ADVERTISEMENT

മാവുങ്കാൽ ∙ ‘കഴിഞ്ഞ തവണത്തേതുപോലെ ഈസിയല്ല ഇത്തവണ, കടുത്ത മത്സരമാണ്. എങ്കിലും ചെറിയ ഭൂരിപക്ഷത്തിന് ഉണ്ണിത്താൻ ജയിക്കാനാണ് സാധ്യത.’ വിഷുവിന് ബാക്കിയായ അമിട്ടുകളിലൊരെണ്ണം പൊട്ടിക്കുന്നതുപോലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജർ കൂടിയായ ബി.രാമചന്ദ്രനാണ് ചർച്ചയ്ക്ക് തിരികൊളുത്തിയത്. ‘ഹേയ്, അങ്ങനെയങ്ങ് ഉണ്ണിത്താനെ ജയിപ്പിക്കാൻ വരട്ടെ.. കല്യാശ്ശേരിയിലെയും പയ്യന്നൂരിലെയും സിപിഎം പാർട്ടി വോട്ടുകൾ മുഴുവൻ ഇത്തവണ പെട്ടിയിൽ വീണാൽ ഉണ്ണിത്താൻ അൽപം വിഷമിക്കും...ബാലകൃഷ്ണൻ മാഷ് കടന്നുകയറും...’ മരാമത്ത് കരാറുകാരൻ കൂടിയായ മധു പൊന്നന്റെ കൗണ്ടർ ഉടൻ വന്നു. 

മഞ്ഞംപൊതിക്കുന്നിന്റെ താഴ്‌വാരത്തന പ്രഭാത സവാരി സംഘാംഗങ്ങളാണിവർ. നനുത്ത കാറ്റുകൊണ്ടുള്ള ഈ നടത്തക്കാരിപ്പോൾ തിരഞ്ഞെടുപ്പ് ചൂടിൽ പരസ്പരം കൊമ്പുകോർത്ത് വിയർക്കുകയാണ്. വിഷുപ്പിറ്റേന്ന് മഞ്ഞംപൊതിക്കുന്ന് റസിഡന്റ്സ് അസോസിയേഷനിലെ പ്രഭാത നടത്തക്കാരായ അഞ്ചംഗ സംഘത്തിനൊപ്പം ‘മനോരമ’യും ചേർന്നു.

വനിതാ സ്ഥാനാർഥിയായതിനാൽ ഇത്തവണ സ്ത്രീ വോട്ടർമാർക്ക് എൻഡിഎ സ്ഥാനാർഥി എ.എൽ.അശ്വിനിയോട് പ്രത്യേക മമതയുണ്ടെന്നാണ് പെരിയയിലെ ബ്യൂട്ടി പാർലർ ഫാൻസി ഷോപ്പുടമയായ കല്യാൺറോഡ് ‘പത്മവ്യൂഹ’ത്തിലെ ടി.മുരളീധരന്റെ നിരീക്ഷണം. ചാനലുകളിലെ സർവേ റിപ്പോർട്ട് വിശ്വസിക്കേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. മുരളീധരന്റെ അഭിപ്രായത്തെ റിട്ട. തഹസിൽദാർ കൂടിയായ എൻ.മണിരാജും ശരിവച്ചു. ‘സർവേ ഫലങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. ആർക്കാണു വോട്ടു ചെയ്യേണ്ടതെന്ന് ആളുകൾ ഇപ്പോഴേ തീരുമാനമെടുത്തിട്ടുണ്ടാകും.

അതിനു മാറ്റം വരുത്താൻ സർവേ ഫലങ്ങൾക്കു കഴിയുമെന്ന് തോന്നുന്നില്ല.’– മണിരാജ് പറഞ്ഞു. സർക്കാരിന്റെ കയ്യിൽ മാത്രമല്ല, ജനങ്ങളുടെ കയ്യിലും പണമില്ലാത്ത അവസ്ഥയാണെന്ന് സാമൂഹിക പ്രവർത്തകനും ബിസിനസുകാരനുമായ എൻ.സുരേഷ് പറഞ്ഞു. ബിസിനസ് തകർച്ചയിലേക്ക് നീങ്ങുമെന്നുറപ്പായതോടെ തന്റെ ഒരു സ്ഥാപനം വാടകയ്ക്ക് കൊടുക്കേണ്ടി വന്നുവെന്നും സുരേഷ് പറഞ്ഞു. 

വികസന കാര്യങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജില്ലയോടു കാണിക്കുന്ന അവഗണന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാമെന്നാണ് മധു പൊന്നന്റെ വിലയിരുത്തൽ. ജില്ലയിലെ ഭൂരിഭാഗം സർക്കാർ ഓഫിസുകളിലും ഇപ്പോൾ നാഥനില്ലാത്ത സ്ഥിതിയാണെന്നും ഇതിന് അടിവരയിട്ടുകൊണ്ട് മധു പറഞ്ഞു. കരാറുകാരുടെ മാർച്ച് 20 വരെയുള്ള 5 ലക്ഷത്തിൽ താഴെയുള്ള ബില്ലുകൾ മാത്രമാണ് പാസാക്കിയത്.

ഈ സങ്കടം ഞങ്ങൾ ആരോടാണ് പറയേണ്ടത്.? സർക്കാരിന്റെ ധൂർത്തും ഡിവൈഎഫ്ഐയുടെ ബോംബ് രാഷ്ട്രീയവും ഇത്തവണ എൽഡിഎഫിനു തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് മുരളീധരൻ പറഞ്ഞു. പെൻഷൻ കുടിശികയായത് പെൻഷൻകാരുടെ എതിർപ്പിനു കാരണമായേക്കാമെന്നു എൻ.മണിരാജും പറഞ്ഞു. 

‘കാസർകോട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് ജനങ്ങൾക്ക് താലൂക്ക് ആശുപത്രിയുടെ സേവനം പോലും ലഭിക്കുന്നില്ല. ഇതൊക്കെ ജനങ്ങൾ വിലയിരുത്തുന്നുണ്ട്...’ മധു പൊന്നന്റെ വാക്കുകൾ. ചർച്ച നീണ്ടപ്പോൾ നടത്തവും തിരിച്ചു നടത്തവുമായി സുരേഷിന്റെ വീടെത്തിയത് അറിഞ്ഞതേയില്ല. ചൂടേറിയ ചർച്ചയ്ക്കൊടുവിൽ എല്ലാവർക്കും സുരേഷിന്റെ വക ചൂടോടു കൂടിയ ചായയ്ക്ക് ക്ഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com