ADVERTISEMENT

കൊല്ലം ∙ വോട്ട് ചെയ്തു എന്നതിന്റെ അടയാളമാണ് കൈ വിരലിലെ മായ്ച്ചാൽ പോകാത്ത മഷി. പോളിങ് ഉദ്യോഗസ്ഥരുടെ മുന്നിൽ, കമഴ്ത്തി വച്ച കൈവിരലിൽ മഷി പുരട്ടുന്നതിന് കൃത്യമായ നിർദേശമുണ്ട്.  വോട്ടറുടെ ഇടതു ചൂണ്ടു വിരലിൽ നഖം മുതൽ ആദ്യ മടക്ക് വരെയാണ് മഷി പുരട്ടുന്നത്. 

ഇടതുകയ്യിൽ ചൂണ്ടു വിരൽ ഇല്ലെങ്കിൽ നടുവിരലിലും ആ വിരൽ ഇല്ലെങ്കിൽ മോതിര വിരലിലും  മോതിര വിരൽ ഇല്ലെങ്കിലും ചെറുവിരലിലും മഷി പുരട്ടും. ചെറുവിരൽ ഇല്ലെങ്കി‍ൽ ഇടതു കയ്യിലെ തള്ളവിരലിലാണ് മഷി പുരട്ടുക, ഇടതുകയ്യിൽ വിരൽ ഇല്ലെങ്കിൽ വലതു കയ്യിലെ ചൂണ്ടുവിരലിൽ മഷി മഷി പുരട്ടും. രണ്ടു കയ്യിലും ഒരു വിരലും ഇല്ലെങ്കിൽ ഇടതു കയ്യിന്റെയോ വലതു കയ്യിന്റെയോ കീഴറ്റത്ത് മഷി പുരട്ടും. 

ടെൻഡേഡ് വോട്ട്
വോട്ട് മറ്റൊരാൾ വ്യാജമായി നേരത്തെ രേഖപ്പെടുത്തിയെങ്കിൽ യഥാർഥ വോട്ടർക്ക് ടെൻഡേഡ് ബാലറ്റിലൂടെ വോട്ട് ചെയ്യാം. ബാലറ്റ് പേപ്പറും ‘ആരോ ക്രോസ് മാർക്കും’ നൽകി, വോട്ടറോട് വോട്ട് ചെയ്തു മടക്കി നൽകാൻ നിർദേശിക്കും. ഈ വോട്ട് പ്രത്യേക കവറിലാക്കി സീൽ ചെയ്തു വരണാധികാരിക്ക് കൈമാറും. 

ചാലഞ്ച് വോട്ട്
ഒരു വോട്ടറെക്കുറിച്ച് പോളിങ് ഏജന്റിന് സംശയം ഉയർന്നാൽ അതു സംബന്ധിച്ച ആക്ഷേപം ഉന്നയിക്കാം. ചാലഞ്ച് ചെയ്യുന്നതിന് പോളിങ് ഏജന്റ് 2 രൂപ ഫീസ് അടയ്ക്കണം. ആൾമാറാട്ടം നടത്തിയാലുള്ള ശിക്ഷയെക്കുറിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വോട്ടറെ ബോധ്യപ്പെടുത്തും. രേഖകൾ പരിശോധിച്ചു യഥാർഥ വോട്ടർ ആണെന്നു ബോധ്യപ്പെട്ടാൽ വോട്ട് ചെയ്യിക്കും. കള്ളവോട്ടാണെന്ന് കണ്ടാൽ വോട്ട് ചെയ്യാൻ എത്തിയ ആളെ പൊലീസിന് കൈമാറും. 

ബ്രെയ്‌ലി ബാലറ്റ് 
അന്ധനായ വോട്ടർ സ്വയം വോട്ട് ചെയ്യാൻ തയാറായാൽ ബ്രെയ്‌ലി ലിപി പ്രിന്റ് ചെയ്ത ബാലറ്റ് നൽകും. അതു പരിശോധിച്ച് വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥിയുടെ സ്ഥാനം കണ്ടെത്തി വോട്ട് ചെയ്യാം. സമ്മതിദായകൻ വോട്ട് ചെയ്യുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വോട്ടിങ് കംപാർട്ട്മെന്റിൽ എത്തിയശേഷം താൻ വോട്ട് ചെയ്യുന്നില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സാഹചര്യത്തിൽ പ്രിസൈഡിങ് ഓഫിസർ അത് അനുവദിക്കും.17 എയുടെ റിമാർക്ക്സ് കോളത്തിൽ ‘റഫ്യൂസ്ഡ് വോട്ട്’ എന്നു രേഖപ്പെടുത്തി  വോട്ടറെക്കൊണ്ട് ഒപ്പു വയ്പിക്കും.

ഒപ്പ് രേഖപ്പെടുത്താൻ വോട്ടർ വിസമ്മതിച്ചാൽ പ്രിസൈഡിങ് ഓഫിസർ റിമാർക്ക് കോളത്തിൽ ഒപ്പ് രേഖപ്പെടുത്തും. വോട്ടിങ് ക്രമം തെറ്റിച്ച് വോട്ട്  ചെയ്യാൻ ശ്രമിക്കുകയോ താൻ വോട്ട് ചെയ്യുന്നത് ആർക്കാണെന്ന് പോളിങ് ബൂത്തിൽ വച്ച് പറയുകയോ ചെയ്യുന്ന സാഹചര്യത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കില്ല. താൻ വോട്ട് ചെയ്ത ആൾക്കല്ല വിവിപാറ്റ് പ്രിന്റ് ചെയ്തതെന്ന പരാതി തെറ്റാണെന്നു തെളിഞ്ഞാൽ അനന്തര നടപടികൾ നേരിടേണ്ടി വരുമെന്നു വോട്ടറെ ബോധ്യപ്പെടുത്തും.

