ADVERTISEMENT

കാസർകോട്∙ജില്ലയിൽ ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലുള്ള സംഘർഷം. ചെർക്കള ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് എൽഡിഎഫ് പ്രവർത്തകർ രംഗത്തെത്തിയതോടെ സംഘർഷാവസ്ഥയുണ്ടായി. ചെർക്കള ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 112 ബൂത്തിലെ എൽഡിഎഫ് ഏജന്റ് ബാലൻ ചെർക്കളത്തിനു മർദനമേറ്റതായി എൽഡിഎഫ് നേതാക്കൾ പറ‍ഞ്ഞു. കള്ളവോട്ട് ചെയ്യാനെത്തിയാളെ ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് മർദിച്ചതെന്നാണ് എൽഡിഎഫ് ആരോപണം. 

യുഡിഎഫ് ബൂത്ത് ഏജന്റിനെ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഭീഷണിപ്പെടുത്തിയതായും ഇതാണ് വാക്കുതർക്കത്തിനിടയാക്കിയതെന്നും കള്ളവോട്ട് നടന്നിച്ചില്ലെന്നും യുഡിഎഫ് പറയുന്നു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎയും യുഡിഎഫ് നേതാക്കളും പരസ്പരം വാഗ്വാദം നടത്തി. പിന്നിട് സ്ഥലത്തെത്തിയ എൻ.എ.നെല്ലിക്കുന്ന് എംഎൽഎയാണ് സി.എച്ച്.കുഞ്ഞമ്പു എംഎൽഎയയും നേതാക്കളെയും അനുനയിച്ച് മാറ്റിയത്. ബഹളം ചിത്രീകരിക്കുന്നതിനിടെ കൈരളി, മാതൃഭൂമി എന്നിവയുടെ മാധ്യമ പ്രവർത്തകരെ സംഘം അക്രമിച്ചതായും പരാതിയുണ്ട്. എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി കൺവീനർ കെ.പി.സതീഷ്ചന്ദ്രൻ കലക്ടർക്കു പരാതി നൽകി.

ചെർക്കള ഗവ.ഹയർസെക്കൻഡറി സ്കൂൾ, ചെങ്കള എഎൽപി സ്കൂൾ എന്നിവിടങ്ങളിൽ മുസ്‍ലിംലീഗ് പ്രവർത്തകർ വ്യാപകമായി കള്ളവോട്ടു ചെയ്തതായും ഉദ്യോഗസ്ഥരും എൽഡിഎഫ് ഏജന്റുമാരും എതിർത്തെങ്കിലും ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യുകയായിരുന്നുവെന്നു പരാതിപ്പെട്ടു. അതേ സമയം പയ്യന്നൂരിലും കല്യാശേരിയിലും കള്ളവോട്ട് നടത്തുന്ന സിപിഎം അതേപോലെ മു‌സ്‌ലിം ലീഗും അവരുടെ ശക്തി കേന്ദ്രങ്ങളിൽ കള്ളവോട്ട് ചെയ്യുമെന്ന് ധരിച്ചാണ് ചെർക്കളയിൽ ബഹളമുണ്ടാക്കിയതെന്ന് എൻ.എ.നെല്ലിക്കുന്ന് പറ‍ഞ്ഞു. യുഡിഎഫ് ബൂത്ത് ഏജന്റിനെ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഭീഷണിപ്പെടുത്തിയതായും ആരെയും യുഡിഎഫ് കയ്യേറ്റം ചെയ്തിട്ടില്ലെന്നും മുസ്‍‌ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള പ‍റ‍ഞ്ഞു.

∙ചെറുവത്തൂർ എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ കൊവ്വൽ എയുപി സ്കൂളിലെ 102 നമ്പർ ബൂത്ത് ഏജന്റിന് സിപിഎം പ്രവർത്തകരുടെ ഭീഷണിയെന്നു പരാതിപ്പെട്ടു. എൻഡിഎ ഏജന്റ് വി. ഉണ്ണിക്കൃഷ്ണനോട് ഉച്ച കഴിഞ്ഞ് 3നു ശേഷം ബൂത്തിലിരിക്കരുതെന്നായിരുന്നു ഭീഷണി. ഇതു സംബന്ധിച്ച് ബിജെപി നേതൃത്വം പരാതി നൽകി.

∙ചെറുവത്തൂർ പിലിക്കോട് പുത്തിലോട്ട് എയുപി സ്കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റ് കെ.കുഞ്ഞിക്കൃഷ്ണനു മർദനമേറ്റ സംഭവത്തിൽ മൊഴി നൽകാൻ ഇന്ന് ചീമേനി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ് പരാതിപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com