ADVERTISEMENT

കാഞ്ഞങ്ങാട്∙ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നിനും വാഹന സൗകര്യത്തിനും പിന്നാലെ സൗജന്യ ചികിത്സയും ലഭിക്കാത്ത ദുരവസ്ഥ. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരിൽ ഏറെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെ ആണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ലക്ഷങ്ങൾ കുടിശിക ആയതോടെ ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികൾ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ തുടങ്ങിയത്.

ഇന്നലെ എൻഡോസൾഫാൻ ദുരിതബാധിതയായ മകളെയും കൂട്ടി മംഗളൂരുവിലെ ജ്യോതി സർക്കിളിൽ ഉള്ള കെഎംസി ആശുപത്രിയിൽ എത്തിയ രക്ഷിതാക്കളോട് ചികിത്സ നൽകാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പടന്ന പയ്യളത്തിലെ പി.ശശീന്ദ്രനും ഭാര്യ ശോഭന തൈവളപ്പുമാണ് ദുരിതബാധിതയായ മകൾ ടി.വി.അശ്വതിയെയും (25) കൂട്ടി ചികിത്സയ്ക്കായി മംഗളൂരുവിൽ എത്തിയത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് ചികിത്സ നിർത്തിയ കാര്യം ആശുപത്രി അധികൃതർ അറിയിക്കുന്നത്.

മാസത്തിലൊരിക്കൽ മകളെ ആശുപത്രിയിൽ കാണിക്കാറുണ്ട്. കരൾ രോഗവും തൈറോയ്ഡ് പ്രശ്നവും മകൾക്കുണ്ട്. കാഴ്ചയും കേൾവിയും കുറവാണ്. തുടരെ മറ്റ് അസുഖങ്ങളും വരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചികിത്സ തേടി ഇവിടെയെത്തിയത്. അതിന് ശേഷം ഇന്നലെ വന്നപ്പോഴാണ് സൗജന്യ ചികിത്സ നൽകാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ഇതോടെ ഇവിടെ നിന്നു അത്താവർ കെഎംസി ആശുപത്രിയിൽ പോയി.

സർട്ടിഫിക്കറ്റിൽ ജ്യോതി സർക്കിൾ കെഎംസി ആയതിനാൽ ഇവിടെ നിന്നു ചികിത്സ നൽകാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞുവെന്നും ശശീന്ദ്രൻ പറയുന്നു. കയ്യിൽ പണമില്ലാത്തതിനാൽ ചികിത്സ തേടാൻ കഴിയാതെ മടങ്ങുകയായിരുന്നു. ശാരീരിക പ്രശ്നങ്ങൾ ഉള്ളതിനാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. സൗജന്യ ചികിത്സയും നിന്നതോടെ ഇനിയെന്ത് ചെയ്യുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com