ADVERTISEMENT

തൃക്കരിപ്പൂർ∙പ്രൊപ്പല്ലറും ബ്രാക്കറ്റും യോജിക്കുന്ന ഭാഗത്തെ യന്ത്രത്തകരാർ മൂലം കഴിഞ്ഞമാസം 29 നു ഓട്ടം നിർത്തിയ കവ്വായി കായലിലെ ജലഗതാഗത വകുപ്പിന്റെ എ 62 ബോട്ട് ഇന്നലെ രാവിലെ മുതൽ ഓട്ടം പുനരാരംഭിച്ചു. ദിവസങ്ങൾ നീണ്ട അറ്റകുറ്റപ്പണികൾക്കു ശേഷമാണിത്. ബോട്ട്  സർവീസ് നിലച്ചതു മൂലം തീരമേഖലയിലെ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ചു 31 നു ‘മലയാള മനോരമ’ വാർത്ത നൽകിയിരുന്നു.

തൃക്കരിപ്പൂർ ആയിറ്റിക്കടവിലെ മേഖലാ കാര്യാലയത്തിൽ നിന്നു രാമന്തളി കടവ് വരെ സർവീസ് നടത്തുന്ന ബോട്ട് വലിയപറമ്പിന്റെ തെക്കൻ മേഖലയിലെ കുടുംബങ്ങളുടെ ആശ്രയമാണ്. മറ്റു ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത ഈ ദ്വീപ് ജനത കരപിടിക്കുന്നത് ജലഗതാഗത വകുപ്പിന്റെ ബോട്ട് മാർഗമാണ്. സർവീസ് കാര്യക്ഷമമല്ലാത്തത് മൂലം തീരജനത പലപ്പോഴും കഷ്ടത്തിലാണ്. 6 ബോട്ടുകളുമായി ഓട്ടം തുടങ്ങിയ ബോട്ട് സർവീസ് മരണമണി മുഴക്കുന്നത് അധികൃതരുടെ പിടിപ്പുകേട് ഒന്നു കൊണ്ടുമാത്രമാണ്.

കവ്വായി കായലിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ ചിലത് പറശ്ശിനിക്കടവിൽ ഓടിക്കുന്നതിനു വിട്ടുകൊടുത്ത ബന്ധപ്പെട്ടവർ, യന്ത്രത്തകരാർ മൂലം കരയ്ക്ക് കയറ്റിയ ബോട്ടിനു പകരം ഇവിടെ ഓടിക്കാൻ ഒരു ബോട്ട് പോലും തരപ്പെടുത്താത്തത് കെടുകാര്യസ്ഥത മൂലമാണ്. ഒരു ബോട്ടും 22 ജീവനക്കാരുമാണ് നിലവിൽ ഇവിടെയുള്ളത്. കാര്യക്ഷമല്ലാത്തതിനാൽ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ സർവീസ് മെച്ചപ്പെടുത്താനുള്ള പദ്ധതികളോ ചിന്തകളോ അധികൃതർക്കില്ല.

ഉണരണം അധികൃതർ
ചന്തമേറെയുണ്ട് കവ്വായി കായലിനും 20 കിലോ മീറ്ററിലധികം കടൽത്തീരമുള്ള വലിയപറമ്പ് ദ്വീപിനും. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ അനേകം വിനോദ സഞ്ചാരികൾ വന്നെത്തുന്ന തീരം. 30 ൽ പരം വഞ്ചി വീടുകൾ ഓട്ടം നടത്തുന്ന കായലിൽ, ടൂറിസ്റ്റുകളെ ആകർഷിക്കാൻ ജലഗതാഗത വകുപ്പിനു പദ്ധതികൾ ഒരുക്കാനാകും.

കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര മേഖലയിൽ ബോട്ടുകൾ ഓടിക്കാൻ ബന്ധപ്പെട്ടവർ തയാറായാൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെ ആശ്രയിക്കാൻ ടൂറിസ്റ്റുകൾ വലിയതോതിൽ മുന്നോട്ടു വരും. നഷ്ടം നികത്തി സർവീസ് ലാഭത്തിലെത്തിക്കാനും കഴിയും.

നായനാരുടെ നർമത്തിൽ  നിന്നുയർന്ന ബോട്ട് സർവീസ്
ഇ.കെ.നായനാർ തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിച്ചതിന്റെ സ്മരണയാണ് കവ്വായി കായലിലെ ബോട്ട് സർവീസ്. മലബാർ മേഖലയിൽ ജലഗതാഗത വകുപ്പിന്റെ ആദ്യത്തേതാണിത്. വലിയപറമ്പ് ദ്വീപിലേക്കു വഞ്ചിയിലേറിയാണ് നായനാർ വോട്ട് തേടിയത്. കാറ്റിൽ വഞ്ചി ആടിയുലഞ്ഞു കൂടെയുള്ളവർ ആശങ്കപ്പെടുമ്പോഴും അതിലും നർമം കണ്ടു പൊട്ടിച്ചിരിപ്പിച്ച നായനാർ, കടപ്പുറത്തെത്തി പ്രഖ്യാപിച്ചു.

‘ഞാൻ നോക്കട്ടെ ഈ കടപ്പുറക്കാരെ കരയിൽ കയറ്റാമോന്ന്’. തൃക്കരിപ്പൂരിന്റെ പ്രതിനിധിയായി മുഖ്യമന്ത്രി കസേരയിൽ തിരക്കിൽ ഇരിക്കുമ്പോഴും നായനാർ പ്രഖ്യാപനം മറന്നില്ല. 1990 കാലത്ത് അങ്ങനെ വന്നതാണ് 6 ബോട്ടുകളുമായി ഈ സർവീസ്. പിന്നീട് ഓരോന്നായി കട്ടപ്പുറത്തും ഒടുവിൽ ചിത്രത്തിലും ഇല്ലാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com