീനർ പി.ആർ.സനീഷിന് (35) മർദനമേറ്റു. മുഖത്തും തലയ്ക്കും പരുക്കേറ്റ സനീഷ് മയ്യിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സിപിഎം പ്രവർത്തകർ  മർദിച്ചതായാണ് പരാതി. വൈകിട്ട് 5.30ന് മലപ്പട്ടം സെന്ററിലായിരുന്നു സംഭവം. യുഡിഎഫ് പ്രവർത്തകരുടെ ബൈക്ക് റാലി അഡൂരിൽ പോയി മടങ്ങുന്നതിനിടെ സെന്ററിൽ വച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു. റാലി അവസാനിപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് സമീപം കാറിലെത്തിയ സനീഷിനെ മർദിച്ചതായാണ് പരാതി. കൊട്ടിക്കലാശ സമയത്ത് മയ്യിൽ പൊലീസ് 
സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തിൽ സിപിഎം പ്രവർത്തകരായ അജ്നാസ്, ആദർശ് എന്നിവർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.

ക്യുആർ കോഡ് സംവിധാനവുമായി റൂറൽ പൊലീസ്
കണ്ണൂർ∙ തിരഞ്ഞെടുപ്പു ദിവസം പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്ന ക്യുആർ കോഡ് സംവിധാനവുമായി റൂറൽ പൊലീസ്. ഇലക്‌ഷൻ കൺട്രോൾ റൂമിൽ റൂറൽ ജില്ലയിലെ എല്ലാ പട്രോളിങ് ടീമിനും യഥാസമയം നിർദേശം നൽകാനും പെട്ടെന്നു ബൂത്തിൽ എത്താനും സഹായിക്കുന്ന തരത്തിലാണു ക്യൂആർ കോഡ് സംവിധാനം. ലോ ആൻഡ് ഓർഡർ പട്രോൾ, ഗ്രൂപ്പ് പട്രോൾ, ക്വിക് റെസ്പോൺസ് ടീം പട്രോൾ എന്നിവയുടെ സ്ഥാനം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നിർണയിക്കാൻ കഴിയുന്നതാണു സംവിധാനം. 

ക്യൂആർ കോഡ് പൊലീസ് ഉദ്യോഗസ്ഥർക്കു മൊബൈൽ ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്യാം. ഇതോടെ, പട്രോളിങ് ഡ്യുട്ടിയിലുള്ള പൊലീസ് സേനാംഗങ്ങളുടെ ഡ്യുട്ടി സംബന്ധിച്ച വിശദ വിവരങ്ങളും പോളിങ് സ്റ്റേഷനെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.  ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ പട്രോളിങ് ടീമുകളുടെ സാന്നിധ്യം നിർണയിച്ച് പ്രശ്‌നബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കാൻ കഴിയും.
വടകര, കണ്ണൂർ, കാസർകോട്‌ മണ്ഡലങ്ങളിൽ എൽഡിഫ്‌ വിജയം നേടും: ടി.വി.രാജേഷ്. 
കണ്ണൂർ ∙ വടകര, കണ്ണൂർ, കാസർകോട്‌ മണ്ഡലങ്ങളിൽ എൽഡിഫ്‌ തകർപ്പൻ വിജയം നേടുമെന്ന് സിപിഎം ആക്ടിങ് ജില്ലാ സെക്രട്ടറി ടി.വി.രാജേഷ്. എം.വി. ജയരാജൻ പ്രചാരണത്തിൽ ഏറെ മുന്നിലാണ്‌. കണ്ണൂർ എംപിക്ക്‌ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ വികസന പ്രവർത്തനങ്ങളൊന്നുമില്ല. വിശ്വസ്‌തൻ എൻഡിഎ സ്ഥാനാർഥിയായി, പിഎ ബിജെപിയിലേക്ക്‌ പോയി ഇനി എന്നാണ്‌ ബോസും പോകുന്നതെന്നാണ്‌ ചോദ്യം.  എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക്‌ പോകാൻ റെഡിയായി നിൽക്കുന്നയാളാണ്‌ കെ.സുധാകരൻ.– ടി.വി.രാജേഷ് പറഞ്ഞു.

‘കേന്ദ്ര സേനയെ വിന്യസിക്കണം’
കണ്ണൂർ∙ മട്ടന്നൂരിൽ കഴി‍ഞ്ഞദിവസം ബോംബുകൾ പിടിച്ചെടുക്കുകയും പാനൂരിൽ ബോംബ് സ്ഫോടനത്തിൽ ഒരു സിപിഎം പ്രവർത്തകൻ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്നു സണ്ണി ജോസഫ് എംഎൽഎ കലക്ടർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് 11 കേന്ദ്രങ്ങളിൽ
വോട്ടിങ് യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം ഇന്ന് 8ന് 11 കേന്ദ്രങ്ങളിൽ ആരംഭിക്കും. വോട്ടെടുപ്പ് പൂർത്തിയായതിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങളും ഈ കേന്ദ്രങ്ങളിൽ തന്നെ സ്വീകരിക്കും. 2371 ബാലറ്റ് യൂണിറ്റ്, 2358 കൺട്രോൾ യൂണിറ്റ്, 2544 വി വി പാറ്റ് എന്നിവയാണു വിതരണ കേന്ദ്രങ്ങളിലെത്തിച്ചിരിക്കുന്നത്.  
നിയമസഭാ മണ്ഡലവും വിതരണ കേന്ദ്രവും: 
പയ്യന്നൂർ –  പയ്യന്നൂർ എകെഎഎസ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ. 
കല്ല്യാശേരി –  മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി 
സ്‌കൂൾ. 
തളിപ്പറമ്പ് – തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസ്. 
ഇരിക്കൂർ –  കുറുമാത്തൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ.
അഴീക്കോട് –  പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക 
ഗവ. വനിതാ കോളജ്.
കണ്ണൂർ – കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ.
ധർമ്മടം – തോട്ടട എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ.
മട്ടന്നൂർ – മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ.
പേരാവൂർ – തുണ്ടിയിൽ സെന്റ് ജോസഫ് ഹൈസ്‌കൂൾ. 
തലശ്ശേരി – ഗവ.ബ്രണ്ണൻ കോളജ്.
കൂത്തുപറമ്പ് – കൂത്തുപറമ്പ് നിർമലഗിരി കോളജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com