ADVERTISEMENT

കാസർകോട് ∙ പോളിങ് ബൂത്തുകൾ സജ്ജം. വോട്ടർമാർക്ക് സ്വതന്ത്രമായും തടസ്സരഹിതമായും വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ മോക് പോൾ രാവിലെ 5.30ന് ആരംഭിക്കും. കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ 14,52,230 വോട്ടർമാരാണുള്ളത്. ഇതിൽ 7.50,741 വോട്ടർമാർ സ്ത്രീകളും 14 ട്രാൻസ്ജെൻഡറും ബാക്കി പുരുഷ വോട്ടർമാരുമാണ്.  32,827 കന്നിവോട്ടർമാരാണുള്ളത്.  കാസർകോട് ജില്ലയിൽ 983ഉം, കണ്ണൂർ ജില്ലയിലെ കല്യാശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ 351 ഉം ഉൾപ്പെടെ ആകെ 1334 ബൂത്തുകളാണുള്ളത്.എല്ലാ പോളിങ് സ്റ്റേഷനുകളിലും സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി ജില്ലാ വരണാധികാരിയായ കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. 

കാഞ്ഞങ്ങാട് മണ്ഡലത്തിലേക്കുളള പോളിങ് സാമഗ്രികൾ ദുർഗ എച്ച്എസ്എസ്സിലെ വിതരണ കേന്ദ്രത്തിൽ നിന്നു കൈപ്പറ്റുന്ന ഉദ്യോഗസ്ഥർ. ചിത്രം: മനോരമ
കാഞ്ഞങ്ങാട് മണ്ഡലത്തിലേക്കുളള പോളിങ് സാമഗ്രികൾ ദുർഗ എച്ച്എസ്എസ്സിലെ വിതരണ കേന്ദ്രത്തിൽ നിന്നു കൈപ്പറ്റുന്ന ഉദ്യോഗസ്ഥർ. ചിത്രം: മനോരമ

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ബൂത്തുകളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ക്യൂ സംവിധാനം ഉണ്ടായിരിക്കും. ട്രാൻസ് ജെൻഡർ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ എന്നിവർ മറ്റൊരു ക്യൂവിലും നിന്ന് വോട്ട് രേഖപ്പെടുത്തും. കലക്ടറേറ്റിൽ സജീകരിക്കുന്ന കൺട്രോൾ റൂമിൽ മുഴുവൻ സമയവും പോളിങ് സ്റ്റേഷനുകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കും. എഡിഎം കെ.വി.ശ്രുതിക്കാണ് കൺട്രോൾ റൂമിന്റെ ചുമതല.പോളിങ് കഴിഞ്ഞ ശേഷം പ്രിസൈഡിങ് ഓഫിസർമാർ വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങളും വിവിപാറ്റും സ്വീകരണ വിതരണ കേന്ദ്രങ്ങളിലെത്തിക്കും. തുടർന്ന് ഇവിടെ നിന്ന് യന്ത്രങ്ങളും വിവി പാറ്റുകളും കേന്ദ്ര സർവകലാശാലയിലെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും.

വോട്ടിങ് സാമഗ്രികളുടെ വിതരണം വൈകി
∙ വോട്ടിങ് യന്ത്രങ്ങളുടെയും വിവി പാറ്റുകളുടേയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ഇന്നലെ തുടങ്ങിയത് ഏറെ വൈകി. കാസർകോട് നിയോജക മണ്ഡലത്തിലെ പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണമാണ് 2 മണിക്കൂർ വൈകിയത്. കാസർകോട് ഗവ.കോളജിലായിരുന്ന നിയോജക മണ്ഡലത്തിലെ 190 പോളിങ് ബൂത്തുകളിലേക്കുമുള്ള സാമഗ്രികൾ വിതരണം ചെയ്തത്. രാവിലെ എട്ടോടെ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 10നു ശേഷമാണ് വിതരണം തുടങ്ങിയത്. കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ പോളിങ് സാമഗ്രികളുടെ വിതരണവുമായി  ബന്ധപ്പെട്ട് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 6ന്  പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം എത്തിയെങ്കിലും പോളിങ് സാമഗ്രികളും നൽകിയപ്പോഴേക്കും സമയം 12 മണിയോട് അടുത്തു. 

ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം
∙ ജില്ലയിലെ മുഴുവൻ സെന്ററുകളിലും വീൽ ചെയറുകൾ സജ്ജീകരിക്കുകയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സഹായിക്കുന്നതിന് വിദ്യാർഥി വൊളന്റിയർമാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com