ADVERTISEMENT

കാസർകോട് ∙ അണങ്കൂർ പ്രധാന ദേശീയപാതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റു.നീലേശ്വരം രേഷ്മ, പവിത്ര, കല്യോട്ട് ഷീജ, ചെറുവത്തൂർ കമലാക്ഷൻ, പെരിയയിലെ ഗോകുൽരാജ്, സറീന, മേഘ, കൃഷ്ണൻ, പ്രഭാകരൻ , പ്രീതി എന്നിവർക്കാണ് പരുക്ക്. ഇവരെ നാട്ടുകാരും മറ്റും സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 

കണ്ണൂരിൽ നിന്നു കാസർകോട്ടേക്ക് വരികയായിരുന്ന കൃതിക ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9.45ന് പ്രധാന റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് കടക്കുന്നതിനു മുൻപായിരുന്നു അപകടം. മറ്റൊരു ബസിനെ മറി കടക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട ബസ് വലതു വശം ഡിവൈഡറിൽ ഇടിച്ചു മുൻ വശം ഡിവൈഡറിലുള്ള കമ്പിയിൽ തുളച്ചു കയറി ഇടതു ഭാഗത്തേക്കു മറിയുകയായിരുന്നു.

ചില്ല് പാടെ തകർന്നു. ഇടിയുടെ ആഘാതത്തിൽ  ബസിൽ നിന്ന് ഒരു സ്ത്രീ പുറത്തേക്ക് തെറിച്ചു വീണു. ഡ്രൈവറും കണ്ടക്ടറും അപകടം ഉണ്ടായ ഉടൻ ഓടിപ്പോയി. തെറിച്ചു വീണ സ്ത്രീ ഉൾപ്പെടെയുള്ള യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പലർക്കും തലയ്ക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. 

∙വേഗം കൂടിയോ?
സിവിൽ സ്റ്റേഷനിലെ ജീവനക്കാർ ഉൾപ്പെടെ ഭൂരിഭാഗം യാത്രക്കാരും വിദ്യാനഗർ ബിസി റോഡ് സ്റ്റോപ്പിൽ ഇറങ്ങിയതിനാൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ പന്ത്രണ്ടോളം പേർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. ഇടുങ്ങിയ സർവീസ് റോഡ് വഴി വന്ന് വീതി കൂടിയ പ്രധാന പാതയിൽ എത്തിയപ്പോൾ ബസിന്റെ വേഗം കൂട്ടിയതാണ് നിയന്ത്രണം വിട്ട് ബസ് മറിയാൻ ഇടയായതെന്ന് പറയുന്നു. ബസ്സിന്റെ പിൻ ഭാഗം ടയർ നാലും തീർത്തും ഉപയോഗ ശൂന്യമായതായിരുന്നുവെന്ന് സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനു എത്തിയ അഗ്നിരക്ഷാ സേനാ വിഭാഗം അധികൃതർ പറ‍ഞ്ഞു.

∙ ഒരു മണിക്കൂറോളം ഗതാഗത തടസ്സം 
അപകടം ഉണ്ടായതിനെത്തുടർന്ന് വിദ്യാനഗറിനും അണങ്കൂറിനും ഇടയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാത നിർമാണ കമ്പനിയുടെ ക്രെയിൻ ഉപയോഗിച്ച് റോഡ് തടസ്സം ഒഴിവാക്കിയും സർവീസ് റോഡ് വഴിയും ഗതാഗതം തിരിച്ചു വിട്ടാണ് തടസ്സം ഒഴിവാക്കിയത്.  പൊലീസ്, മോട്ടർ വാഹന വകുപ്പ്, അഗ്നിശമന സേനാ വിഭാഗം കാസർകോട് സ്റ്റേഷൻ ഓഫിസർ ടി.സന്തോഷ് കുമാർ നേതൃത്വത്തിലുള്ള ഫയർ യൂണിറ്റ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ എന്നിവർ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനത്തിനും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും 
നേതൃത്വം നൽകി.

സർവീസ് റോഡുകൾ ഇങ്ങനെ മതിയോ?
ഒരു ബസ്സിന് കടന്നു പോകാൻ മാത്രം വീതിയുള്ള സർവീസ് റോഡിൽ മുന്നിലുള്ള ബസ് യാത്രക്കാരെ കയറ്റാനും ഇറക്കാനും അവിടവിടെ നിർത്തുമ്പോൾ മറ്റ് വാഹനങ്ങൾക്ക് മുന്നോട്ടു നീങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ട്. ബസ്സുകളുടെ ടൈം ഷെഡ്യൂൾ ഇത് കാരണം വൈകുന്നുവെന്ന പരാതിയും ബസുടമകൾ ഉന്നയിക്കുന്നു. ഇത് പരിഹരിക്കാൻ മറ്റു വാഹനങ്ങളെ മറി കടക്കുന്നതും വീതി കൂടിയ റോഡിൽ എത്തിയാൽ മരണപ്പാച്ചിൽ നടത്തുന്നതും പതിവായിട്ടുണ്ട്. ഇത് അപകടങ്ങൾക്കിടയാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com