അതിനു ശേഷവും പരാതിയിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഫോം ഒപ്പിട്ടു വാങ്ങിയ ശേഷം പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ ഒരു വോട്ട് കൂടി ചെയ്യാൻ അവസരം നൽകും. ‘ടെസ്റ്റ് വോട്ട്’ എന്നാണ് ഇതിനു പറയുന്നത്. ഈ വോട്ട് എണ്ണുകയില്ല, ഈ വോട്ടിന് രഹസ്യ സ്വഭാവമില്ല. വോട്ടറുടെ വാദം തെറ്റാണെന്നു തെളിഞ്ഞാൽ നിയമ നടപടി സ്വീകരിക്കും. വോട്ടറുടെ വാദം ശരിയാണെന്ന് തെളിഞ്ഞാൽ വരണാധികാരിയെ അറിയിക്കും.

പരിശോധനകൾ ഉൗർജിതം: ജില്ലാ കലക്ടർ
കൊല്ലം∙ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വിവിധ വകുപ്പുകൾ നടത്തുന്ന പരിശോധനകൾ ഊർജിതമായി പുരോഗമിക്കുന്നതായി ജില്ലാ കലക്ടർ എൻ.ദേവിദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ അരവിന്ദ്പാൽ സിങ് സന്ധുവിന്റെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിലാണു വിലയിരുത്തൽ. 

ജില്ലയിലെ 3 ഫോറസ്റ്റ് ഡിവിഷനുകളായ അച്ചൻകോവിൽ, ആര്യങ്കാവ്, പുനലൂർ  റേഞ്ച് ഓഫിസുകളുടെ പരിധിയിലും കർശന പരിശോധനകൾ ചെക്പോസ്റ്റ് കേന്ദ്രീകരിച്ചു നടത്തുന്നുണ്ട്. എക്സൈസ്-പൊലീസ്-മോട്ടർ വെഹിക്കിൾ വകുപ്പുകളുടെ പരിശോധനകളും വ്യാപകമാക്കി. 

വൈദ്യസഹായത്തിന് സ്വകാര്യ ആശുപത്രികളും
കൊല്ലം∙ വോട്ടെടുപ്പു ദിവസം അടിയന്തര വൈദ്യ സഹായത്തിന് സ്വകാര്യ ആശുപത്രികളുടെ സേവനവും ഉറപ്പാക്കി. കലക്ടർ എൻ.ദേവിദാസിന്റെ ചേംബറിൽ ചേർന്ന സ്വകാര്യ ആശുപത്രി പ്രതിനിധികളുമായുള്ള യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. 85 വയസ്സ് കഴിഞ്ഞ വോട്ടർമാർക്കും ഭിന്നശേഷി വോട്ടർമാർക്കും ആവശ്യമായ സൗകര്യങ്ങൾ പോളിങ് സ്റ്റേഷനുകളിൽ എആർഒമാരുടെ മേൽനോട്ടത്തിൽ ഏർപ്പെടുത്തും. വോട്ടിങ് ദിവസം പോളിങ് സ്റ്റേഷനുകളിലും പോളിങ് സാമഗ്രികൾ തിരിച്ചേൽപിക്കുന്ന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്കായും വൈദ്യ സഹായം ലഭ്യമാക്കും.

താലൂക്ക്-ജില്ലാ ആശുപത്രികളുടെ സൗകര്യങ്ങളാണ് വിനിയോഗിക്കുക. കൂടുതൽ വീൽ ചെയറുകൾ സ്വകാര്യ ആശുപത്രികളിൽ നിന്ന് ശേഖരിച്ചും ഉപയോഗിക്കും. എല്ലാ പോളിങ് കേന്ദ്രങ്ങളിലും ഹയർ സെക്കൻഡറിതല എൻസിസി, എൻഎസ്എസ് വൊളന്റിയർമാരെ  വിന്യസിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആംബുലൻസ് ഉൾപ്പെടെ സൗകര്യങ്ങളുള്ള ക്വിക്ക് റെസ്‌പോൺസ് ടീമിനെയും നിയോഗിക്കുമെന്ന് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ക്വിസ് മത്സരം 19ന്
കൊല്ലം∙ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി 19ന് രാവിലെ 10.30 ന് കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രാഥമികഘട്ട ക്വിസ് മത്സരം സംഘടിപ്പിക്കും. മെഗാ ഫൈനൽ മത്സരം 23ന് നടത്തും. രണ്ടുപേരുളള ഒരു ടീമായി മത്സരത്തിൽ പങ്കെടുക്കാം. പ്രാഥമികഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 രൂപയും മെഗാ ഫെനലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് യഥാക്രമം 10,000, 8000, 6000 രൂപയും സമ്മാനമായി ലഭിക്കും. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇന്ത്യയിലെയും കേരളത്തിലെയും 1951 മുതൽ 2024 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം (ലോക്സഭ, നിയമസഭ) ഇന്ത്യൻ രാഷ്ട്രീയത്തിലെയും കേരള രാഷ്ട്രീയത്തിലെയും പ്രമുഖ സംഭവങ്ങൾ, കൗതുക വിവരങ്ങൾ, ആനുകാലിക തിരഞ്ഞെടുപ്പ് വാർത്തകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങൾ. 1888 മുതലുള്ള നാട്ടുരാജ്യങ്ങൾ, സ്വാതന്ത്ര്യസമരം, പ്രാദേശിക ഭരണകൂടം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com